സിഡ്‌നി: സിഡ്‌നിയിലെ പള്ളിയില്‍ ബിഷപ്പിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെച്ചൊല്ലി ഓസ്ട്രേലിയന്‍ ഇ-സേഫ്റ്റി കമ്മിഷണറും ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്സും പോരിനൊരുങ്ങുന്നു. ബിഷപ്പിനെ കത്തി കൊണ്ട് ആവര്‍ത്തിച്ച് കുത്തുന്ന ഭയാനകമായ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് സമൂഹത്തില്‍ പിരിമുറുക്കവും സംഘര്‍ഷവുമുണ്ടായതായി ഓസ്ട്രേലിയന്‍ അധികൃതര്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് അസീറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ സിഡ്‌നിയിലുള്ള ദ ഗുഡ് ഷെപ്പേര്‍ഡ് ചര്‍ച്ചില്‍ ശുശ്രൂഷയ്ക്കിടെ ബിഷപ് മാര്‍ മാറി ഇമ്മാനുവലിന് കുത്തേറ്റത്. അക്രമാസക്തനായ കൗമാരക്കാരന്‍ ബിഷപ്പിനെ ആറു തവണ കുത്തുകയായിരുന്നു. അക്രമിയോടു ക്ഷമിച്ചതായും വിശ്വാസികള്‍ ശാന്തരായിരിക്കണമെന്നും ആശുപത്രിയില്‍ കഴിയുന്ന ബിഷപ് പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പ്രതികരിച്ചിരുന്നു.
അതേസമയം, ബിഷപ്പിനെ കുത്തുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ അതിവേഗത്തില്‍ പ്രചരിച്ചതിനെതുടര്‍ന്ന് പള്ളി വളപ്പില്‍ കലാപ സമാനമായ സാഹചര്യം ഉടലെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് സാമൂഹിക മാദ്ധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കുന്ന ഓസ്ട്രേലിയന്‍ ഇ-സേഫ്റ്റി കമ്മിഷണര്‍, ബിഷപ്പിനെതിരേയുള്ള ആക്രമണവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ പിന്‍വലിക്കണമെന്ന് എക്‌സിനോട് ആവശ്യപ്പെട്ടത്.
ആക്രമണത്തിന്റെ ദൃശ്യങ്ങളടങ്ങിയ പോസ്റ്റുകള്‍ ആഗോളതലത്തില്‍ തടഞ്ഞുവയ്ക്കാന്‍ ഓസ്ട്രേലിയയുടെ ഇ-സേഫ്റ്റി കമ്മിഷണര്‍ ജൂലി ഇന്‍മാന്‍ ഗ്രാന്റ് ആവശ്യപ്പെട്ടതായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സും സ്ഥിരീകരിച്ചു. ഇത് അനുസരിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പ്രതിദിനം 785,000 ഓസ്ട്രേലിയന്‍ ഡോളര്‍ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും എക്‌സ് പറഞ്ഞു. നിലവില്‍ ഇത്തരം പോസ്റ്റുകള്‍ ഓസ്‌ട്രേലിയയില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിലും മറ്റെല്ലാ രാജ്യങ്ങളിലും ലഭ്യമാണ്.
ആക്രമണവുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിന്റെ ആഗോള നിരോധനമാണ് ഓസ്‌ട്രേലിയന്‍ സെന്‍സര്‍ഷിപ്പ് കമ്മിഷണര്‍ ആവശ്യപ്പെടുന്നതെന്ന് ഇലോണ്‍ മസ്‌ക് എക്‌സില്‍ കുറിച്ചു. എന്നാല്‍ എക്സിന്റെ ഉപയോക്താക്കള്‍ക്ക് ആഗോളതലത്തില്‍ എന്ത് ഉള്ളടക്കം കാണാനാകുമെന്ന് നിര്‍ദ്ദേശിക്കാന്‍ ഓസ്‌ട്രേലിയന്‍ ഇ-സേഫ്റ്റി കമ്മിഷണര്‍ക്ക് അധികാരമില്ല. നിയമവിരുദ്ധവും അപകടകരവുമായ ഈ സമീപനത്തെ ഞങ്ങള്‍ കോടതിയില്‍ ശക്തമായി വെല്ലുവിളിക്കുമെന്ന് എക്‌സിന്റെ പ്രതിനിധികള്‍ അറിയിച്ചു.
ഓസ്ട്രേലിയന്‍ നിയമം അനുസരിച്ചാണ് എക്സ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കുമെന്നും കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണോ എന്നത് പരിശോധിക്കുമെന്നും ഇ-സേഫ്റ്റി കമ്മിഷണര്‍ പറഞ്ഞു.
തീവ്രവാദവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനും പങ്കിടുന്നതും തടയാന്‍ പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇ-സേഫ്റ്റി അധികൃതര്‍ അറിയിച്ചു.
സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ഓസ്‌ട്രേലിയയിലെ രാഷ്ട്രീയ നേതാക്കളും ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.