അനിൽ ആന്‍റണിക്കെതിരായ രേഖകളുമായി നന്ദകുമാർ; ശോഭാ സുരേന്ദ്രൻ പത്ത് ലക്ഷം വാങ്ങിയെന്നും ആരോപണം; പിന്നില്‍ കോണ്‍ഗ്രസെന്ന് അനില്‍

അനിൽ ആന്‍റണിക്കെതിരായ രേഖകളുമായി നന്ദകുമാർ; ശോഭാ സുരേന്ദ്രൻ പത്ത് ലക്ഷം വാങ്ങിയെന്നും ആരോപണം; പിന്നില്‍ കോണ്‍ഗ്രസെന്ന് അനില്‍

ന്യൂഡല്‍ഹി: അനില്‍ ആന്റണിക്കെതിരായ ആരോപണങ്ങളില്‍ തെളിവുകള്‍ പുറത്ത് വിട്ട് ദല്ലാള്‍ നന്ദകുമാര്‍. അനില്‍ ആന്റണി നിയമപരമായി നീങ്ങിയാല്‍ നടപടി നേരിടാന്‍ തയ്യാറാണ്. പണം നല്‍കിയ താനും സ്വീകരിച്ച അനില്‍ ആന്റണിയും നിയമത്തിന് മുന്നില്‍ തെറ്റുകാരാണ്. അത് തെളിയിക്കുമെന്നും നന്ദകുമാര്‍ ഡല്‍ഹിയില്‍ പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് സുഹൃത്തിനെ കേരള ഹൈക്കോടതിയിലെ സിബിഐ സ്റ്റാന്‍ഡിംഗ് കോണ്‍സലായി നിയമിക്കാമെന്ന് പറഞ്ഞ് തന്റെ കൈയ്യില്‍ നിന്നും അനില്‍ ആന്റണി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു നന്ദകുമാറിന്റെ ആരോപണം.

പണം കൈമാറിയ സാഗര്‍ രത്‌ന ഹോട്ടലിന്റെ പുറത്ത് ദുബായ് ഡ്യൂട്ടി പെയ്ഡിന്റെ കവറുമായി നന്ദകുമാർ നില്‍ക്കുന്നതിന്റെയും കവര്‍ വാങ്ങുന്നതിന്റെയും ചിത്രങ്ങളാണ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചത് . അനിലിന്റെ പുതിയ ഗൂഢസംഘം എന്ന് പറഞ്ഞ് നരേന്ദ്ര മോഡിക്കൊപ്പം അനില്‍ ആന്റണി, ആന്‍ഡ്രൂസ് ആന്റണി എന്നിവര്‍ നില്‍ക്കുന്ന ചിത്രവും നന്ദകുമാര്‍ പുറത്ത് വിട്ടു.

അനില്‍ ആന്റണിയെ ഇത്തരം വേലകള്‍ പഠിപ്പിച്ചത് ആന്‍ഡ്രൂസ് ആന്റണിയാണെന്നും കാലാ കാലങ്ങളായി പ്രധാനമന്ത്രിയുടെ ഓഫീസുമായി ഇയാൾ ബന്ധപ്പെടുന്നുണ്ടെന്നും നന്ദകുമാര്‍ ആരോപിച്ചു. ഇപ്പോള്‍ ഇവര്‍ എന്‍ഡിഎയ്‌ക്കൊപ്പമാണെങ്കില്‍ ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ ഈ സംഘം അവര്‍ക്കൊപ്പം പോകുമെന്നും നന്ദകുമാര്‍ പറഞ്ഞു. അനില്‍ ആന്‍റണി നന്ദകുമാറിനെ വിളിച്ച ഫോണ്‍ നമ്പറും പുറത്ത് വിട്ടു.

തന്റെ പക്കല്‍ നിന്നും പത്ത് ലക്ഷം രൂപ വാങ്ങിയ ബിജെപിയുടെ ആ ക്രൗഡ് പുള്ളര്‍ നേതാവ് ശോഭാ സുരേന്ദ്രനെന്നും ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു. ശോഭാ സുരേന്ദ്രന്റെ അക്കൗണ്ട് നെയിം ശോഭന സുരേന്ദ്രന്‍ എന്നാണ്. 2014 ലാണ് പണം കൊടുത്തത്. അതൊരു അബദ്ധമായിരുന്നു. അന്ന് പണം കൈമാറാന്‍ നിയന്ത്രണമില്ലായിരുന്നു. ഇന്ന് നിയന്ത്രണമുണ്ട്. രണ്ടാമത് ഡീല്‍ ചെയ്തപ്പോള്‍ അക്കൗണ്ട് വഴിയാണ് കൊടുത്തത് എന്നും നന്ദകുമാര്‍ അവകാശപ്പെടുന്നു.

ശോഭാ സുരേന്ദ്രന്റെ തൃശൂരിലെ പ്രോപ്പര്‍ട്ടി വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ പത്ത് ലക്ഷം രൂപ അഡ്വാന്‍സ് ആവശ്യപ്പെട്ടു. എസ്ബിഐയുടെ പാര്‍ലമെന്റ് സ്ട്രീറ്റ് ബ്രാഞ്ചില്‍ നിന്നാണ് പണം അയച്ചത്. ചെക്ക് വഴിയാണ് പണം നല്‍കിയത്. പണം തിരിച്ചുതന്നില്ലെന്ന് മാത്രമല്ല സ്ഥലം കാണാന്‍ പോയപ്പോഴാണ് മറ്റ് രണ്ട് പേരില്‍ നിന്ന് കൂടി ശോഭ സ്ഥലത്തിന് അഡ്വാന്‍സ് വാങ്ങിച്ചതായി അറിഞ്ഞതെന്ന് നന്ദകുമാർ പറഞ്ഞു.

ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണങ്ങള്‍ തള്ളി അനില്‍ ആന്റണി രം​ഗത്തെത്തി. താന്‍ ആരുടെ കയ്യില്‍ നിന്നും പണം വാങ്ങിയിട്ടില്ല. തിരഞ്ഞെടുപ്പ് കുളമാക്കാന്‍ കൊണ്ടുവന്ന ആരോപണമാണ് തനിക്കെതിരെയുള്ളത്. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ നന്ദകുമാറിനെതിരെ പരാതി നല്‍കുമെന്നും അനില്‍ ആന്റണി പ്രതികരിച്ചു.

നന്ദകുമാറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസാണെന്നും അനില്‍ ആന്റണി ആരോപിച്ചു. സംസ്ഥാനത്തെ താക്കോല്‍സ്ഥാനത്തിരിക്കുന്ന ഒരു നേതാവും ദേശീയ തലത്തിലെ ഒരു നേതാവും നന്ദകുമാറും തമ്മില്‍ നിരന്തരമായി ബന്ധപ്പെടുന്നുണ്ട്. അതാരാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല.

പത്തനംതിട്ടയില്‍ തന്റെ വിജയം ഉറപ്പായതാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. മാധ്യമങ്ങളില്‍ പലരും പത്തനംതിട്ടയില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. തനിക്ക് അനുകൂലമായുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കുന്നില്ല. ആന്റോ ആന്റണിക്കെതിരായ ആരോപണങ്ങളും മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നില്ലെന്നും അനില്‍ ആന്റണി ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.