വത്തിക്കാൻ സിറ്റി: കർത്താവിനെ കണ്ടുമുട്ടുന്നത് അതിമനോഹരമായ കാര്യമാണെന്നും അതിനാൽ, ആ കൂടിക്കാഴ്ചയുടെ ആനന്ദം തീർച്ചയായും മറ്റുള്ളവരുമായി പങ്കുവയ്ക്കണമെന്നും ഫ്രാൻസിസ് പാപ്പ. ഉയിർപ്പുകാലത്തിലെ മൂന്നാം ഞായറാഴ്ച ത്രികാലജപ പ്രാർഥനയോടനുബന്ധിച്ച് സന്ദേശം നൽകവെയാണ്, മാർപാപ്പ ആശ്വാസദായകമായ ഈ ഓർമപ്പെടുത്തൽ നടത്തിയത്.
ലൂക്കായുടെ സുവിശേഷത്തിലുള്ള, യേശുവിൻ്റെ ഉത്ഥാനദിവസം വൈകുന്നേരം നടന്ന സംഭവമാണ് (ലൂക്കാ 24: 35 - 48) ഈയാഴ്ച പരിശുദ്ധ പിതാവ് വിചിന്തന വിഷയമാക്കിയത്.വീടിൻ്റെ മുകളിലത്തെ മുറിയിൽ ഒരുമിച്ചുകൂടിയിരുന്ന അപ്പസ്തോലന്മാരുടെയിടയിലേക്ക് എമ്മാവൂസിൽ നിന്ന് മടങ്ങിയെത്തിയ രണ്ടു ശിഷ്യന്മാർ കടന്നുവരുന്നതും യേശുമായുള്ള തങ്ങളുടെ കൂടിക്കാഴ്ചയെക്കുറിച്ച് അവർ നൽകുന്ന വിവരണവുമാണ് ഈ സുവിശേഷഭാഗത്തുള്ളത്.
യേശുവിനോടൊപ്പമായിരുന്ന നിമിഷങ്ങൾ ആ ശിഷ്യന്മാരുടെ ജീവിതത്തിൽ വരുത്തിയ പരിവർത്തനത്തെക്കുറിച്ച് പാപ്പ എടുത്തുപറഞ്ഞു. സമാനമായ വിധത്തിൽ, വിശ്വാസികളായ നാം ഓരോരുത്തരുടെയും ജീവിതത്തിലും യേശുവുമായുള്ള കണ്ടുമുട്ടലുകൾ മാറ്റങ്ങൾക്കിടവരുത്തണമെന്ന് പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.
യേശുവിനെ കണ്ടെത്തുന്നത്, ഏറ്റവും സുന്ദരമായ നിമിഷം
ജീവിതത്തെ മാറ്റിമറിക്കുന്ന കർത്താവുമായുള്ള കൂടിക്കാഴ്ചകൾ, നമ്മുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളാണെങ്കിലും അതേക്കുറിച്ച് മറ്റുള്ളവരോടു പങ്കുവയ്ക്കുന്നതിൽ നാം പലപ്പോഴും വിമുഖത കാണിക്കാറുണ്ടെന്ന കാര്യം പാപ്പ ചൂണ്ടിക്കാട്ടി.
ഇപ്രകാരമുള്ള ധാരാളം അനുഭവങ്ങൾ നമുക്കോരോരുത്തർക്കും പറയാനുണ്ടാകും. എന്നാൽ, അത് ഒരു പ്രഭാഷണ ശൈലിയിലാകരുത്. മറിച്ച്, ഇന്നും ജീവിക്കുന്നവനും നമ്മുടെ ചാരെയുള്ളവനുമായ കർത്താവ്, എപ്രകാരമാണ് നമ്മുടെ ഹൃദയങ്ങളെ സന്തോഷത്താൽ ജ്വലിപ്പിച്ചതെന്നും കണ്ണീരൊപ്പിയതെന്നും, ആശ്വാസവും ആത്മവിശ്വാസവും പകർന്നുതന്ന്, ഉന്മേഷം, ബലം, ക്ഷമ, ആർദ്രത, സമാധാനം എന്നിവയാൽ നമ്മെ നിറച്ചതെന്നും പങ്കുവച്ചുകൊണ്ടായിരിക്കണം. നമ്മുടെ കുടുംബം, സമൂഹം, സുഹൃത്തുക്കൾ എന്നിവർക്കിടയിലെല്ലാം ഈ പങ്കുവയ്ക്കൽ വളരെയധികം പ്രാധാന്യം അർഹിക്കുന്നുവെന്ന് പരിശുദ്ധ പിതാവ് ഊന്നിപ്പറഞ്ഞു.
ദൈവിക സാനിധ്യത്തിൽവച്ച് നമ്മുടെ ഉള്ളിലുണ്ടായ ചിന്തകളിലേക്കും അനുഭവങ്ങളിലേക്കുമുള്ള നമ്മുടെ ചുവടുമാറ്റം എത്രയോ നല്ല ഒരു കാര്യമാണെന്ന് പാപ്പ അഭിപ്രായപ്പെട്ടു. അതുപോലെതന്നെ, വിശ്വാസ ജീവിതത്തിൻ്റെ മാർഗ്ഗം മനസിലാക്കാനും അതിൽ മുന്നേറാനുമുള്ള നമ്മുടെ പരിശ്രമങ്ങളും അധ്വാനങ്ങളും തുല്യ പ്രാധാന്യം അർഹിക്കുന്നു.
'ഇപ്രകാരം ചെയ്യുകയാണെങ്കിൽ, എമ്മാവൂസിലെ ശിഷ്യന്മാർക്ക് അനുഭവപ്പെട്ടതുപോലെ തന്നെ യേശുമായുള്ള നമ്മുടെ കണ്ടുമുട്ടലുകളും അത്യന്തം വിസ്മയകരവും മനോഹരവുമാക്കി അവിടുന്നു മാറ്റും' - ഫ്രാൻസിസ് പാപ്പാ പറഞ്ഞു. ഉറപ്പായും നാം ഒരോരുത്തർക്കും കർത്താവുമായുള്ള കണ്ടുമുട്ടലുകൾ ജീവിതത്തിലുണ്ടായിട്ടുണ്ടെന്നും പിന്തിരിഞ്ഞു നോക്കി നമ്മുടെ ചിന്തകളിലേക്ക് അവ വീണ്ടും കൊണ്ടുവരണമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
കർത്താവിൻ്റെ സാമീപ്യം
'കർത്താവുമായുള്ള കണ്ടുമുട്ടലുകൾ എപ്പോഴൊക്കെയാണ് എൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളത്? ഒരു നിമിഷം നമുക്കു ചിന്തിക്കാം ' - പാപ്പ ആഹ്വാനം ചെയ്തു. എപ്പോഴാണ് ഞാൻ അവിടുത്തെ കണ്ടെത്തിയതും സാമീപ്യം അനുഭവിക്കാനായതും? ഇതേക്കുറിച്ചു നാം മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും അവിസ്മരണീയമായ ഈ അനുഭവത്തെ ഓർത്ത് അവിടുത്തെ മഹത്വപ്പെടുത്തുകയും ചെയ്തിട്ടുണ്ടോ? മാർപാപ്പ തുടർന്നു ചോദിച്ചു.
ക്രിസ്തുമായുള്ള തങ്ങളുടെ കണ്ടുമുട്ടലുകളുടെ അനുഭവങ്ങൾ മറ്റുള്ളവർ നമ്മോടു പങ്കുവയ്ക്കുമ്പോൾ, അത് കേൾക്കാൻ നാം താത്പര്യം കാണിക്കാറുണ്ടോ എന്നുകൂടി നാം പരിശോധിക്കണമെന്ന് പാപ്പ പറഞ്ഞു. വിശ്വാസം പങ്കുവയ്ക്കപ്പെടുന്നതുവഴി നമ്മുടെ സമൂഹങ്ങൾ കർത്താവിൻ്റെ മഹനീയ സാന്നിധ്യത്തിൻ്റെ ഇടങ്ങളായി മാറാൻ പരിശുദ്ധ അമ്മയുടെ സഹായം അപേക്ഷിച്ചുകൊണ്ട് പാപ്പ തൻ്റെ സന്ദേശം അവസാനിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.