ലണ്ടന്‍: യുഎഇയില്‍നിന്നു നേരിട്ടുള്ള യാത്രാ വിമാനങ്ങള്‍ക്ക് ബ്രിട്ടന്‍ വിലക്ക് ഏര്‍പ്പെടുത്തി. ലോകത്തെ ഏറ്റവും തിരക്കേറിയ ദുബായ്-ലണ്ടന്‍ രാജ്യാന്തര വിമാനറൂട്ടാണ് വെള്ളിയാഴ്ച മുതല്‍ ബ്രിട്ടന്‍ അടയ്ക്കുന്നത്. ഇത് മലയാളികളടക്കമുള്ള നിരവധി യാത്രക്കാരെ പ്രതികൂലമായി ബാധിക്കും. യുഎഇ, ബറുണ്ടി, റുവാണ്ട എന്നീ രാജ്യങ്ങളെയും യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണെന്നു ബ്രിട്ടന്‍ അറിയിച്ചു.
വെള്ളിയാഴ്ച മുതല്‍ എല്ലാ യുകെ യാത്രാവിമാനങ്ങളും റദ്ദാക്കുമെന്ന് എമിറേറ്റ്സും ഇത്തിഹാദ് എയര്‍വെയ്സും അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ വിമാനത്താവളങ്ങളില്‍ എത്തേണ്ടതില്ലെന്നും കമ്പനികളെ ബന്ധപ്പെടണമെന്നും അറിയിപ്പുണ്ട്. യുഎഇയില്‍ കഴിയുന്ന ബ്രിട്ടിഷ് പൗരന്മാരോട് നാട്ടിലെത്തണമെങ്കില്‍ നേരിട്ടല്ലാത്ത റൂട്ടുകള്‍ ഉപയോഗിക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചു.
ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ, നിലവിലുള്ള വാക്സിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള പുതിയ കൊറോണ വൈറസ് വകഭേദം പടരുമെന്നുള്ള ആശങ്കയാണ് യാത്രാ വിലക്കിനു പിന്നിലെന്നും ബ്രിട്ടന്‍ അറിയിച്ചു. പട്ടികയിലുള്ള രാജ്യങ്ങളില്‍നിന്നെത്തുന്നവര്‍ക്കു ബ്രിട്ടനിലേക്കു പ്രവേശനം അനുവദിക്കില്ല. ബ്രിട്ടീഷ്, ഐറിഷ് പൗരന്മാര്‍ക്കും ബ്രിട്ടനില്‍ സ്ഥിരതാമസ അവകാശമുള്ളവര്‍ക്കും ഇളവുണ്ടാകും.
എന്നാല്‍ ഇവര്‍ പത്തു ദിവസം വീട്ടില്‍ സ്വയം ഐസലേഷനില്‍ ഇരിക്കണമെന്നും യുകെ ഗതാഗത മന്ത്രി ഗ്രാന്റ് ഷാപ്പ്സ് പറഞ്ഞു. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാന റൂട്ടാണ് ദുബായ്-ലണ്ടന്‍. ലണ്ടനില്‍നിന്ന് ഓസ്ട്രേലിയ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്കു യാത്രക്കാരെ എമിറേറ്റ്സും ഇത്തിഹാദും എത്തിച്ചിരുന്നത് ഈ റൂട്ടിലൂടെയാണ്. ലണ്ടനില്‍നിന്നു കൂടുതല്‍ ചാര്‍ട്ടേഡ് വിമാനസര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.