അമേരിക്കയിലെ 25-ലധികം സര്‍വകലാശാലകളില്‍ പാലസ്തീന്‍ അനുകൂല പ്രതിഷേധം; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ 500-ലേറെ പേര്‍ അറസ്റ്റില്‍

അമേരിക്കയിലെ 25-ലധികം സര്‍വകലാശാലകളില്‍ പാലസ്തീന്‍ അനുകൂല പ്രതിഷേധം; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ 500-ലേറെ പേര്‍ അറസ്റ്റില്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ പാലസ്തീനെ പിന്തുണച്ച് പ്രതിഷേധിച്ച അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 550-ലേറെ പേര്‍ അറസ്റ്റില്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിലാണ് ഇത്രയും പേര്‍ അമേരിക്കയില്‍ അറസ്റ്റിലായതെന്ന്  അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ച മാത്രം 61 പേരാണ് അറസ്റ്റിലായിട്ടുള്ളത്. കൊളംബിയ സര്‍വ്വകലാശാലയിലാണ് വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്ക് ആരംഭം കുറിച്ചത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ കൂടുതല്‍ സര്‍വ്വകലാശാലകളിലേക്ക് സമരം വ്യാപിച്ചുകഴിഞ്ഞു. അറസ്റ്റിലായവരില്‍ ഇന്ത്യന്‍ വംശജയും ഉള്‍പ്പെടുന്നു.

ഇസ്രയേലിനെതിരായ അതിരുവിട്ട പ്രതിഷേധം അമേരിക്കയിലെ 25-ലേറെ സര്‍വകലാശാലകളിലേക്കു വ്യാപിച്ചുകഴിഞ്ഞു. ബോസ്റ്റണിലെ എമേഴ്‌സണ്‍ കോളജില്‍ 108 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലോസ് ഏഞ്ചലസിലെ സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലും ഓസ്റ്റിനിലെ ടെക്‌സാസ് സര്‍വകലാശാലയിലും നിരവധി പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊളംബിയ സര്‍വകലാശാലയില്‍ ആരംഭിച്ച പ്രതിഷേധം ഹാര്‍വാര്‍ഡ്, യേല്‍ തുടങ്ങിയ സര്‍വകലാശാലകളിലേക്കും വ്യാപിക്കുകയായിരുന്നു. ടെക്‌സാസ് സര്‍വകലാശാലയുടെ ഓസ്റ്റിന്‍ ക്യാമ്പസില്‍ 34 വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.

ജോര്‍ജ് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി, ബ്രൗണ്‍ സര്‍വകലാശാല, മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കാലിഫോര്‍ണിയ സ്റ്റേറ്റ് പോളിടെക്‌നിക്, മിഷിഗണ്‍ സര്‍വകലാശാല ക്യാമ്പസുകളിലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നുണ്ട്.

പ്രിന്‍സ്ടണ്‍ സര്‍വ്വകലാശാലയില്‍ ടെന്റ് കെട്ടി പ്രതിഷേധിച്ച ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിനിയെയും പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശിനി അചിന്ത്യ ശിവലിംഗമാണ് പൊലീസിന്റെ പിടിയിലായത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ കൂടാതെ നിരവധി വിദ്യാര്‍ത്ഥികളെയും അറസ്റ്റ് ചെയ്തു.

അചിന്ത്യയെ സര്‍വകലാശാലയില്‍ നിന്ന് വിലക്കിയിട്ടുണ്ട്. സര്‍വ്വകലാശാല പരിസരത്ത് നടന്ന പാലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് നടപടി. കോയമ്പത്തൂരില്‍ ജനിച്ച അചിന്ത്യ ശിവലിംഗം ഒഹായോയിലെ കൊളംബസിലാണ് വളര്‍ന്നത്. സഹപാഠിക്കൊപ്പമാണ് അചിന്ത്യ ക്യാമ്പസില്‍ പാലസ്തീന്‍ അനുകൂല ടെന്റുകള്‍ കെട്ടിയത്. പ്രതിഷേധം സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സര്‍വ്വകലാശാല വക്താവ് വിശദമാക്കി. സര്‍വകലാശാല നിയമങ്ങള്‍ ലംഘിച്ചതിനാണ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്.

അതേസമയം, കാമ്പസില്‍ ഒരാഴ്ചയിലേറെയായി നടക്കുന്ന ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ സംബന്ധിച്ച് കൊളംബിയ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് മിനൗഷെ ഷഫിക്കിനെതിരേ അന്വേഷണം ആവശ്യപ്പെടുന്ന പ്രമേയത്തിന് യൂണിവേഴ്‌സിറ്റി സെനറ്റിന്റെ അംഗീകാരം. മൂന്ന് സെനറ്റ് അംഗങ്ങള്‍ വിട്ടുനിന്നതോടെ 62-14 വോട്ടിന് പ്രമേയം അംഗീകരിച്ചു. ന്യൂയോര്‍ക്ക് പോലീസിനെ ക്യാമ്പസിലേക്ക് പ്രവേശിപ്പിച്ചതില്‍ നിരവധി വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രസിഡന്റിനെതിരേ വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രസിഡന്റ് സര്‍വകലാശാല പ്രോട്ടോക്കോളുകള്‍ ലംഘിച്ചുവെന്ന് പ്രമേയം ആരോപിക്കുന്നു. അതേസമയം, പ്രസിഡന്റിനെ നീക്കം ചെയ്യാന്‍ യൂണിവേഴ്‌സിറ്റി സെനറ്റിന് അധികാരമില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.