പ്രതിഷേധം ശക്തമായി; മോഡിയുടെ വിദ്വേഷ പ്രസംഗത്തില്‍ മൗനം തുടര്‍ന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവസാനം വിശദീകരണം തേടി

പ്രതിഷേധം ശക്തമായി; മോഡിയുടെ വിദ്വേഷ പ്രസംഗത്തില്‍ മൗനം തുടര്‍ന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവസാനം വിശദീകരണം തേടി

ന്യൂഡല്‍ഹി: രാജ്യത്താകമാനം പ്രതിഷേധം ശക്തമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ അദേഹത്തോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 29 ന് രാവിലെ 11 മണിക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് കമ്മീഷന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാജസ്ഥാനില്‍ നടത്തിയ മുസ്ലിം വിരുദ്ധ പ്രസംഗത്തിലാണ് നടപടി.

കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം പ്രസംഗത്തിനെതിരെ പരാതി നല്‍കിയിരുന്നെങ്കിലും പ്രതികരിക്കാതെ മൗന വൃതത്തിലായിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിഷേധം വിദ്യാര്‍ഥി പ്രസ്ഥാനങ്ങളടക്കം ഏറ്റെടുത്തതോടെയാണ് നടപടിയിലേക്ക് നീങ്ങിയത്. ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പോസ്റ്റര്‍ പ്രചാരണം നടത്തിയിരുന്നു.

രാജ്യത്തിന്റെ സമ്പത്തിനുമേല്‍ കൂടുതല്‍ അധികാരം മുസ്ലിങ്ങള്‍ക്കാണെന്ന് കോണ്‍ഗ്രസ് മുമ്പ് പറഞ്ഞിട്ടുണ്ടെന്നും വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറി വന്ന മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്നും അത് അവരുടെ പ്രകടന പത്രികയില്‍ പറയുന്നുണ്ടെന്നുമായിരുന്നു രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയില്‍ മോഡി പ്രസംഗിച്ചത്.

അതേസമയം ഉത്തര്‍പ്രദേശില്‍ രാമക്ഷേത്രവും സിഖ് മതഗ്രന്ഥവും പരാമര്‍ശിച്ച് വോട്ട് ചോദിച്ചെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മോഡിക്ക് ക്ലീന്‍ചിറ്റ് നല്‍കി. ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ നടത്തിയ പ്രസംഗത്തിന് എതിരെ നല്‍കിയ പരാതിയിലാണ് ക്ലീന്‍ചിറ്റ്.

രാമക്ഷേത്രത്തെ കുറിച്ചും സിഖ് മതഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിനെ കുറിച്ചും നടത്തിയ പരാമര്‍ശത്തിനെതിരെ, മോഡി മതം പറഞ്ഞ് വോട്ട് തേടിയെന്ന് ആരോപിച്ച് സുപ്രീം കോടതി അഭിഭാഷകന്‍ ആനന്ദ് ജൊന്താലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.