തിരുവോസ്തിയെ ഉരുളക്കിഴങ്ങ് ചിപ്‌സായി ചിത്രീകരിച്ച് പരസ്യം; ഇറ്റാലിയന്‍ ചിപ്‌സ് കമ്പനിക്കെതിരേ വിശ്വാസികളുടെ വ്യാപക പ്രതിഷേധം

തിരുവോസ്തിയെ ഉരുളക്കിഴങ്ങ് ചിപ്‌സായി ചിത്രീകരിച്ച് പരസ്യം; ഇറ്റാലിയന്‍  ചിപ്‌സ് കമ്പനിക്കെതിരേ വിശ്വാസികളുടെ വ്യാപക പ്രതിഷേധം

റോം: വിശുദ്ധ കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന തിരുവോസ്തിയെ വികലമായി ചിത്രീകരിച്ച് പരസ്യം നിര്‍മിച്ച ഇറ്റാലിയന്‍ ചിപ്‌സ് കമ്പനിക്കെതിരേ ലോകവ്യാപക പ്രതിഷേധം. ഇറ്റലിയിലെ ഏറ്റവും വലിയ ഉരുക്കിഴങ്ങ് ചിപ്‌സ് ബ്രാന്‍ഡുകളിലൊന്നായ അമിക്ക ചിപ്‌സിന്റെ 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടിവി പരസ്യമാണ് വിവാദത്തിനു കാരണമായത്. വിശുദ്ധ കുര്‍ബാനയ്ക്കിടെ പുരോഹിതന്‍ വിശ്വാസികള്‍ക്ക് ഏറ്റവും പവിത്രതയോടെ നല്‍കപ്പെടുന്ന തിരുവോസ്തിക്കു പകരം ചിപ്‌സ് നല്‍കുന്നതാണ് പരസ്യത്തിന്റെ ഇതിവൃത്തം. കത്തോലിക്ക വിശ്വാസികളുടെ വലിയ പ്രതിഷേധത്തെത്തുടര്‍ന്ന് പരസ്യം കമ്പനി പിന്‍വലിക്കുകയും ചെയ്തു.

ക്രിസ്തീയ വിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുകയെന്ന ആസൂത്രിത ലക്ഷ്യത്തോടെ നിരന്തരം നിര്‍മിക്കപ്പെടുന്ന പരസ്യ ചിത്രങ്ങളുടെ പട്ടികയില്‍ ഏറ്റവും പുതിയതാണ് അമിക്ക ചിപ്‌സ് ബ്രാന്‍ഡിന്റെ പരസ്യം. പെട്ടെന്ന് ശ്രദ്ധിക്കപ്പെടാനും വില്‍പന മാത്രം ലക്ഷ്യമിട്ടുമാണ് കോര്‍പറേറ്റ് കമ്പനികളടക്കം ഇത്തരം പരസ്യങ്ങള്‍ പടച്ചുവിടുന്നത്. വൈദികനെയും കന്യസ്ത്രീകളെയും ഉള്‍പ്പെടുത്തിയാണ് അപകീര്‍ത്തികരമായ പരസ്യം ചിപ്‌സ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

ഒരു മഠത്തില്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ നടന്നുവരുന്ന ഒരു സംഘം കന്യാസ്ത്രീകളില്‍നിന്നാണ് പരസ്യം ആരംഭിക്കുന്നത്. പുരോഹിതനില്‍ നിന്ന് തിരുവോസ്തി സ്വീകരിക്കുന്ന കന്യാസ്ത്രീ അതു കഴിക്കുമ്പോഴുള്ള ശബ്ദം കേട്ട് ആശയക്കുഴപ്പത്തിലാകുന്നു. തുടര്‍ന്ന് ഒരു വശത്തേക്കു നോക്കുന്ന പുരോഹിതനും കന്യാസ്ത്രീകളും കാണുന്നത് മദര്‍ സുപ്പീരിയറായി വേഷമിട്ട സ്ത്രീ ആരും കാണാതെ ഉരുക്കിഴങ്ങ് ചിപ്‌സ് കഴിക്കുന്നതാണ്. കാസായില്‍ തിരുവോസ്തിക്കു പകരമായി നിറച്ചിരിക്കുന്നത് ചിപ്‌സാണ്. പ്രാര്‍ത്ഥനാ ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് പരസ്യം കാണിക്കുന്നത്.

ഹാസ്യമെന്ന ലേബലില്‍ ചിത്രീകരിച്ചിരിക്കുന്ന പരസ്യത്തില്‍ ഒളിഞ്ഞിരിക്കുന്ന മതനിന്ദയ്‌ക്കെതിരേ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. കത്തോലിക്കാ ടിവി കാഴ്ചക്കാരുടെ സംഘടനയായ ഇറ്റാലിയന്‍ അസോസിയേഷന്‍ ഓഫ് റേഡിയോ ആന്‍ഡ് ടെലിവിഷന്‍ ലിസണേഴ്‌സ് പരസ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നു. ചിപ്‌സിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി കമ്പനി മതനിന്ദയാണ് നടത്തിയതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ജിയോവാനി ബാജിയോ ആരോപിച്ചു.

'ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ദശലക്ഷക്കണക്കിന് കത്തോലിക്കരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് പരസ്യം. പവിത്രമായ തിരുവോസ്തിക്കു പകരമായി വാണിജ്യ ഉല്‍പന്നമായ ചിപ്‌സ് നല്‍കുന്നതു പോലുള്ള വില കുറഞ്ഞ പ്രചാരണ തന്ത്രങ്ങള്‍ കമ്പനിയുടെ കഴിവില്ലായ്മയെയാണ് കാണിക്കുന്നത്. ഇത്തരം ഭക്ഷണവുമായി യാതൊരു ബന്ധവുമില്ലാത്ത, ക്രൈസ്‌വരുടെ പവിത്രമായ ചിഹ്നങ്ങള്‍ അവലംബിക്കാതെ മാര്‍ക്കറ്റിംഗ് നടത്താന്‍ കമ്പനികള്‍ക്കു കഴിയാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

വിഷയത്തില്‍ പ്രതികരണത്തിനായി അന്താരാഷ്ട്ര മാധ്യമമായ 'ദി ഗാര്‍ഡിയന്‍' അമിക്ക കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരിച്ചില്ല.

കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ഈശോയെ അധിക്ഷേപിച്ച് പരസ്യം പുറത്തിറക്കിയ ഐസ്‌ക്രീം ബ്രാന്‍ഡായ ജെലാറ്റോ മെസിനയ്‌ക്കെതിരേ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പുതിയതായി കൊണ്ടുവന്ന കേക്കിന്റെ പരസ്യത്തില്‍ ഈശോയെ കളിയാക്കി 'ചീസസ് ദ സെക്കന്‍ഡ് കമിങ്' 'പ്രെയിസ് ചീസസ് ഔവര്‍ ഗ്രേറ്റ് ലോഡ്' എന്നാണ് പരസ്യ വാചകം നല്‍കിയത്. ഓണ്‍ലൈനില്‍ പ്രതിഷേധം ശക്തമായതോടെ കമ്പനിക്ക് ക്ഷമ ചോദിക്കേണ്ടി വന്നു.

കൂടുതല്‍ വായനയ്ക്ക്:

ഈസ്റ്റർ ദിനത്തിൽ ഈശോയെ അധിക്ഷേപിച്ച് പ്രമുഖ ഐസ്ക്രീം കമ്പനി ജെലാറ്റോ മെസിന; സോഷ്യൽ മീഡിയയിൽ എതിർപ്പുമായി ക്രിസ്ത്യൻ ലൈഫ് മാറ്റർ, നിരുപാധികം മാപ്പുപറച്ചിൽ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.