മെല്‍ബണില്‍ വെല്‍നസ് റിട്രീറ്റില്‍ നിന്ന് പാനീയം കുടിച്ച മധ്യവയസ്‌ക മരിച്ചു; മാജിക് മഷ്‌റൂം ഉപയോഗിച്ചെന്ന സംശയം പ്രകടിപ്പിച്ച് പോലീസ്

മെല്‍ബണില്‍ വെല്‍നസ് റിട്രീറ്റില്‍ നിന്ന് പാനീയം കുടിച്ച മധ്യവയസ്‌ക മരിച്ചു; മാജിക് മഷ്‌റൂം ഉപയോഗിച്ചെന്ന സംശയം പ്രകടിപ്പിച്ച് പോലീസ്

മെല്‍ബണ്‍: ഓസ്ട്രേലിയയിലെ മെല്‍ബണിനു സമീപമുള്ള വെല്‍നെസ് റീട്രീറ്റില്‍ നിന്ന് പാനീയം കുടിച്ച 53 കാരിയായ സ്ത്രീ മരിച്ച നിലയില്‍. പാനീയം കുടിച്ച മറ്റു രണ്ടുപേരെ നിരീക്ഷണത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്തു. മെല്‍ബണിലെ റിംഗ്വുഡ് നോര്‍ത്തില്‍ താമസിക്കുന്ന റേച്ചല്‍ ഡിക്സണാണു മരിച്ചത്.

വിക്‌ടോറിയ സംസ്ഥാനത്തെ ബല്ലാരത്തിന് സമീപമുള്ള ഒരു വെല്‍നസ് റിട്രീറ്റ് സെന്ററില്‍ വെച്ച് പാനീയം കഴിച്ചതിനെ തുടര്‍ന്ന് ഇവര്‍ അബോധാവസ്ഥയിലാകുകയായിരുന്നു. തുടര്‍ന്ന് സിപിആര്‍ നല്‍കിയതിന് ശേഷം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മരണകാരണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നും പൊലീസ് അറിയിച്ചു.

പാനീയത്തില്‍ ലഹരി പദാര്‍ഥമായ മാജിക് മഷ്‌റൂം അടങ്ങിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മരണത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു. ഒരു ബദല്‍ ആരോഗ്യ സേവനമായിട്ടാണ് റിട്രീറ്റ് സെന്റര്‍ സമൂഹ മാധ്യമത്തില്‍ സ്വയം വിശേഷിപ്പിക്കുന്നത്

വിഷാദ രോഗികള്‍ക്ക് രോഗമുക്തിക്കായി ലഹരി മരുന്നുകള്‍ നല്‍കാന്‍ സൈക്യാട്രിസ്റ്റുകളെ അനുവദിച്ച ആദ്യ രാജ്യമായി കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയ മാറിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.