കര്‍ഷക ക്ഷേമം മുഖ്യലക്ഷ്യം, ന്യായവില ഉറപ്പാക്കും: രാഷ്ട്രപതി; പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രസംഗം ബഹിഷ്‌കരിച്ചു

കര്‍ഷക ക്ഷേമം മുഖ്യലക്ഷ്യം, ന്യായവില ഉറപ്പാക്കും:  രാഷ്ട്രപതി;  പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രസംഗം ബഹിഷ്‌കരിച്ചു

ന്യൂഡല്‍ഹി: ചെറുകിട കര്‍ഷകരുടെ ക്ഷേമത്തില്‍ ശ്രദ്ധിക്കുകയാണ് ഇപ്പോള്‍ വേണ്ടതെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ്. കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്തലാണ് ആത്മ നിര്‍ഭരതയുടെ ലക്ഷ്യം. കാര്‍ഷിക മേഖലയുടെ ആധുനികവല്‍ക്കരണം ത്വരിതപ്പെടുത്തി വിളകള്‍ക്കു ന്യായവില ഉറപ്പാക്കും. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ച് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കോവിഡും പ്രളയവും മൂലമുള്ള സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെ നിരവധി വെല്ലുവിളികളാണു രാജ്യം നേരിട്ടത്. കോവിഡ് മുക്തരുടെ എണ്ണം കൂടി, രോഗികളുടെ എണ്ണം കുറഞ്ഞു. ലക്ഷക്കണക്കിനു പൗരന്മാരുടെ ജീവിതം രക്ഷിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച സമയോചിതമായ നടപടികളില്‍ തൃപ്തനാണ്. ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതിയാണ് രാജ്യത്തു നടക്കുന്നത്. രണ്ടു വാക്‌സിനുകളും ഇന്ത്യയാണ് നിര്‍മിച്ചതെന്നും രാഷ്ട്രപതി പറഞ്ഞു.

കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രസംഗം ബഹിഷ്‌കരിച്ചു. ഈ വര്‍ഷത്തെ സാമ്പത്തിക സര്‍വേ സഭകളില്‍ വയ്ക്കും. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. ഉപരാഷ്ട്രപതിയും രാജ്യസഭാധ്യക്ഷനുമായ എം. വെങ്കയ്യ നായിഡു 31ന് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

ലോക്‌സഭയിലെ കക്ഷിനേതാക്കളുടെ യോഗം ഉടന്‍ ചേരും. കോവിഡ് നിബന്ധനകള്‍ പാലിച്ചാണു സമ്മേളനം നടത്തുക. രാജ്യസഭ രാവിലെ ഒമ്പത് മുതല്‍ ഒന്നു വരെയും ലോക്‌സഭ വൈകിട്ട് നാല് മുതല്‍ ഒമ്പത് വരെയുമാകും സമ്മേളന സമയം. കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് ഇല്ലാത്ത ഒരാളെയും പാര്‍ലമെന്റ് വളപ്പില്‍ പ്രവേശിപ്പിക്കില്ല. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഫെബ്രുവരി 15നു തീരും.

രണ്ടാംഘട്ടം മാര്‍ച്ച് എട്ടു മുതല്‍ ഏപ്രില്‍ എട്ടു വരെ നീളും. കാര്‍ഷിക നിയമത്തെച്ചൊല്ലി പ്രതിപക്ഷം സര്‍ക്കാരുമായി ഏറ്റുമുട്ടുമെന്നുറപ്പാണ്. പ്രതിപക്ഷം പാര്‍ലമെന്റിന് അകത്തും പുകത്തും കര്‍ഷക നിയമങ്ങളെ ജനാധിപത്യപരമായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും വ്യക്തമാക്കി.

ഈ വര്‍ഷത്തെ ബജറ്റ് പൂര്‍ണമായി പേപ്പര്‍ രഹിതമായിരിക്കും. പാര്‍ലമെന്റംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ബജറ്റ് മൊബൈല്‍ ആപ് വഴി ലഭ്യമാകും. നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററാണു ഇത് തയാറാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.