വോട്ടെടുപ്പ്, ഇവിഎമ്മുകളുടെ സൂക്ഷിക്കല്‍, വോട്ടെണ്ണല്‍ എന്നിവയെക്കുറിച്ച് വിശദാംശങ്ങള്‍ അറിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം.
ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സുപ്രീം കോടതി. അത് ഗൗരവമേറിയ വിഷയമാണ്.
വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്തിയാല്‍ കഠിനമായ ശിക്ഷ കിട്ടുമെന്ന ഭയം വേണമെന്ന് കോടതി അഭിപ്രായപ്പെട്ടു. വോട്ടെടുപ്പ്, ഇവിഎമ്മുകളുടെ സൂക്ഷിക്കല്‍, വോട്ടെണ്ണല്‍ എന്നിവയെക്കുറിച്ച് വിശദാംശങ്ങള്‍ അറിയിക്കാന്‍ കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ വിവിപാറ്റ് പേപ്പര്‍ സ്ലിപ്പുകള്‍ ഉപയോഗിച്ച് ക്രോസ് വെരിഫിക്കേഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു സുപ്രീം കോടതിയുടെ അഭിപ്രായ പ്രകടനം.
അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് അടക്കമുള്ള സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പരിഗണിച്ചത്. ഇവിഎം വഴി വോട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്ന മിക്ക യൂറോപ്യന്‍ രാജ്യങ്ങളും പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങിയെന്ന് ഡെമോക്രാറ്റിക് റിഫോംസിന് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
ഇവിഎമ്മുകളില്‍ രേഖപ്പെടുത്തുന്ന വോട്ടുകള്‍ വിവിപാറ്റ് സ്ലിപ്പുകളുമായി താരതമ്യം ചെയ്യണമെന്ന് ഹര്‍ജിക്കാരില്‍ ഒരാളുടെ അഭിഭാഷകനായ സഞ്ജയ് ഹെഗ്‌ഡെ പറഞ്ഞപ്പോള്‍ 60 കോടി വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണേണ്ടി വരുമെന്ന് ജസ്റ്റിസ് ഖന്ന പറഞ്ഞു.
മനുഷ്യന്റെ ഇടപെടലാണ് പ്രശ്‌നമുണ്ടാക്കുന്നത്. സാധാരണയായി മനുഷ്യ ഇടപെടലില്ലാതെ യന്ത്രം നിങ്ങള്‍ക്ക് കൃത്യമായ ഫലങ്ങള്‍ നല്‍കും. മനുഷ്യന്റെ ഇടപെടല്‍ ഉണ്ടാകുമ്പോഴോ, സോഫ്റ്റ് വെയറിലോ മെഷീനിലോ അനധികൃത മാറ്റങ്ങള്‍ വരുത്തുമ്പോഴോ പ്രശ്നം ഉണ്ടാകുന്നു. ഇത് ഒഴിവാക്കാന്‍ എന്തെങ്കിലും നിര്‍ദേശമുണ്ടെങ്കില്‍ അത് നല്‍കാനും ജസ്റ്റിസ് സഞ്ജീവ് ഖന്ന ആവശ്യപ്പെട്ടു.
ഇന്ത്യന്‍ തെരഞ്ഞെടുപ്പിനെ വിദേശ രാജ്യങ്ങളിലെ വോട്ടിങുമായി താരതമ്യം ചെയ്യരുതെന്ന് ജസ്റ്റിസ് ദീപങ്കര്‍ ദത്ത ഹര്‍ജിക്കാരുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടു. തന്റെ സംസ്ഥാനമായ പശ്ചിമ ബംഗാളിലെ ജനസംഖ്യ ജര്‍മ്മനിയിലേതിനേക്കാള്‍ കൂടുതലാണ്. നമ്മള്‍ ആരെയെങ്കിലും വിശ്വസിക്കണം. യൂറോപ്യന്‍ ഉദാഹരണങ്ങള്‍ നമ്മുടെ രാജ്യത്ത് പ്രാവര്‍ത്തികമാകില്ലെന്നും ജസ്റ്റിസ് ദത്ത അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.