എന്തിനാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കെജരിവാളിനെ അറസ്റ്റ് ചെയ്തത്? ഇ.ഡിയോട് സുപ്രീം കോടതി

എന്തിനാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കെജരിവാളിനെ അറസ്റ്റ് ചെയ്തത്? ഇ.ഡിയോട് സുപ്രീം കോടതി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ എന്തിനാണ് പൊതു തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അറസ്റ്റ് ചെയ്തതെന്ന ചോദ്യത്തിന് മറുപടി നൽകണമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനോട് സുപ്രീം കോടതി. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി കേസിലെ അറസ്റ്റ് ചോദ്യം ചെയ്ത് കൊണ്ട് കെജരിവാൾ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ഇ. ഡിയെ രൂക്ഷമായി വിമർശിച്ച കോടതി കെജരിവാളിനെ അറസ്റ്റ് ചെയ്ത സമയത്തിന്‍റെ പ്രാധാന്യത്തെ കുറിച്ചുള്ള ചോദ്യത്തിന് ഇ. ഡി മറുപടി നൽകണമെന്ന് നിർദേശിച്ചു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ നടപടികളൊന്നും എടുത്തിട്ടില്ലെന്നും കെജരിവാളിന് കേസിൽ നേരിട്ട് പങ്കുണ്ടെന്നതിന് ഒരു തെളിവുമില്ലെന്നും അദേഹത്തിന്‍റെ അഭിഭാഷകൻ അഭിഷേക് മനു സിങ്വി ചൂണ്ടിക്കാട്ടി.

അഞ്ച് മൊഴികളല്ലാതെ കെജരിവാളിനെതിരേ മറ്റൊന്നുമില്ലെന്ന് അഭിഷേക് മനു സിങ്വി കോടതിയിൽ പറഞ്ഞു. 2022 ഡിസംബര്‍ മുതല്‍ 2023 ജൂലൈ വരെ കെജരിവാളിനെതിരേ ഒരു മൊഴിപോലുമില്ല. ജൂലൈയില്‍ ഒരാള്‍ കസ്റ്റഡിയില്‍ കെജരിവാളിനെതിരെ മൊഴി നല്‍കുന്നു. മാര്‍ച്ച് 21ന് കെജരിവാളിനെ അറസ്റ്റ് ചെയ്യുകയായിരുന്നെന്നും അദേഹം പറഞ്ഞു.

കേസിൽ വാദം കേൾക്കൽ വെള്ളിയാഴ്ച തുടരും. മാർച്ച് 21നാണ് കെജരിവാളിനെ ഇ. ഡി അറസ്റ്റ് ചെയ്തത്. വിചാരണ കോടതി അദ്ദേഹത്തെ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. പിന്നീട് ഇത് രണ്ട് തവണയായി മേയ് ഏഴ് വരെ നീട്ടിയിരിക്കുകയാണ്. നിലവിൽ തിഹാർ ജയിലിലാണ് കെജരിവാൾ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.