സംസ്ഥാനത്ത് വോട്ടെടുപ്പ് അവസാനിച്ചു: പോളിങ് 70.80 ശതമാനം; കൂടുതല്‍ കണ്ണൂരില്‍, കുറവ് പത്തനംതിട്ടയില്‍

 സംസ്ഥാനത്ത് വോട്ടെടുപ്പ് അവസാനിച്ചു: പോളിങ് 70.80 ശതമാനം; കൂടുതല്‍ കണ്ണൂരില്‍, കുറവ് പത്തനംതിട്ടയില്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം 20 മണ്ഡലങ്ങളിലെയും വിധിയെഴുതി. നിശ്ചിത സമയ പരിധിയും കഴിഞ്ഞ് നാലര മണിക്കൂറിലേറെ പിന്നിട്ട ശേഷമാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് പൂര്‍ത്തിയായത്. 70.80 ശതമാനം പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. അന്തിമ കണക്ക് വരുമ്പോള്‍ ഇത് ഉയരുമെന്നാണ് പ്രതീക്ഷ. ഇതിന് പുറമേ തപാല്‍ വോട്ടുകള്‍ കൂടി ചേര്‍ക്കുമ്പോള്‍ പോളിങ് 72 ശതമാനം പിന്നിട്ടേക്കാം.

പോളിങ് സമയം അവസാനിച്ചെങ്കിലും പല ബൂത്തുകളിലും നീണ്ട നിര തുടര്‍ന്നു. കനത്ത ചൂടിലും മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്. ആറ് മണിക്ക് ഔദ്യോഗികമായി സമയം അവസാനിച്ചെങ്കിലും ടോക്കണ്‍ കൈപ്പറ്റി ക്യൂവില്‍ തുടരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം ഒരുക്കുകയായിരുന്നു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്- 75.74%. പത്തനംതിട്ടയിലാണ് കുറവ്- 63.35%. 11 മണ്ഡലങ്ങളില്‍ പോളിങ് സംസ്ഥാന ശരാശരിക്കും മുകളിലാണ്. ആലപ്പുഴയില്‍ -74.25 ശതമാനവും രേഖപ്പെടുത്തി. 63.34% രേഖപ്പെടുത്തിയ പത്തനംതിട്ടയിലും 65.86% രേഖപ്പെടുത്തിയ മാവേലിക്കരയിലും ആണ് പോളിങ് കുറവ്. 2019 ല്‍ 77.84 ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിങ്.

വിവിധ മണ്ഡലങ്ങളിലെ പോളിങ്

തിരുവനന്തപുരം-66.43%
ആറ്റിങ്ങല്‍-69.40%
കൊല്ലം-67.92%
പത്തനംതിട്ട-63.65%
മാവേലിക്കര-65.88%
ആലപ്പുഴ-74.37%
കോട്ടയം-65.59%
ഇടുക്കി-66.39%
എറണാകുളം-68.10%
ചാലക്കുടി-71.68%
തൃശൂര്‍-72.11%
പാലക്കാട്-72.68%
ആലത്തൂര്‍-72.66%
പൊന്നാനി-67.93%
മലപ്പുറം-71.68%
കോഴിക്കോട്-73.34%
വയനാട്-72.85%
വടകര-73.36%
കണ്ണൂര്‍-75.74%
കാസര്‍കോഡ്-74.28%

അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് സംസ്ഥാനത്ത് സുഗമവും സുരക്ഷിതവുമായി പൂര്‍ത്തിയായെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ആറിന് ശേഷവും ക്യൂവിലുണ്ടായിരുന്ന മുഴുവന്‍ പേര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ഒരുക്കി. സംസ്ഥാനത്തൊരിടത്തും അനിഷ്ട സംഭവ വങ്ങളുണ്ടായില്ല. ചിലയിടങ്ങളില്‍ ഉണ്ടായ സാങ്കേതിക പ്രശ്നങ്ങളും പരാതികളും അപ്പപ്പോള്‍ തന്നെ പരിഹരിക്കാന്‍ കഴിഞ്ഞുവെന്നും സഞ്ജയ് കൗള്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.