പൊതുസമൂഹത്തോട് മാപ്പ് പറയാമെന്ന് രാംദേവ്; മാപ്പ് നല്‍കണോ വേണ്ടയോയെന്ന് തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി

പൊതുസമൂഹത്തോട് മാപ്പ് പറയാമെന്ന് രാംദേവ്; മാപ്പ് നല്‍കണോ വേണ്ടയോയെന്ന് തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി

ബാബ രാംദേവ് അത്ര നിഷ്‌കളങ്കനല്ലെന്നും സുപ്രീം കോടതി.

ന്യൂഡല്‍ഹി: പതഞ്ജലി സ്ഥാപകരായ ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണയും ഇന്ന് സുപ്രീം കോടതിയില്‍ ഹാജരായി. പതഞ്ജലി ആയുര്‍വേദയ്‌ക്കെതിരായ മാനനഷ്ടക്കേസിലാണ് ഇരുവരും സുപ്രീം കോടതിയ്ക്ക് മുന്നില്‍ എത്തിയത്.

പൊതുമാപ്പ് പറയാന്‍ തയ്യാറാണെന്ന് രാംദേവും ബാലകൃഷ്ണയും കോടതിയെ അറിയിച്ചു. എന്നാല്‍ മാപ്പു തരണമോ വേണ്ടയോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും മൂന്ന് തവണയാണ് നിര്‍ദേശങ്ങള്‍ ലംഘിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.

രാജ്യത്തെ കോടതികളില്‍ എന്താണ് നടക്കുന്നതെന്ന് എന്നൊക്കെ അറിയാതിരിക്കാന്‍ മാത്രം നിഷ്‌കളങ്കനല്ല ബാബാ രാംദേവ് എന്ന് പറഞ്ഞ കോടതി കേസ് പരിഗണിക്കുന്നത് ഏപ്രില്‍ 23 ലേക്ക് മാറ്റി.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഇരുവര്‍ക്കുമെതിരെ കോടതി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. കമ്പനിക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനെയും സുപ്രീം കോടതി വിമര്‍ശിക്കുകയുണ്ടായി.

ജസ്റ്റിസുമാരായ ഹിമ കോലി, ഹിമാനുള്ള എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആയുര്‍വേദത്തിനെ ഉയര്‍ത്തിക്കാട്ടുന്നതിനായി എന്തിനാണ് മറ്റുള്ള ചികിത്സാ ശാഖകളെ ഇകഴ്ത്തുന്നതെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിക്കൊള്ളാമെന്നും ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്നും രാംദേവ് കോടതിയെ അറിയിച്ചു.

അലോപ്പതി ഉള്‍പ്പെടെയുള്ള ആരോഗ്യ ശാഖകളെ പരിഹസിക്കുകയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുകയും ചെയ്തതിനാണ് പതഞ്ജലിക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പരാതി നല്‍കിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.