ലണ്ടന്‍: ഇന്ത്യന്‍ ജെസ്യൂട്ട് പുരോഹിതനും സാമൂഹിക പ്രവര്‍ത്തകനുമായ എണ്‍പത്തിമൂന്നുകാരന്‍ ഫാ. സ്റ്റാന്‍ സ്വാമിയെ മോചിപ്പിക്കണമെന്ന് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് പ്രസിഡന്റ് കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളസ് ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യദ്രോഹക്കുറ്റവും ഭീകരവാദവും ആരോപിക്കപ്പെട്ട് ഫാ. സ്റ്റാന്‍ സ്വാമി ജയിലിലടക്കപ്പെട്ടിട്ട് നൂറ് ദിവസം കഴിഞ്ഞു.
എന്നാല്‍ ഈ കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് തല്‍പര്യമില്ലെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒഴിഞ്ഞുമാറി. മുമ്പ് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ കര്‍ദ്ദിനാള്‍മാര്‍ പ്രധാനമന്ത്രിയെ കണ്ട് ഈ ആവശ്യമുന്നയിച്ചപ്പോഴും ഇതേ മറുപടിയാണ് മോഡി നല്‍കിയത്.
മാനുഷിക പരിഗണന നല്‍കി ഫാ. സ്റ്റാന്‍ സ്വാമിയെ ജയില്‍ വിമുക്തനാക്കണമെന്ന് റിപ്പബ്ലിക് ദിനത്തില്‍ നല്‍കിയ കത്തില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ അതിരൂപത കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ്, ബ്രിട്ടനിലെ ജസ്യൂട്ട് വൈദികരുടെ പ്രൊവിന്‍ഷ്യല്‍ ഫാ.ഡാമിയന്‍ ഹോവാര്‍ഡ് എസ്ജെ എന്നിവര്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന് ആവശ്യമായ വൈദ്യസഹായം സ്വീകരിക്കാന്‍ അത് സഹായകമാകുമെന്നും കത്തില്‍ പറയുന്നു.
പാര്‍ക്കിന്‍സണ്‍സ് രോഗം മൂലം ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും മറ്റും ഫാ. സ്വാമിയ്ക്ക് പരസഹായം ആവശ്യമാണ്. ഇന്ത്യയിലെ ഏറ്റവും ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ആളുകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ തന്റെ ജീവിതം സമര്‍പ്പിച്ചതാണ് വയോധികനായ ഈ വൈദികനെന്ന് കത്തില്‍ പറയുന്നു. നിരവധി ജെസ്യൂട്ട് വൈദികര്‍ ഇതിനകം തന്നെ ജീവത്യാഗം ചെയ്തിട്ടുണ്ട് എന്നും മുംബൈയിലെ തിരക്കേറിയ ജയിലില്‍ കോവിഡ് ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും കത്തിലൂടെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. യു.എന്‍ പ്രതിനിധികകളും ഇതേ കാര്യം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.
നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ) ഒക്ടോബര്‍ എട്ടിന് ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലെ വസതിയില്‍ വച്ച് മറ്റ് 16 പേരോടൊപ്പമാണ് ഫാ. സ്റ്റാനിയെ അറസ്‌റ് ചെയ്തത്. മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവ് പ്രദേശത്ത് അക്രമങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി എന്നാരോപിച്ചായിരുന്നു അറസ്റ്റ് . മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ടിരിക്കുന്ന വൈദികന് പലതവണ എന്‍ഐഎ ജാമ്യം നിഷേധിച്ചു.
രാജ്യത്തിന് അകത്തും പുറത്തുമുള്ള പല സഭാ സംഘടനകളും ഫാ സ്റ്റാന്‍ സ്വാമിക്കുവേണ്ടി അഭ്യര്‍ത്ഥനയുമായി സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഈ മാസം ആദ്യം സിബിസിഇ ഡബ്ല്യുവിന്റെ ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്മെന്റ് ചെയര്‍മാനായ ബിഷപ്പ് ഡെക്ലാന്‍ ലാംഗ്, ഫാ. സ്വാമിയുടെ കേസ് യു.കെ സര്‍ക്കാരിന്റെ മുന്‍പാകെ നേരിട്ട് അവതരിപ്പിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.