സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി. യെമന്‍ തലസ്ഥാനമായ സനയിലെ ജയിലിലെത്തിയാണ് പ്രേമ കുമാരി മകളെ കണ്ടത്.
പ്രേമ കുമാരിക്കൊപ്പമുണ്ടായിരുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടിനാണ് നിമിഷ പ്രിയയെ കാണാന്‍ അനുമതി ലഭിച്ചത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമ്മയും മകളും നേരില്‍ കാണുന്നത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനായ നാഫയും ഒപ്പമുണ്ടായിരുന്നു.
ഏറെക്കാലത്തിന് ശേഷം മകളെ കണ്ടതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് അമ്മ പ്രേമകുമാരി. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അടുത്ത നടപടി. ഇന്ന് തന്നെ ഗോത്ര തലവന്‍മാരുമായുള്ള ചര്‍ച്ച നടക്കുന്നുണ്ട്. യെമനില്‍ സ്വാധീനമുള്ള വ്യക്തികളുടെ സഹായത്തോടെയാണ് ചര്‍ച്ചകള്‍ നടക്കുന്നത്.
ബ്ലഡ് മണി നല്‍കി ഇരയുടെ കുടുംബവുമായി ഒത്തുതീര്‍പ്പുണ്ടാക്കാനാണ് ശ്രമം. ബന്ധുക്കള്‍ മാപ്പ് നല്‍കിയാല്‍ നിമിഷ പ്രിയയുടെ മോചനത്തിന് വഴിയൊരുങ്ങും. 2017 ല്‍ ജൂലായ് 25ന് യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷയെ വധ ശിക്ഷയ്ക്ക് വിധിച്ചത്.
യെമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ പിന്നീട് നിമിഷ പ്രിയയുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് ഭാര്യയാക്കി വയ്ക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ, ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന നഴ്‌സിന്റെയും മറ്റൊരു യുവാവിന്റെയും നിര്‍ദേശ പ്രകാരം അമിത ഡോസ് മരുന്ന് കുത്തിവച്ചതോടെ തലാല്‍ മരണപ്പെടുകയായിരുന്നു. മരുന്ന് കുത്തിവയ്ക്കുന്നതിന് സഹായിച്ച യെമന്‍ സ്വദേശിയായ നഴ്‌സ് ഹാന്‍ ഇതേ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.