ഇസ്രയേൽ കമ്പനിയുടെ കപ്പൽ പിടിച്ചെടുത്ത് ഇറാൻ; കപ്പലിൽ രണ്ട് മലയാളികൾ ഉൾപ്പെടെ 18 ഇന്ത്യക്കാരും

ഇസ്രയേൽ കമ്പനിയുടെ കപ്പൽ പിടിച്ചെടുത്ത് ഇറാൻ; കപ്പലിൽ രണ്ട് മലയാളികൾ ഉൾപ്പെടെ 18 ഇന്ത്യക്കാരും

തെഹ്‌റാൻ: ഇസ്രയേൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ പിടിച്ചെടുത്ത് ഇറാൻ. ദുബായിലേക്ക് പോകുകയായിരുന്ന എം.സി.എസ് ഏരീസ് കപ്പൽ ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാൻ സൈന്യം ഇന്ന് രാവിലൊണ് പിടിച്ചെടുത്തത്. കപ്പല്‍ ജീവനക്കാരില്‍ രണ്ട് മലലാളികളുൾപ്പെടെ 18 ഇന്ത്യക്കാരുണ്ടെന്നാണ് സൂചന. ഇവരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. പാലക്കാട്, കോഴിക്കോട് സ്വദേശികളാണ് കപ്പിലുള്ളതെന്നാണ് വിവരം. ഇസ്രയേലി ശതകോടീശ്വരന്‍ ഇയല്‍ ഓഫറിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍.

ഇറാൻ നാവികസേനയും റെവല്യൂഷനറി ഗാർഡും ചേർന്നാണ് കപ്പൽ പിടിച്ചെടുത്തത്. ഏത് സാഹചര്യത്തിലാണ് കപ്പൽ പിടിച്ചെടുത്തതെന്നും എന്താണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഇറാൻ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. നിലവിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കപ്പൽ പിടിച്ചെടുത്തതിൽ ഇറാൻ വലിയ വിലകൊടുക്കേണ്ടിവരുമെന്ന് ഇസ്രയേൽ സൈനിക വക്താവ് വ്യക്തമാക്കി.

ഇസ്രയേലിനെതിരായ പ്രത്യാക്രമണത്തിന് നൂറിലധികം ക്രൂയിസ് മിസൈലുകൾ ഇറാൻ വിന്യസിച്ചതായും റിപ്പോർട്ടുകളുണ്ട്. മേഖലയിൽ സംഘർഷം മൂർച്ഛിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അമേരിക്കയും കൂടുതൽ യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്. കിഴക്കൻ മെഡിറ്റേറിയൻ കടലിൽ രണ്ട് യു.എസ് നേവി ഡിസ്‌ട്രോയറുകളെയാണ് വിന്യസിച്ചത്. ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാനുള്ള സൗകര്യങ്ങൾ ഈ യുദ്ധക്കപ്പലുകളിലുണ്ട്. ഇസ്രയേലിനെതിരായ ആക്രമണത്തിന് ഉപയോഗിക്കാനായി ഇറാൻ നൂറിലധികം ക്രൂയിസ് മിസൈലുകൾ തയ്യാറാക്കിയിട്ടുണ്ടെന്ന് യു.എസ് പ്രതിരോധ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

എമിറാത്തി തുറമുഖ നഗരമായ ഫുജൈറയ്ക്ക് സമീപത്തുവച്ച് ഹെലിബോൺ ഓപ്പറേഷൻ നടത്തിയാണ് നാവിക സേനയുടെ പ്രത്യേക സംഘം കപ്പൽ പിടിച്ചെടുത്തതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഒരു ഹെലികോപ്റ്ററിൽ നിന്ന് കണ്ടെയ്നർ കപ്പലിലേക്ക് മൂന്ന് വ്യക്തികൾ വേ​ഗത്തിൽ കയറി പോകുന്നതായി ദൃശ്യങ്ങൾ വ്യക്തമാക്കുന്നുവെന്ന് സുരക്ഷാ സ്ഥാപനമായ ആംബ്രെയാണ് അറിയിച്ചത്. ഇറാന്റെ റവല്യൂഷണറി ഗാർഡുകൾ നേരത്തെ ഈ ബോർഡിംഗ് രീതി ഉപയോഗിച്ചിരുന്നുവെന്നും ആംബ്രെ കൂട്ടിച്ചേർത്തു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.