'മുഴുവന്‍ നുണ'; ബിജെപിയുടെ പ്രകടന പത്രികയ്ക്കെതിരെ കോണ്‍ഗ്രസ്

'മുഴുവന്‍ നുണ'; ബിജെപിയുടെ പ്രകടന പത്രികയ്ക്കെതിരെ കോണ്‍ഗ്രസ്

ബിജെപിയുടെ പ്രകടന പത്രികയെ ആരും വിശ്വസിക്കില്ലെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
പ്രകടന പത്രികയില്‍ വിലക്കയറ്റവും തൊഴിലില്ലായ്മയും കാണാനേയില്ലെന്ന് രാഹുല്‍.
നാണം കെട്ട പ്രകടന പത്രികയെന്ന് പ്രിയങ്ക ഗാന്ധി.


ന്യൂഡല്‍ഹി: ബിജെപിയുടെ പ്രകടന പത്രികയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ബിജെപി പ്രകടന പത്രികയില്‍ നല്‍കിയിട്ടുള്ള ഉറപ്പുകളെല്ലാം വെറും നുണകളാണ്. രാജ്യത്തെ തൊഴിലില്ലായ്മയും വിലക്കയറ്റവുമെല്ലാം പ്രകടന പത്രികയില്‍ ബിജെപി അവഗണിച്ചുവെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ബിജെപിയുടെ പ്രകടന പത്രികയില്‍ വിലക്കയറ്റവും തൊഴിലില്ലായ്മയും കാണാനേയില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും ബിജെപി ആഗ്രഹിക്കുന്നില്ല. ഇന്ത്യ സഖ്യത്തിന്റെ പ്ലാന്‍ വളരെ വ്യക്തമാണ്. 30 ലക്ഷം ഒഴിവുകളിലേക്ക് സ്ഥിരം ജോലി നല്‍കും.

വിദ്യാഭ്യാസമുള്ള എല്ലാ യുവാക്കള്‍ക്കും ഒരു ലക്ഷം രൂപ നല്‍കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഇത്തവണ യുവജനത പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വലയില്‍ വീഴാന്‍ പോകുന്നില്ല. രാജ്യത്താകെ കോണ്‍ഗ്രസിന്റെ കൈകള്‍ ശക്തമാക്കുമെന്നും അതിലൂടെ തൊഴില്‍ വിപ്ലവം കൊണ്ടു വരുമെന്നും രാഹുല്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ബിജെപിയുടെ പ്രകടന പത്രികയെ പരിഹസിച്ചു. നാണംകെട്ട പ്രകടന പത്രികയാണ് ബിജെപിയുടേത്. അവരുടെ യഥാര്‍ത്ഥ പ്രകടന പത്രിക ഭരണഘടന മാറ്റുന്നതാണെന്നും പ്രിയങ്ക തുറന്നടിച്ചു. ബിജെപിയാണ് രാജ്യത്തിനെതിരെയുള്ള എല്ലാ ഗൂഡാലോചനകളും ആരംഭിക്കുന്നത്.

അതുപോലെ സമൂഹത്തിനും ജനാധിപത്യത്തിനുമെതിരെ അവര്‍ ഗൂഡാലോചന നടത്തുന്നു. ഭരണഘടനയ്ക്ക് മുന്നില്‍ നിന്നാണ് ഈ നേതാക്കള്‍ പലതും സത്യപ്രതിജ്ഞ ചെയ്യുന്നത്. എന്നാല്‍ അതേ ആളുകള്‍ ഭരണഘടനയെ തകര്‍ക്കാനുള്ള തിരക്കഥയാണ് തയ്യാറാക്കുന്നത്. പൂര്‍ണമായ അധികാരം ലഭിച്ചാല്‍ അവര്‍ ഭരണഘടനയെ ആക്രമിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ബിജെപിയുടെ പ്രകടന പത്രികയെ ആരും വിശ്വസിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പഞ്ഞു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും താങ്ങു വില വര്‍ധിപ്പിക്കുമെന്നും മോഡി പറഞ്ഞു. ഇതെല്ലാം വെറും ഗ്യാരണ്ടികളാണ്. അത്തരം കാര്യങ്ങളൊന്നും മോഡി ചെയ്യില്ലെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.