അടിച്ചമര്‍ത്തലുകള്‍ക്കിടയിലും ചൈനയിൽ ക്രൈസ്തവ വിശ്വാസം തഴച്ചുവളരുന്നു; കഴിഞ്ഞ ആഴ്ച മാത്രം 470 പേർ മാമോദീസ സ്വീകരിച്ചു

അടിച്ചമര്‍ത്തലുകള്‍ക്കിടയിലും ചൈനയിൽ ക്രൈസ്തവ വിശ്വാസം തഴച്ചുവളരുന്നു; കഴിഞ്ഞ ആഴ്ച മാത്രം 470 പേർ മാമോദീസ സ്വീകരിച്ചു

ബീജിങ് : കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കിടയിലും ചൈനയില്‍ ക്രൈസ്തവ വിശ്വാസം തഴച്ചുവളരുന്നെന്ന റിപ്പോർട്ടുകൾ പുറത്ത്. ദൈവാരാധനകള്‍ക്കും പൊതുവായ ചടങ്ങുകള്‍ക്കും നിരോധനമുള്ളപ്പോഴും ഈസ്റ്റര്‍ വിജിലിലും തുടര്‍ന്നുള്ള ദിനങ്ങളിലുമായി ഒരു പുതിയ ദൈവാലയത്തിന്റെ കൂദാശയും 470 മാമോദീസകളും നടന്നു.

ബീജിങ് കത്തീഡ്രലില്‍ 142 പേരാണ് മാമോദീസ സ്വീകരിച്ചത്. ജെസ്യൂട്ട് വൈദികനായ മാറ്റിയോ റിക്കി സ്ഥാപിച്ച ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ഇടവകയില്‍ നൂറോളം പേര്‍ക്ക് ക്രിസ്തീയ ജീവിതത്തിന്റെ ആദ്യ കൂദാശ ലഭിച്ചപ്പോള്‍, ഔവര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ ഇടവകയില്‍ 25 പേര്‍ മാമോദീസ സ്വീകരിച്ച് സഭയില്‍ അംഗങ്ങളായി.

ഷാങ്ഹായില്‍ പുതുതായി സ്‌നാനമേറ്റ 470 പേരില്‍ 349 പേര്‍ക്കും മാമോദിസ, സ്ഥൈര്യലേപനം, വിശുദ്ധ കുര്‍ബാന എന്നീ മൂന്ന് കൂദാശകളും ലഭിച്ചു. ഈസ്റ്ററിന്റെ ആദ്യവാരമായ ഏപ്രില്‍ നാലിന്, വെന്‍ലിംഗില്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ നാമധേയത്തില്‍ നിര്‍മിച്ച പുതിയ ദൈവാലയത്തിന്റെ കൂദാശകര്‍മം നിങ്‌ബോ ബിഷപ്പ് ജിന്‍ യാങ്കെയും മുഖ്യ കാര്‍മികത്വത്തില്‍ നടന്നു. രൂപതയിലെ മുഴുവന്‍ വൈദികരും പങ്കെടുത്ത ആഘോഷമായ ദിവ്യബലിയില്‍ മുപ്പതോളം യുവജനങ്ങളും മുതിര്‍ന്നവരും സ്ഥൈര്യലേപനം സ്വീകരിച്ചതും ശ്രദ്ധേയമായി.

എട്ട് ദശലക്ഷം യുവാന്‍ ചിലവിട്ട് നിര്‍മിച്ച ഈ ദൈവാലയം രൂപകല്പന ചെയ്തത് ഒരു വൈദികനാണ്. ചൈനയില്‍ വളര്‍ന്നുവരുന്ന ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും പുതിയ പ്രതിഫലനമാണ് ഈസ്റ്റര്‍ ദിനങ്ങളില്‍ നടന്ന സവിശേഷമായ ഈ സംഭവങ്ങളെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.