ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 102 മണ്ഡലങ്ങളില്‍ വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്നാട്ടിലെ മുഴുവന്‍ സീറ്റിലും ആദ്യഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
യുപിയില്‍ എട്ടിടത്താണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ്. 80 ലോക്സഭാ സീറ്റുകളാണ് യുപിയില്‍ ഉള്ളത്. സഹാരണ്‍പൂര്‍, കൈരാന, മുസാഫര്‍നഗര്‍, ബിജ്നോര്‍, നാഗിന, മൊറാദാബാദ്, രാംപൂര്‍, പിലിബിത്ത് എന്നിവയാണ് വെള്ളിയാഴ്ച പോളിങ് ബൂത്തിലെത്തുന്നത്. 42 സീറ്റുകളുള്ള ബംഗാളില്‍ കൂച്ച്ബിഹാര്‍, അലിപൂര്‍ദ്വാര്‍, ജയ്പാല്‍ഗുരി എന്നിവയും വെള്ളിയാഴ്ച വിധിയെഴുതും. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മത്സരിക്കുന്ന മഹാരാഷ്ട്രയിലെ നാഗ്പൂരും ആദ്യഘട്ടത്തില്‍ വിധിയെഴുതും.
തമിഴ്നാട് (39), ഉത്തരാഖണ്ഡ് (5), ബിഹാര്‍ (4), മധ്യപ്രദേശ് (6), മഹാരാഷ്ട്ര (5), രാജസ്ഥാന്‍ (12), ത്രിപുര (1), ഉത്തര്‍പ്രദേശ് (8), പശ്ചിമ ബംഗാള്‍ (3), ജമ്മു കാശ്മീര്‍ (1), അരുണാചല്‍ പ്രദേശ് (2), മണിപ്പൂര്‍(2), മേഘാലയ(2), മിസോറാം (1), നാഗാലാന്‍ഡ് (1), സിക്കിം (1) എന്നീ സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളും അടക്കം 102 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.
ആദ്യ ഘട്ടത്തിലെ വോട്ടിങ് ട്രെന്‍ഡ് പിന്നീടുള്ള ഘട്ടങ്ങളെ സ്വാധീനിക്കാറുണ്ട്. അതിനാല്‍ ആദ്യ ഘട്ടത്തില്‍ ബിജെപി പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെയും കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, തൃണമൂല്‍ കോണ്‍ഗ്രസ് മമത ബാനര്‍ജി തുടങ്ങിയ താരപ്രചാരകരെ ഇറക്കിയാണ് വോട്ടുറപ്പിക്കാന്‍ ഇറങ്ങിയത്.
തമിഴ്നാട്ടിലെ മുഴുവന്‍ സീറ്റിലും ആദ്യഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് എന്നതിനാല്‍ ബിജെപിയുടെയും നരേന്ദ്ര മോഡിയുടെയും പ്രധാന ശ്രദ്ധ ദക്ഷിണേന്ത്യയില്‍ ആയിരുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മധ്യപ്രദേശിലും രാജസ്ഥാനിലും റാലികള്‍ നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നാളെ പ്രചാരണം നടത്തും. 
അതേസമയം രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും നാളെ സംയുക്ത വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.