സിഡ്‌നി മാള്‍ ആക്രമണം; ജീവന്‍ രക്ഷിച്ച അമ്മയില്ലാതെ ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞ് ആശുപത്രി വിട്ടു

സിഡ്‌നി മാള്‍ ആക്രമണം; ജീവന്‍ രക്ഷിച്ച അമ്മയില്ലാതെ ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞ് ആശുപത്രി വിട്ടു

സിഡ്‌നി: സിഡ്‌നിയിലെ ബോണ്ടി ജംഗ്ഷനിലുള്ള തിരക്കേറിയ ഷോപ്പിങ് മാളിലുണ്ടായ കത്തിക്കുത്തില്‍ പരിക്കേറ്റ ഒന്‍പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ആശുപത്രി വിട്ടു. പിഞ്ചുകുഞ്ഞിന്റെ അമ്മ ആഷ്‌ലി ഗുഡ്, കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കൊല്ലപ്പെട്ടിരുന്നു. സിഡ്‌നിയിലെ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായതിന് ശേഷമാണ് പെണ്‍കുട്ടി ആശുപത്രി വിട്ടത്. ഈ മാസം 13ന് നടന്ന ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.

നെഞ്ചിലും കയ്യിലുമാണ് കുഞ്ഞിന് കുത്തേറ്റത്. കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച ശേഷമാണ് അമ്മ ആഷ്‌ലി മരിച്ചത്. കുത്തേറ്റ ശേഷവും കുഞ്ഞിനെയുമെടുത്ത് ഓടിയ ആഷ്‌ലി കുഞ്ഞിനെ സമീപത്തുള്ളവര്‍ക്ക് കൈമാറിയെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായവര്‍ പറഞ്ഞു.

തന്റെ കൈകളിലേക്കെത്തുമ്പോള്‍ കുഞ്ഞിന് നല്ല പരുക്കുണ്ടായിരുന്നുവെന്നും തറയിലാകെ രക്തമായിരുന്നുവെന്നും കുഞ്ഞിനെ രക്ഷിച്ച യുവാവ് നേരത്തെ പറഞ്ഞിരുന്നു. രക്തസ്രാവം തടയാനായി അമ്മയുടെയും കുഞ്ഞിന്റെയും മുറിവുകളില്‍ അമര്‍ത്തിപിടിച്ചു. കൈയില്‍ കിട്ടിയ ഷര്‍ട്ട് ഉപയോഗിച്ച് മുറിവില്‍ കെട്ടി. കുഞ്ഞിനെ സംരക്ഷിച്ച രണ്ട് യുവാക്കള്‍ക്കും ആഷ്‌ലിയുടെ കുടുംബം നന്ദി പറഞ്ഞു.

വെസ്റ്റ്ഫീല്‍ഡ് ബോണ്ടി ജംഗ്ഷനിലെ ഷോപ്പിംഗ് മാളിലുണ്ടായ കത്തിക്കുത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ച് പേരും സ്ത്രീകളാണ്. ജോയല്‍ കൌച്ചി എന്ന 40കാരനാണ് ആള്‍ക്കൂട്ടത്തെ ഭീതിയിലാക്കി കത്തിയാക്രമണം നടത്തിയത്. ഇയാളെ പൊലീസ് വെടിവച്ച് വീഴ്ത്തിയിരുന്നു. സംഭവം ഓസ്‌ട്രേലിയയെ പിടിച്ച് കുലുക്കിയിരുന്നു.

ആഷ്‌ലി ഗുഡിന്റെ മകള്‍ ആശുപത്രി വിട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷം ആയിരങ്ങളാണ് ആക്രമണം നടന്ന സ്ഥലത്ത് ഒത്തുകൂടി കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി സമര്‍പ്പിച്ചത്. ഒരു സ്ത്രീയും ഭയന്ന് ജീവിക്കേണ്ട സാഹചര്യമുണ്ടാകരുതെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.

ഏപ്രില്‍ 13ന് പ്രാദേശിക സമയം ഉച്ചയ്ക്കാണ് ആയുധവുമായി ആക്രമി മാളില്‍ പ്രവേശിച്ചത്. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഒരു വനിതാ ഓഫീസറാണ് ആക്രമിയെ വെടിവച്ചത്. സംഭവത്തെ അപലപിച്ച ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി കൊല്ലപ്പെട്ടവരുടെ കുടുംബത്തെ അനുശോചനമറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.