ജീവിതത്തിന്റെ ഇരുണ്ട ഘട്ടങ്ങളിലും പ്രാര്‍ത്ഥന, നന്ദി എന്നിവ കൈവിടരുത്; ആദ്യ കുര്‍ബാനയ്ക്ക് തയാറെടുക്കുന്ന കുഞ്ഞുങ്ങളോട് മാര്‍പാപ്പ

ജീവിതത്തിന്റെ ഇരുണ്ട ഘട്ടങ്ങളിലും പ്രാര്‍ത്ഥന, നന്ദി എന്നിവ കൈവിടരുത്; ആദ്യ കുര്‍ബാനയ്ക്ക് തയാറെടുക്കുന്ന കുഞ്ഞുങ്ങളോട് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: നല്ല സമയത്തും മോശം സമയത്തും വിശ്വാസത്തെ മുറുകെപ്പിടിക്കണമെന്നും വലുതും ചെറുതുമായ കാര്യങ്ങള്‍ക്ക് ദൈവത്തിന് നന്ദി പറയാന്‍ മറക്കരുതെന്നും കുഞ്ഞുങ്ങളെ ഉദ്‌ബോധിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. റോമിനു സമീപമുള്ള സെന്റ് ജോണ്‍ മരിയ വിയാനി ഇടവകയില്‍ നിന്ന് ആദ്യ കുര്‍ബാനയ്ക്ക് തയ്യാറെടുക്കുന്ന ഇരുന്നൂറോളം കുട്ടികളുമായി സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. ഇടവകയില്‍ ആരംഭിച്ച പ്രാര്‍ത്ഥനയുടെ വിദ്യാലയത്തിന്റെ ഉദ്ഘാടനവും പാപ്പ നിര്‍വഹിച്ചു.

ജീവിതത്തില്‍ കൃതജ്ഞത, പ്രാര്‍ത്ഥന, വിശ്വാസം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചായിരുന്നു പാപ്പയുടെ സന്ദേശം. 'എപ്പോഴും ദൈവത്തിലേക്ക് തിരിയുക, ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ നിമിഷങ്ങളില്‍ പോലും അവനോട് പ്രാര്‍ത്ഥിക്കുക. നാം ഭക്ഷിക്കുന്നതുള്‍പ്പെടെ വലുതും ചെറുതുമായ കാര്യങ്ങള്‍ക്ക് അവനോട് നന്ദി പറയുക'.

മാതാപിതാക്കള്‍, സുഹൃത്തുക്കള്‍, അധ്യാപകര്‍ എന്നിവരോടു മാത്രമല്ല, ഒന്നാമതായി ദൈവത്തോടും നന്ദി പറയണമെന്ന് പാപ്പ കുട്ടികളോടു പറഞ്ഞു. കൃതജ്ഞത പ്രകടിപ്പിക്കുന്നതിനു പുറമേ, ഉചിതമായ സമയത്ത് അനുവാദം ചോദിക്കാനും എപ്പോള്‍ ക്ഷമാപണം നടത്തണമെന്ന് തിരിച്ചറിയണമെന്നും പരിശുദ്ധ പിതാവ് ഓര്‍മ്മിപ്പിച്ചു.

'ജീവിതത്തിലെ ഇരുണ്ട നിമിഷങ്ങളിലും പ്രാര്‍ത്ഥന ഉപേക്ഷിക്കരുത്'. ഇരുണ്ട നിമിഷങ്ങള്‍ എപ്പോഴാണെന്നു പാപ്പ ചോദിച്ചു. മരണം, രോഗം, സംഘര്‍ഷങ്ങള്‍ - കുട്ടികള്‍ പറഞ്ഞു.

രോഗാവസ്ഥയില്‍ ഞാന്‍ എങ്ങനെ കര്‍ത്താവിനോട് നന്ദി പറയും എന്നായിരുന്നു രോഗത്തോടു മല്ലിടുന്ന ആലീസ് എന്ന കുട്ടിയുടെ ഹൃദയസ്പര്‍ശിയായ ചോദ്യം. വിഷമകരമായ അവസ്ഥയിലും
നാം കര്‍ത്താവിന് നന്ദി പറയണം, കാരണം ബുദ്ധിമുട്ടുകള്‍ സഹിക്കാനുള്ള ക്ഷമ ദൈവം നല്‍കും. വേദനാജനകമായ സമയങ്ങളില്‍ ലഭിക്കുന്ന ശക്തിക്ക് നന്ദിയുടെ പ്രാര്‍ത്ഥന അര്‍പ്പിക്കാന്‍ പാപ്പാ കുട്ടികളോടു പറഞ്ഞു.

തങ്ങള്‍ക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഉറങ്ങുന്നതിന് മുമ്പ് അവരുടെ അന്നത്തെ ദിവസത്തെക്കുറിച്ച് ചിന്തിക്കാന്‍ കുട്ടികളെ ഉപദേശിച്ചുകൊണ്ടാണ് പാപ്പാ കുട്ടികളുമായുള്ള കൂടികാഴ്ച അവസാനിപ്പിച്ചത്. പാപ്പാ കുട്ടികള്‍ക്ക് നന്ദിയുടെ പ്രാര്‍ത്ഥനയും ചൊല്ലിക്കൊടുത്തു. കുട്ടികള്‍ക്ക് ജപമാലകളും ചോക്കലേറ്റ് മുട്ടകളും ഫ്രാന്‍സിസ് പാപ്പാ സമ്മാനമായി നല്‍കിയാണ് കൂടിക്കാഴ്ച്ച അവസാനിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.