'എന്റെ അമ്മയുടെ താലിമാല ഈ രാജ്യത്തിന് വേണ്ടി ത്യജിച്ചതാണ്, മുത്തശിയുടെ സ്വര്‍ണാഭരണങ്ങളും': മോഡിക്കെതിരേ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

'എന്റെ അമ്മയുടെ താലിമാല ഈ രാജ്യത്തിന് വേണ്ടി ത്യജിച്ചതാണ്, മുത്തശിയുടെ സ്വര്‍ണാഭരണങ്ങളും': മോഡിക്കെതിരേ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

ബംഗളുരു: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ താലിമാല പരാമര്‍ശത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. 55 വര്‍ഷം കോണ്‍ഗ്രസ് രാജ്യം ഭരിച്ചിട്ട് ആര്‍ക്കെങ്കിലും സ്വത്ത് വകകളോ അവരുടെ താലിമാലകളോ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പ്രിയങ്ക ഗാന്ധി ബംഗളൂരുവില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തില്‍ പ്രസംഗിക്കവേ ചോദിച്ചു.

എന്റെ അമ്മ അവരുടെ താലിമാല ഈ രാജ്യത്തിന് വേണ്ടിയാണ് ത്യജിച്ചത്. യുദ്ധകാലത്ത് എന്റെ മുത്തശി ഇന്ദിരാ ഗാന്ധി അവരുടെ സ്വര്‍ണാഭരണങ്ങള്‍ രാജ്യത്തിന് വേണ്ടിയാണ് നല്‍കിയതെന്നും പ്രിയങ്ക പറഞ്ഞു. ബിജെപിക്ക് സ്ത്രീകളുടെ പോരാട്ടം മനസിലാക്കാന്‍ കഴിയില്ല എന്നതാണ് സത്യം.

താലിമാലയുടെ മൂല്യം അറിയാമായിരുന്നുവെങ്കില്‍ മോഡി ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തുമായിരുന്നില്ല. നോട്ട് നിരോധനം വന്നപ്പോള്‍ സ്ത്രീകളുടെ സ്വത്ത് മുഴുവന്‍ അദേഹം കൊളളയടിച്ചു. കര്‍ഷക കലാപത്തില്‍ 600 ഓളം പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. അത്തരത്തില്‍ മരിച്ച കര്‍ഷകരുടെ ഭാര്യമാരെക്കുറിച്ച് അദേഹം ചിന്തിച്ചിട്ടുണ്ടോ?

പ്രധാനമന്ത്രി നരേന്ദ്ര മോഡിയില്‍ നിന്ന് നമ്മള്‍ കേള്‍ക്കുന്നത് വികസനത്തെ കുറിച്ചോ, ജനങ്ങളുടെ പുരോഗതിയെ കുറിച്ചോ അല്ല. പകരം വിദ്വേഷ പരാമര്‍ശങ്ങളാണ്. ഇത്തവണ 400 സീറ്റ് തികയ്ക്കുമെന്നും ഭരണഘടന മാറ്റുമെന്നുമാണ് മോഡി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത്തരക്കാരെയാണോ നമുക്ക് വേണ്ടതെന്ന് ചിന്തിക്കണമെന്നും പ്രിയങ്ക പറഞ്ഞു.

കഴിഞ്ഞ ദിവസം രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് യോഗത്തില്‍ മോഡി നടത്തിയ വിഭാഗീയ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു പ്രിയങ്ക ഗാന്ധി. 'കോണ്‍ഗ്രസ് അവരുടെ പ്രകടന പത്രികയില്‍ പറയുന്നതനുസരിച്ച് നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും കൈവശമുള്ള സ്വര്‍ണം എടുത്ത് കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും നുഴഞ്ഞു കയറിയവര്‍ക്കുമായിരിക്കും വിതരണം ചെയ്യുക എന്നതായിരുന്നു മോഡിയുടെ വിവാദ പരാമര്‍ശം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.