ലോകത്ത് ഏറ്റവുമധികം മതപീഡനം നടക്കുന്നത് അഫ്ഗാനിലും അസര്‍ബൈജാനിലും; നൈജീരിയയെയും പിന്നിലാക്കി ഏഴാം സ്ഥാനത്ത് ഇന്ത്യ

ലോകത്ത് ഏറ്റവുമധികം മതപീഡനം നടക്കുന്നത് അഫ്ഗാനിലും അസര്‍ബൈജാനിലും; നൈജീരിയയെയും പിന്നിലാക്കി ഏഴാം സ്ഥാനത്ത് ഇന്ത്യ

വാഷിങ്ടൺ ഡിസി: ലോകത്ത് ഏറ്റവും അധികം മത സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന രാജ്യങ്ങൾ അഫ്​ഗാനിസ്ഥാനും അസർബൈജാനുമെന്ന് റിപ്പോർട്ട്. യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം(യു.എസ്.സി.ഐ.ആർ.എഫ്) പുറത്തു വിട്ട കണക്കിൽ ഇന്ത്യ ഏഴാം സ്ഥാനത്താണ്. നൈജീരിയ അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യക്ക് പിന്നിലാണെന്നത് ശ്രദ്ധേയം. ലോകത്തെ എല്ലാ രാജ്യങ്ങളിലെയും മതസ്വാതന്ത്ര്യത്തെക്കുറിച്ച് പഠിക്കുകയും അമേരിക്കൻ പ്രസിഡന്റിനും കോൺ​ഗ്രസിനും അമേരിക്കൻ വിദേശകാര്യ സെക്രട്ടറിക്കും നയപരമായ റിപ്പോർട്ടുകൾ സമർപ്പിക്കുന്ന സമിതിയാണിത്.യു.എസ് കമ്മീഷൻ റിപ്പോർട്ടനുസരിച്ച് അഫ്ഗാനിസ്ഥാൻ, അസർബൈജാൻ, ബർമ്മ, ചൈന, ക്യൂബ, എറിത്രിയ, ഇന്ത്യ, ഇറാൻ, നിക്കരാഗ്വ, നൈജീരിയ, ഉത്തരകൊറിയ, പാകിസ്ഥാൻ, റഷ്യ, സൗദി അറേബ്യ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നീ രാജ്യങ്ങളാണ് മത സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന രാജ്യങ്ങൾ. ‘പ്രത്യേക പരിഗണനയുള്ള രാജ്യങ്ങൾ’ എന്ന ഗണത്തിലാണ് യു.എസ്, കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ഈ രാജ്യങ്ങളെ പരിഗണിക്കുന്നത്. അതിർത്തികൾക്കുള്ളിലെ മതപീഡനങ്ങൾക്ക് പുറമേ, നിരവധി ഗവൺമെൻ്റുകൾ മത ന്യൂനപക്ഷങ്ങളെ നിശബ്ദമാക്കാൻ പലതരത്തിലുമുള്ള അടിച്ചമർത്തലുകൾ നടത്തിവരുന്നു എന്ന് യു.എസ്, സി.ഐ ആർ.എഫ് വെളിപ്പെടുത്തി.ലോകത്തിലെ മതസ്വാതന്ത്ര്യത്തിനെതിരായ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളിൽ ഒന്നാണ് മതനിന്ദ നിയമങ്ങൾ. റിപ്പോർട്ട് അനുസരിച്ച് 96 രാജ്യങ്ങളിൽ മതനിന്ദ നിയമങ്ങൾ സജീവമാണ്. അവയിൽ പലതും മതന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം വളർത്താൻ ഉപയോഗിക്കുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇന്ത്യ ഈ റിപ്പോർട്ടിനെ കുറ്റപ്പെടുത്തി രം​ഗത്തെത്തി. ഇത് രാഷ്ട്രീയ പക്ഷപാതമുള്ള റിപ്പോർട്ടാണെന്നും വിശ്വാസയോ​ഗ്യമല്ലെന്നും ഇന്ത്യ വ്യക്തമാക്കി.

അഫ്ഗാനിസ്ഥാൻ

താലിബാൻ ഭരണത്തിൻ കീഴിൽ അഫ്ഗാനിസ്ഥാനിൽ മത സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും മോശമായിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇസ്ലാമിൽ നിന്നുള്ള മതപരിവർത്തനം തടയുന്ന നിയമം രാജ്യം അക്രമാസക്തമായി നടപ്പാക്കുകയാണ്. സ്ത്രീകളുടെ വസ്ത്ര ധാരണം, സഞ്ചാരം, വിദ്യാഭ്യാസം, തൊഴിൽ എന്നിവയിൽ കടുത്ത നിയന്ത്രണങ്ങളാണ് അഫ്​ഗാനിസ്ഥാൻ നടപ്പിലാക്കുന്നത്.

അസർബൈജാൻ

അർമേനിയൻ ക്രിസ്ത്യാനികളെ പോലുള്ള വംശീയ ന്യൂനപക്ഷങ്ങളുടെ മതപരമായ അവകാശങ്ങളിൽ അസർബൈജാൻ കടന്നുകയറുകയാണ്. അസർബൈജാനി പൗരന്മാർ ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുകയും പിഴ ചുമത്തുകയും തടവിലിടുകയും ചെയ്യുന്നെന്ന് റിപ്പോർട്ട് പറയുന്നു. 2023 ൽ അസർബൈജാനിൽ 183 വിശ്വാസികൾ അവരുടെ മതപരമായ വിശ്വാസങ്ങളോ പ്രവർത്തനങ്ങളോ കാരണം അന്യായമായി തടവിലാക്കപ്പെട്ടുവെന്ന് റിപ്പോർട്ട് പറയുന്നു.

അസർബൈജാനികളുടെ അക്രമാസക്തമായ കൈയടക്കലിനും തുടർന്നുള്ള അർമേനിയൻ ക്രിസ്ത്യാനികളുടെ കൂട്ട പലായനത്തിനും ശേഷം നാഗോർണോ- കറാബാഖ് പ്രദേശത്തെ ക്രൈസ്തവർ ദുരിരത്തിലായി. ക്രിസ്ത്യാനികളുടെ ഭവനങ്ങളും മതസ്ഥാപനങ്ങളും അവർ‌ നശിപ്പിച്ചു. അർമേനിയൻ അതിർത്തിയോട് ചേർന്നുള്ള കൽബജാർ മേഖലയിലെ ചരിത്രപ്രസിദ്ധമായ ദാദിവാങ്ക് ആശ്രമത്തിൽ നിന്ന് അസർബൈജാൻ അർമേനിയൻ അപ്പസ്തോലിക പുരോഹിതരെയും പുറത്താക്കി.

ചൈന

ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് കീഴിൽ എല്ലാ മതങ്ങളെയും ഭരണകൂടം കർശനമായി നിയന്ത്രിക്കുന്നതിന്റെ തീക്ഷ്ണത റിപ്പോർട്ട് തുറന്നുകാട്ടുന്നു. 2023 ൽ നിരവധി വിശ്വാസികളെ കാണാതായി. രണ്ട് ബിഷപ്പുമാർ ഉൾപ്പെടെയുള്ള കത്തോലിക്കാ പുരോഹിതരെ ശിക്ഷിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ട് പറയുന്നു. മുസ്ലീം ഉയിഗൂറുകളെ നിർബന്ധിത തൊഴിലുകൾക്കും ക്യാമ്പുകൾക്കും വിധേയമാക്കുകയും ഫലുൻ ഗോങ് മതപ്രസ്ഥാനത്തിലെ ആയിരക്കണക്കിന് അംഗങ്ങളെ പീഡിപ്പിക്കുകയും തടവിലിടുകയും ചെയ്തു.

ഇന്ത്യ

ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യ ലോക വേദിയിൽ ഒരു നേതാവായി വളർന്ന് വരികയാണെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഹിന്ദു നാഷണലിസ്റ്റ് ഗവൺമെൻ്റ് ഇന്ത്യയിലെ മതസ്വാതന്ത്ര്യം വഷളാകുന്ന അവസ്ഥയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്. രാജ്യത്തിൻ്റെ ഭരണഘടന ഒരാളുടെ വിശ്വാസം ആചരിക്കാനുള്ള അവകാശം സംരക്ഷിക്കുന്നുണ്ടെങ്കിലും മറ്റ് മതസ്ഥർക്കെതിരെ മതപരിവർത്തന വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കുന്നു. ഇന്ത്യയിൽ 2023 ൽ മാത്രം ആയിരക്കണക്കിന് ക്രിസ്ത്യാനികളും മുസ്ലീങ്ങളും ആക്രമണങ്ങൾക്കും ഭീഷണികൾക്കും വിധേയരായപ്പോൾ നൂറുകണക്കിന് പള്ളികളും മോസ്‌കുകളും നശിപ്പിക്കപ്പെട്ടുവെന്നും റിപ്പോർട്ട് പറയുന്നു.

ഇറാൻ

ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനിലെ പൗരന്മാർ അങ്ങേയറ്റം മോശമായ മതസ്വാതന്ത്ര്യ സാഹചര്യങ്ങൾ അനുഭവിക്കുന്നതായി റിപ്പോർട്ട് പറയുന്നു. 2023 ൽ ഗവൺമെൻ്റിൻ്റെ നിർബന്ധിത ഹിജാബ് നിയമങ്ങൾക്കും മതത്തിലെ മറ്റ് നിയന്ത്രണങ്ങൾക്കും എതിരായ പ്രതിഷേധക്കാരെ ആസൂത്രിതമായി ഉപദ്രവിക്കുകയും അറസ്റ്റ് ചെയ്യുകയും ബലാത്സംഗം ചെയ്യുകയും പീഡിപ്പിക്കുകയും ചില കേസുകളിൽ വധിക്കുകയും ചെയ്തു. സുന്നി മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾ രാജ്യത്തിൻ്റെ കർശനമായ ഇസ്ലാമിക നിയമം ലംഘിച്ച് പിടിക്കപ്പെടുമ്പോഴെല്ലാം കഠിനമായി ശിക്ഷിക്കപ്പെടുകയും ചിലപ്പോൾ വധിക്കപ്പെടുകയും ചെയ്തു.

നിക്കരാഗ്വ

നിക്കരാഗ്വൻ സ്വേച്ഛാധിപതികളായ ഡാനിയേൽ ഒർട്ടേഗയും റൊസാരിയോ മുറില്ലോയും 2023 ൽ കത്തോലിക്കാ സഭയ്ക്കും മറ്റ് മതവിഭാഗങ്ങൾക്കുമെതിരായ പീഡനം തീവ്രമാക്കി. കഴിഞ്ഞ വർഷം ഏകാധിപത്യം കത്തോലിക്കാ പള്ളികളുടെയും ആശ്രമങ്ങളുടെയും സ്‌കൂളുകളുടെയും സ്വത്തുക്കളും പിടിച്ചെടുത്തു. ഒർട്ടെഗ-മുറില്ലോ ഭരണകൂടത്തിൻ്റെ ദീർഘകാല വിമർശകനായിരുന്ന ബിഷപ്പ് റൊളാൻഡോ അൽവാരസ് 26 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. അവിടെ ബിഷപ്പ് ഒരു വർഷക്കാലം പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ചെലവഴിച്ചു. ഈ ജനുവരിയിൽ നിക്കരാഗ്വയിൽ നിന്ന് വത്തിക്കാനിലേക്ക് നാടുകടത്തപ്പെട്ടു.

നൈജീരിയ

കഴിഞ്ഞ വർഷം നൈജീരിയയിലുടനീളം 8,000 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് പറയുന്നു. ക്രിസ്തുമസ് വാരാന്ത്യത്തിൽ നൈജീരിയയിലെ ഒരു സംസ്ഥാനത്ത് മാത്രം 190 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു. ജനസംഖ്യയുടെ 46 ശതമാനം വരുന്ന നൈജീരിയൻ ക്രിസ്ത്യാനികൾ വ്യാപകമായ ആക്രമണങ്ങൾ, തട്ടിക്കൊണ്ടുപോകലുകൾ, പീഡനങ്ങൾ ഭീഷണിപ്പെടുത്തൽ എന്നിവയുടെ ഇരകളായിരുന്നു.

പാകിസ്ഥാൻ

2023 ൽ പാകിസ്ഥാനിൽ മതന്യൂനപക്ഷങ്ങൾക്കും ആരാധനാലയങ്ങൾക്കുമെതിരായ ഭീകരാക്രമണങ്ങൾ ഗണ്യമായി വർധിച്ചതായി റിപ്പോർട്ട് പറയുന്നു. മതനിന്ദ ആരോപിച്ച് ഓഗസ്റ്റിൽ ജറൻവാലയിൽ ഒരു ക്രിസ്ത്യൻ കുടുംബത്തെ ജനക്കൂട്ടം ആക്രമിച്ചു. മത തീവ്രവാദികൾ നിരവധി വീടുകൾ നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. കുറഞ്ഞത് 24 പള്ളികളെങ്കിലും നശിപ്പിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.