മാസപ്പടി കേസ്: എക്‌സാലോജിക്കുമായുള്ള ഇടപാടിന്റെ പൂര്‍ണ രേഖകള്‍ സിഎംആര്‍എല്‍ നല്‍കുന്നില്ലെന്ന് ഇ.ഡി

 മാസപ്പടി കേസ്: എക്‌സാലോജിക്കുമായുള്ള ഇടപാടിന്റെ പൂര്‍ണ രേഖകള്‍ സിഎംആര്‍എല്‍ നല്‍കുന്നില്ലെന്ന് ഇ.ഡി

കൊച്ചി: മാസപ്പടി കേസില്‍ വീണ വിജയന്റെ എക്‌സാലോജിക് കമ്പനിയുമായുള്ള ഇടപാടിന്റെ പൂര്‍ണ രേഖകള്‍ സിഎംആര്‍എല്‍ (കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ്) കൈമാറുന്നില്ലെന്ന് ഇഡി. കരാര്‍ രേഖകളടക്കം കൈമാറിയില്ലെന്ന് ഇ.ഡി വ്യക്തമാക്കുന്നു.

സാമ്പത്തിക ഇടപാടുകളുടെ രേഖകളും കരാര്‍ രേഖകളുമായിരുന്നു ഇ.ഡി ആവശ്യപ്പെട്ടത്. കമ്പനിയുടെ ചീഫ് ഫിനാന്‍സ് മാനേജര്‍ പി. സുരേഷ് കുമാര്‍ കരാര്‍ രേഖകള്‍ ഹാജരാക്കിയില്ല. സുരേഷ് കുമാറിനെ ഇന്നും ചോദ്യം ചെയ്യും. എന്നാല്‍ ആവശ്യപ്പെട്ട രേഖകള്‍ ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് പരിശോധിക്കുകയും തീര്‍പ്പാക്കുകയും ചെയ്തതാണെന്നാണ് സുരേഷ് കുമാര്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞത്. അങ്ങനെ തീര്‍പ്പാക്കിയ കേസില്‍ രേഖകള്‍ കൈമാറാന്‍ സാധിക്കില്ലെന്നാണ് മറുപടി.

എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അറിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയത്. മുന്‍ കാഷ്യര്‍ വാസുദേവനെയും ഇന്ന് ഇ.ഡി ചോദ്യം ചെയ്യും. സിഎംആര്‍എല്‍ ഇല്ലാത്ത സേവനത്തിന് പിണറായി വിജയന്റെ മകള്‍ വീണ വിജയനും അവരുടെ സോഫ്റ്റ്‌വെയര്‍ സ്ഥാപനമായ എക്‌സാലോജിക്കിനും ഒരു കോടി 72 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. ഇതിനൊപ്പം ലോണ്‍ എന്ന നിലയിലും വീണയ്ക്ക് പണം നല്‍കിയിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്എഫ്‌ഐഒ) ഇഡി അന്വേഷണങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. മാസപ്പടി കേസ് ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയതാണെന്നും ഇനി മറ്റ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് സിഎംആര്‍എല്‍ ഹര്‍ജിയില്‍ പറയുന്നത്. കോടതി ഹര്‍ജി നാളെ പരിഗണിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.