പ്രാര്‍ത്ഥിക്കാന്‍ ഭയപ്പെടരുത്; പള്ളിയില്‍ ബിഷപ്പിനും വൈദികനും കുത്തേറ്റ സംഭവത്തെ അപലപിച്ച് സിഡ്‌നി ആര്‍ച്ച് ബിഷപ്പ്

പ്രാര്‍ത്ഥിക്കാന്‍ ഭയപ്പെടരുത്; പള്ളിയില്‍ ബിഷപ്പിനും വൈദികനും കുത്തേറ്റ സംഭവത്തെ അപലപിച്ച് സിഡ്‌നി ആര്‍ച്ച് ബിഷപ്പ്

സിഡ്‌നി: ക്രിസ്ത്യന്‍ പള്ളിക്കുള്ളില്‍ അസീറിയന്‍ ഓര്‍ത്തഡോക്‌സ് ബിഷപ്പിനും വൈദികനും നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് സിഡ്‌നി ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷര്‍. സംഭവം സമൂഹത്തില്‍ ഭയവും അസ്വസ്ഥതയും സൃഷ്ടിച്ചതായി ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

'പ്രാര്‍ത്ഥനാലയങ്ങള്‍ പരമ്പരാഗതമായി സമാധാനത്തിന്റെയും സാന്ത്വനത്തിന്റെയും അഭയകേന്ദ്രവും സങ്കേതവുമാണ്. പള്ളിക്കുള്ളില്‍ ശുശ്രൂഷയ്ക്കിടെ ബിഷപ്പിനെ ആക്രമിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അസ്വസ്ഥതപ്പെടുത്തുന്നതാണ്. മറ്റ് രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ നാം നിരവധി കണ്ടിട്ടുണ്ട്. എന്നാല്‍ നാളിതുവരെ, ആരാധനാലയങ്ങളിലും പരിസരങ്ങളിലുമുള്ള അക്രമണങ്ങളില്‍ നിന്ന് ഓസ്ട്രേലിയ മുക്തമായിരുന്നു.

ഈ രാജ്യത്തെ ഓരോ വ്യക്തിക്കും, അദ്ദേഹം ബിഷപ്പോ വൈദികനോ റബ്ബിയോ ഇമാമോ ശുശ്രൂഷകനോ ആകട്ടെ പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടുമ്പോള്‍ ആക്രമണമുണ്ടാകുമെന്ന് ഭയപ്പെടാതെ ആരാധിക്കാന്‍ കഴിയണം - ബിഷപ്പ് പറഞ്ഞു.

ഈ സംഭവങ്ങളോട് നാം ഭയത്തോടെ പ്രതികരിക്കരുത്. കൂടുതല്‍ ആക്രമണങ്ങളോ പ്രതികാര നടപടികളോ ഉണ്ടാകുമെന്ന് കരുതി ആരാധനാലയങ്ങള്‍ ഒഴിവാക്കരുത്. എന്നാല്‍ അക്രമത്തിനും ഭയത്തിനുമുള്ള ഏറ്റവും നല്ല പ്രതികരണം പ്രാര്‍ത്ഥനയും സമാധാനവുമാണ്.

സിഡ്നിയിലെ കത്തോലിക്കാ അതിരൂപതയെ പ്രതിനിധീകരിച്ച് ബിഷപ്പ് ഇമ്മാനുവലിനും ഫാ. റോയേലിനും മറ്റ് ദുരിതബാധിതരായ എല്ലാവര്‍ക്കും ഞാന്‍ പ്രാര്‍ത്ഥനാപൂര്‍വമായ പിന്തുണ വാഗ്ദാനം ചെയ്യുന്നു. സമാധാനത്തിന്റെ ദൈവം നമ്മുടെ നാട്ടില്‍ വാഴട്ടെ - ആര്‍ച്ച് ബിഷപ്പ് പ്രാര്‍ത്ഥിച്ചു.

ഓസ്ട്രേലിയയിലെ മെല്‍കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭയിലെ ബിഷപ്പ് റോബര്‍ട്ട് റബ്ബത്തും സംഭവത്തെ അപലപിച്ചു. പുരോഹിതന്മാര്‍ ഉള്‍പ്പെടെയുള്ള നിരപരാധികള്‍ കൊല്ലപ്പെടുന്ന ഇറാഖ്, സിറിയ, ലെബനന്‍ എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ സിഡ്നിയിലെ ബഹുസ്വര സമൂഹത്തിന്റെ ഭാഗമാണ്. അവിടെ അവരുടെ വിശ്വാസത്തിന് പരിക്കേല്‍ക്കുമ്പോള്‍ ഇവിടെ സുരക്ഷിതമായി വിശ്വാസം ആചരിക്കാന്‍ കഴിയുന്നത് ആശ്വാസകരമാണ്.

'നമുക്കെല്ലാവര്‍ക്കും ശാന്തത വേണം, ഇതൊരു വെല്ലുവിളിയും നാം ചുമക്കേണ്ട കുരിശുമാണ്. 'എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്ക് തരുന്നു' എന്ന് നമ്മുടെ കര്‍ത്താവ് ഇടവിടാതെ ആവര്‍ത്തിച്ചത് നാം ഓര്‍ക്കേണ്ടതാണ് - ബിഷപ്പ് പറഞ്ഞു.

തിങ്കളാഴ്ച രാത്രിയാണ് സിഡ്നിയുടെ പ്രാന്തപ്രദേശമായ വേക്ലിയിലെ ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേര്‍ഡ് ദേവാലയത്തിലെ ശുശ്രൂഷകള്‍ക്കിടെ ബിഷപ്പ് മാര്‍ മാറി ഇമ്മാനുവലിനും വിശ്വാസികള്‍ക്കും നേരെ ആക്രമണം ഉണ്ടായത്. സംഭവം തീവ്രവാദി ആക്രമണം ആണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26