തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ നിര്‍ണായകമാകേണ്ടിയിരുന്ന കെ.എസ്.ആർ.ടി.സി വീഡിയോ റെക്കോര്‍ഡറില്‍ മെമ്മറി കാര്‍ഡ് ഇല്ലെന്ന് പൊലീസ്. ഇന്ന് നടത്തിയ പരിശോധനയില്‍ പൊലീസ് ബസിലെ ഡിവിആര്‍ (ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍) കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഡിവിആറില്‍ മെമ്മറി കാര്‍ഡ് ഇല്ലെന്നാണ് പരിശോധനയില്‍ വ്യക്തമായത്.
മെമ്മറി കാര്‍ഡ് കാണേണ്ടതാണെന്ന് എസ്.എച്ച്.ഒ ജയകൃഷ്ണന്‍ പ്രതികരിച്ചു. മെമ്മറി കാര്‍ഡ് മാറ്റിയതാണോ എന്നതടക്കം പരിശോധിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ബസിലെ യാത്രക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.
മേയര്‍ക്കും എംഎല്‍എക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവര്‍ യദു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കന്റോണ്‍മെന്റ് പൊലീസിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാത്തതിനെ തുടര്‍ന്നാണ് യദു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നേരിട്ട് പരാതി നല്‍കിയത്. കേസ് എടുത്തില്ലെങ്കിലും മേയര്‍ക്കെതിരെ നിയമ പോരാട്ടം തുടരുമെന്നാണ് യദു ആവര്‍ത്തിക്കുന്നത്.
അതിനിടെ ബസ് സര്‍വീസ് തടഞ്ഞ മേയര്‍ക്കും എംഎല്‍എക്കും എതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് കെഎസ്‌യു പരാതി നല്‍കിയിരുന്നു. നടുറോഡില്‍ ബസിന് മുന്നില്‍ മേയറുടെ കാര്‍ കുറുകെ നിര്‍ത്തിയതടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്ത് വന്ന പശ്ചാത്തലത്തില്‍, എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്ന ചോദ്യം പ്രതിപക്ഷവും ശക്തമായി ഉയര്‍ത്തിയിരുന്നു. വിഷയത്തില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് ഓഫീസറുടെ അന്വേഷണവും സാമാന്തരമായി നടക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.