സിന്തൈറ്റ് ചെയര്‍മാന്‍ സി.വി.ജേക്കബ് അന്തരിച്ചു; സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന്

സിന്തൈറ്റ് ചെയര്‍മാന്‍ സി.വി.ജേക്കബ് അന്തരിച്ചു;  സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന്

കൊച്ചി: സിന്തൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ചെയര്‍മാനും കൊച്ചി രാജ്യാന്തര വിമാനത്താവള ഡയറക്ടറും പ്രമുഖ വ്യവസായിയുമായ സി.വി.ജേക്കബ് (87) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് കടയിരുപ്പിലെ വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം മൂന്നിന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍ ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.

സ്‌പൈസസ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍, കോലഞ്ചേരി മെഡിക്കല്‍ കോളജ് സ്‌പെഷല്‍ കമ്മിറ്റി ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചു. ഏലയ്ക്ക വ്യാപാരത്തിലൂടെയാണ് 1949 ല്‍ പതിനേഴാം വയസില്‍ സി.വി ജേക്കബ് സംരംഭക രംഗത്ത് തുടക്കമിടുന്നത്. ആദ്യകാലത്ത് വര്‍ക്കി സണ്‍സ് എന്‍ജിനിയേഴ്‌സ് എന്ന പങ്കാളിത്ത കമ്പനിക്കു കീഴില്‍ ഒട്ടേറെ ജലവൈദ്യുതി, റോഡ്, പാലം പദ്ധതികളുടെ കരാറുകാരനായി. ഇടുക്കി അണക്കെട്ടിലെ മൂലമറ്റം ഭൂഗര്‍ഭ പവര്‍ ഹൗസിലേക്കുള്ള ഉള്ള ടണല്‍ നിര്‍മ്മാണം നടത്തിയത് ഈ കമ്പനിയാണ്.

ഇതിനു ശേഷമാണ് പ്രമുഖ സുഗന്ധവ്യഞ്ജന കമ്പനിയായ സിന്തൈറ്റ് സ്ഥാപിച്ചത്. സുഗന്ധവ്യഞ്ജനങ്ങളില്‍ നിന്ന് സംസ്‌കരിച്ചെടുക്കുന്ന വിവിധയിനം സത്തുകളായ ഒലിയോ റെസിന്റെ ലോകത്തെ ഏറ്റവും വലിയ കമ്പനിയാണ് സിന്തൈറ്റ്. കിച്ചണ്‍ ട്രഷേഴ്‌സ് സ്പ്രിഗ്, വീദാ, പോള്‍ ആന്‍ഡ് മൈക് മില്‍ക് ചോക്ലേറ്റ്‌സ് തുടങ്ങിയവ സിന്തൈറ്റിന്റെ പ്രമുഖ ബ്രാന്‍ഡുകളാണ്. 1976-77 മുതല്‍ ഏറെക്കാലം ഏറ്റവും മികച്ച കയറ്റുമതിക്കാരനുള്ള കേന്ദ്ര സര്‍ക്കാര്‍ ബഹുമതി രാഷ്ട്രപതിയില്‍ നിന്ന് ലഭിച്ചു.

വ്യവസായിക രംഗത്തിനു പുറമേ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് സെക്രട്ടറി, കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളജ് ഉപദേശകന്‍, എക്‌സിക്യൂട്ടീവ് അംഗം, പീരുമേട് മാര്‍ ബസേലിയോസ് ക്രിസ്ത്യന്‍ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി വൈസ് ചെയര്‍മാന്‍, കടയിരുപ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അഡൈ്വസര്‍, കടയിരുപ്പ് സെന്റ് പീറ്റേഴ്‌സ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.