ന്യൂഡല്‍ഹി: രാജ്യത്തെ സിനിമ തിയേറ്ററുകളില്‍ നാളെ മുതല്‍ നൂറുശതമാനം സീറ്റുകളിലേക്കും കാണികളെ പ്രവേശിപ്പിക്കാന്‍ അനുമതി. ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടെ സിനിമ തിയേറ്ററുകളില്‍ ഇനി മുതല്‍ 100 ശതമാനം സീറ്റുകളിലും കാണികള്‍ക്ക് പ്രവേശനാനുമതി ലഭിക്കും.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സിനിമാപ്രദര്‍ശനം പാടില്ല, തിയേറ്റർ ഹാളിനു പുറത്ത് കാണികള്‍ ശാരീരിക അകലം പാലിക്കണം (6 അടി), മാസ്ക് നിര്‍ബന്ധം, തിയേറ്റർ പരിസരത്തും ഹാളിന് അകത്തേക്കും പുറത്തേക്കുമുള്ള വാതിലുകളിലും സാനിറ്റൈസര്‍ ലഭ്യമാക്കണം. കാണികളെയും തിയേറ്റർ ജീവനക്കാരെയും തെര്‍മല്‍ സ്ക്രീനിംഗിന് വിധേയരാക്കണം, രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ തിയേറ്റർ പരിസരത്തേക്ക് പ്രവേശിപ്പിക്കാവൂ തുടങ്ങിയവയാണ് പ്രധാന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍.
അണ്‍ലോക്ക് 5.0യുടെ ഭാഗമായി ഒക്ടോബര്‍ 15 മുതലാണ് രാജ്യത്തെ സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ 50 ശതമാനം കാണികളെ മാത്രമാണ് തിയറ്ററുകളില്‍ അനുവദിച്ചിരുന്നത്. ഇതിനിടെ തമിഴ്നാട് സര്‍ക്കാര്‍ സംസ്ഥാനത്തെ തിയേറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ച് ഉത്തരവ് ഇറക്കിയിരുന്നുവെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇത് തടഞ്ഞിരുന്നു.
അതേസമയം, സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അവിടുത്തെ സ്ഥിതി പരിഗണിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവാമെന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. അതുപോലെ, കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ കേരളത്തിലെ തിയേറ്ററുകളില്‍ 100 ശതമാനം കാണികളെ പ്രവേശിപ്പിക്കാന്‍ ഉടന്‍ അനുമതി ലഭിച്ചേക്കില്ലെന്നാണ് വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.