'ക്രൈസ്തവര്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് കരുതുന്നില്ല'; ഇത്തവണത്തേത് ലോക്സഭയിലേക്കുള്ള തന്റെ അവസാന മത്സരമെന്ന് ശശി തരൂര്‍

'ക്രൈസ്തവര്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് കരുതുന്നില്ല'; ഇത്തവണത്തേത് ലോക്സഭയിലേക്കുള്ള തന്റെ അവസാന മത്സരമെന്ന് ശശി തരൂര്‍

തിരുവനന്തപുരം: ഇത്തവണ തിരുവനന്തപുരത്ത് നിന്ന് ജനവിധി തേടുന്നത് ലോക്സഭയിലേക്കുള്ള തന്റെ അവസാന മത്സരമെന്ന് ശശി തരൂര്‍ എംപി. ലോക്സഭയിലേക്ക് ഇനി മത്സരിക്കില്ലെങ്കിലും രാഷ്ട്രീയത്തില്‍ സജീവമായി തുടരുമെന്നും അദേഹം വ്യക്തമാക്കി.

അടുത്ത അഞ്ച് വര്‍ഷത്തിനിടെ പല സുപ്രധാന വിഷയങ്ങളും ലോക്സഭയില്‍ ചര്‍ച്ചയ്ക്ക് വരും. അതിലെല്ലാം പങ്കെടുക്കണമെന്നും തന്റെ നിലപാട് വ്യക്തമാക്കണമെന്നുമാണ് ആഗ്രഹമെന്നും തരൂര്‍ പറഞ്ഞു. കേരളത്തിലെ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. ക്രൈസ്തവ വിശ്വാസികള്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് കരുതുന്നില്ലെന്നും മണിപ്പുര്‍ വിഷയങ്ങളില്‍ ക്രൈസ്തവ സമൂഹം അസ്വസ്ഥരാണെന്നും തരൂര്‍ പറഞ്ഞു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ താന്‍ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല. തന്റെ പ്രസ്താവനകളെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ഇത് നാലാം തവണയാണ് തരൂര്‍ തിരുവനന്തപുരത്ത് നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുന്നത്. 2009ല്‍ സിപിഐയില്‍ നിന്ന് സീറ്റ് തിരിച്ചുപിടിച്ച ശേഷം മൂന്ന് തവണയും അദേഹമാണ് വിജയിച്ചത്. ഇത്തവണയും ശക്തമായ ത്രികോണ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.