ഈസ്റ്റർ ദിന ഭീകരാക്രമണത്തിൽ മരിച്ചവരെ രക്തസാക്ഷികളായി അം​ഗീകരിക്കണം; 50,000 ത്തിലധികം ആളുകൾ ഒപ്പിട്ട നിവേദനം കൊളംബോ ആർച്ച് ബിഷപ്പിന് കൈമാറി

ഈസ്റ്റർ ദിന ഭീകരാക്രമണത്തിൽ മരിച്ചവരെ രക്തസാക്ഷികളായി അം​ഗീകരിക്കണം; 50,000 ത്തിലധികം ആളുകൾ ഒപ്പിട്ട നിവേദനം കൊളംബോ ആർച്ച് ബിഷപ്പിന് കൈമാറി

കൊളംബോ: ശ്രീലങ്കയിലെ കൊളംബോയിൽ ഈസ്റ്റർ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിൽ ഇരകളായവരെ പ്രത്യേകം അനുസ്മരിച്ച് ശ്രീലങ്കൻ സഭ. 2019 ഏപ്രിൽ ഇരുപത്തിയൊന്നാം തീയതി സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവർക്കായി കൊളംബോ അതിരൂപതയിലും മറ്റ് രൂപതകളിലും പ്രത്യേക പ്രാർഥനകളും, അനുസ്മരണ ചടങ്ങുകളും നടന്നു. ഏറെ വികാരഭരിതമായ നിമിഷങ്ങൾക്ക് ആയിരക്കണക്കിനു വിശ്വാസികളാണ് സാക്ഷ്യം വഹിച്ചത്.

വിശ്വാസികളെ അടക്കം ചെയ്തിരിക്കുന്ന നിഗംബോയിലെ ‘രക്തസാക്ഷികളുടെ ദൈവാലയം’ എന്നറിയപ്പെടുന്ന സ്ഥലത്ത് കൊല്ലപ്പെട്ട വ്യക്തികളുടെ രക്തസാക്ഷിത്വം ഔദ്യോഗികമായി അംഗീകരിക്കുന്നതിനുള്ള നിവേദനം കൊളംബോ ആർച്ച് ബിഷപ്പ് കർദിനാൾ ആൽബർട്ട് മാൽക്കം രഞ്ജിത്തിന് 50,000 ത്തിലധികം ആളുകളുടെ കൈയൊപ്പോടുകൂടി കൈമാറി.

അതേസമയം രക്തസാക്ഷിത്വം അംഗീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുന്ന പ്രഖ്യാപനവും അനുസ്മരണ ചടങ്ങിൽ നടത്തി. ആക്രമണം നടന്നതിന് ശേഷം അഞ്ച് വർഷങ്ങൾ പിന്നിടുമ്പോഴും യാഥാർഥ്യം പുറത്തു വരാത്തതിനാൽ ഒരു സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണം ആരംഭിക്കാനുള്ള അഭ്യർഥനയും കർദിനാൾ നടത്തി.

2019 ഏപ്രിൽ 21 ഈസ്റ്റർ ദിനത്തിൽ എട്ട് ചാവേറുകൾ രണ്ട് കത്തോലിക്കാ ദേവാലയങ്ങളിലും, ഒരു ഇവാൻജെലിക്കൽ ദേവാലയത്തിലും, മൂന്ന് ആഡംബര ഹോട്ടലുകളിലുമായി നടത്തിയ ഭീകരാക്രമണത്തിൽ 269 പേർ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇരു കത്തോലിക്കാ ദൈവാലയങ്ങളിലും വിശുദ്ധ ബലിയിൽ പങ്കെടുത്തു കൊണ്ടിരുന്ന 171 ആളുകളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താത്തായിരുന്നു ആക്രമണം നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.