'തിരഞ്ഞെടുപ്പില്‍ നിന്ന് മോഡിയെ അയോഗ്യനാക്കണം': ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി

'തിരഞ്ഞെടുപ്പില്‍ നിന്ന് മോഡിയെ അയോഗ്യനാക്കണം': ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി.

ആരാധനാലയങ്ങളുടെയും ദൈവങ്ങളുടെയും പേരില്‍ വോട്ട് ചോദിച്ചെന്ന് ചൂണ്ടിക്കാട്ടി ആനന്ദ് എസ്. ജോന്ദാലെ എന്ന അഭിഭാഷകനാണ് ഹര്‍ജി നല്‍കിയത്. ജനപ്രാതിനിധ്യ നിയമപ്രകാരം ആറ് വര്‍ഷത്തേക്ക് അയോഗ്യനാക്കണമെന്നാണ് ആവശ്യം.

മോഡിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങള്‍ വോട്ടര്‍മാര്‍ക്കിടയില്‍ മതപരമായും ജാതീയമായും വിദ്വേഷം സൃഷ്ടിക്കുന്നതാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഏപ്രില്‍ ഒന്‍പതിന് ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പ്രസംഗം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പ്രധാനമന്ത്രി ഹിന്ദു, സിഖ് ദൈവങ്ങളുടെയും ആരാധനാലയങ്ങളുടെയും പേരില്‍ വോട്ട് തേടുക മാത്രമല്ല, എതിര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മുസ്ലീങ്ങള്‍ക്കും എതിരെ അഭിപ്രായം പറയുകയും ചെയ്യുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.

അതിനാല്‍, ജനപ്രാതിനിധ്യ നിയമപ്രകാരം പ്രധാനമന്ത്രിയെ ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍നിന്ന് അയോഗ്യനാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

നിഷ്പക്ഷവും സുതാര്യവുമായ തിരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉടന്‍ ഇടപെടണം. കേന്ദ്ര സര്‍ക്കാരിന്റെ ഹെലികോപ്ടറുകളില്‍ ഉള്‍പ്പെടെ സഞ്ചരിച്ചാണ് മോഡി ഈ പ്രസംഗങ്ങള്‍ നടത്തുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.