അത്യന്തം വൈകാരികം, വിശ്വാസികളിൽ‌ ചിലർ ബോധരഹിതരായി; ബിഷപ്പിനെ ആക്രമിച്ച ശേഷം ഇന്നലെ ചേർന്ന ദിവ്യബലിക്കിടെ ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേർഡ് പള്ളിയിൽ സംഭവിച്ചത്

അത്യന്തം വൈകാരികം, വിശ്വാസികളിൽ‌ ചിലർ ബോധരഹിതരായി; ബിഷപ്പിനെ ആക്രമിച്ച ശേഷം ഇന്നലെ ചേർന്ന ദിവ്യബലിക്കിടെ ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേർഡ് പള്ളിയിൽ സംഭവിച്ചത്

സിഡ്നി: സിഡ്നിയിലെ ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേർഡ് പള്ളിയിൽ ഏപ്രിൽ 15ന് ബിഷപ്പിന് നേരെയുണ്ടായ വധശ്രമത്തെ തുടർന്ന് ഇന്നലെ വിശ്വാസികൾ വീണ്ടും ദേവാലയത്തിൽ ഒരുമിച്ച് കൂടി. അത്യന്തം വൈകാരികമായ നിമിഷങ്ങളാണ് ദേവാലയത്തിൽ അരങ്ങേറിയത്. ശുശ്രൂഷയ്ക്കിടെ ആളുകൾ ബോധരഹിതരാകുകയും കരയുകയും സങ്കടം പ്രകടിപ്പിക്കുകയും ചെയ്തതായി എബിസി റിപ്പോർട്ട് ചെയ്യുന്നു.

വിശ്വാസികൾ പള്ളിയിലെത്തിയപ്പോൾ വളരെ വൈകാരികമായ നിമിഷങ്ങളാണ് അരങ്ങേറിയത്. ചിലർ കരയാൻ തുടങ്ങി, മറ്റ് ചിലർ ബോധരഹിതരായി എങ്കിലും സന്തോഷകരമായ അന്തരീക്ഷമാണ് ദേവാലയത്തിൽ‌ നിലനിന്നിരുന്നതെന്ന് പതിവായി പള്ളിയിൽ പോകുന്ന സൂസൻ ഖോഷാബ പറഞ്ഞു. ആക്രമണം നടക്കുമ്പോൾ ഖോഷാബയുടെ ഭർത്താവ് പള്ളിയിൽ ഉണ്ടായിരുന്നു.

പള്ളിക്കകത്ത് നടന്ന കാര്യങ്ങളിൽ മാത്രമല്ല പിന്നീടുണ്ടായ കലാപവും പലരെയും വിഷമിപ്പിച്ചു. അതിനെക്കുറിച്ച് ചിന്തിക്കാൻ പോലും ആഗ്രഹിക്കുന്നില്ല. പോലിസുകരാണ് അവരെ സംരക്ഷിക്കാൻ‌ ഇവിടെ എത്തിയതെന്ന് സൂസൻ പറഞ്ഞു. ഞങ്ങൾക്ക് ഞങ്ങളുടെ ബിഷപ്പിനെയും ഫാദർ ഐസക്കിനെയും മിസ് ചെയ്യുന്നു. പക്ഷേ അന്നുണ്ടായ അക്രമ സംഭവങ്ങൾ കൂടുതൽ പ്രാർത്ഥിക്കാനുള്ള പ്രേരണ നൽകുന്നെന്ന് ദേവാലയത്തിൽ ഒരുമിച്ച് കൂടിയവർ പറഞ്ഞു.

അതേ സമയം ബിഷപ് മാര്‍ മാറി ഇമ്മാനുവേലിന് നേരെ ആക്രമണം നടത്തിയ കൗമാരക്കാരനെതിരേ പൊലീസ് തീവ്രവാദക്കുറ്റം ചുമത്തി. രാജ്യത്തെ നടുക്കിയ സംഭവത്തില്‍ ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റമാണ് കുട്ടിക്കുറ്റവാളിക്കെതിരേ ചുമത്തപ്പെട്ടിരിക്കുന്നത്. സിഡ്‌നിയിലെ കുട്ടികളുടെ കോടതിയാണ് കേസ് പരിഗണിക്കുന്നത്. ആക്രമണത്തിനിടെ പരിക്കേറ്റ് പൊലീസ് കാവലില്‍ കഴിയുന്ന അക്രമി ആശുപത്രിക്കിടക്കയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി വെള്ളിയാഴ്ച കോടതിയില്‍ ഹാജരായി.

മതതീവ്രവാദ പ്രേരണയാലാണ് പതിനാറുകാരന്‍ ആക്രമണം നടത്തിയതെന്നാണ് ഓസ്‌ട്രേലിയന്‍ പൊലീസിന്റെ കണ്ടെത്തല്‍. ആറു തവണയാണ് ബിഷപ്പിനെ ഇയാള്‍ കത്തി കൊണ്ട്‌ കുത്തിയത്. പ്രതിയെ തീവ്രവാദ വിരുദ്ധ ടീമിലെ പൊലീസ് വ്യാഴാഴ്ച ചോദ്യം ചെയ്യുകയും തീവ്രവാദ പ്രവര്‍ത്തനത്തിന് കുറ്റം ചുമത്തുകയും ചെയ്തു. തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.