ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍ സ്മിത്തിനെ അനശ്വരനാക്കിയ നടന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍ സ്മിത്തിനെ അനശ്വരനാക്കിയ നടന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

ലണ്ടന്‍: ടൈറ്റാനിക്, ലോര്‍ഡ് ഓഫ് ദ റിങ്‌സ് എന്നീ ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച നടന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു. 79-ാം വയസിലാണ് അന്ത്യം. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് അദ്ദേഹം അന്തരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ജയിംസ് കാമറൂണിന്റെ ഓസ്‌കാര്‍ ചിത്രം ടൈറ്റാനിക്കില്‍ ക്യാപ്റ്റന്‍ എഡ്വേര്‍ഡ് സ്മിത്ത് എന്ന കപ്പിത്താനായി അദ്ദേഹം എത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു. ഇത് ഇന്ത്യന്‍ സിനിമ പ്രേക്ഷകര്‍ക്ക് ബെര്‍ണാഡ് ഹില്ലിനെ പരിചിതനാക്കി. മുങ്ങുന്ന കപ്പലിനൊപ്പം ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്ന വൈകാരിക നിമിഷങ്ങള്‍ അതേ തീവ്രതയോടെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സ്വാഭാവിക അഭിനയത്തിലൂടെ അദ്ദേഹത്തിന് അനായാസം സാധിച്ചു.

പീറ്റര്‍ ജാക്സന്റെ ദ ലോര്‍ഡ് ഓഫ് റിങ്സിലും ശ്രദ്ധേയമായ വേഷം ചെയ്തു. കിങ് തിയോഡന്റെ വേഷമാണ് ബെര്‍ണാഡ് അനശ്വരമാക്കിയത്. റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധിയില്‍ സര്‍ജന്റ് പുട്ട്‌നാമിന്റെ വേഷം ചെയ്തതും ബെര്‍ണാഡ് ഹില്‍ ആണ്. കൂടാതെ നിരവധി സിനിമകളിലുടെയും നാടകങ്ങളിലൂടെയും അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. ടെലിവിഷനിലും നിരവധി പരിപാടികളുടെ ഭാഗമായിരുന്നു.

ചലച്ചിത്ര താരങ്ങളും ആരാധകരും അടക്കം നിരവധി ആളുകള്‍ ബെര്‍ണാഡ് ഹില്ലിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി. 1944-ല്‍ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. നാടക മേഖലയിലെ ഉന്നതവിദ്യാഭ്യാസത്തിനു ശേഷം 1970 മുതലാണ് അഭിനയത്തിലേക്കെത്തുന്നത്. അന്‍പത് വര്‍ഷത്തോളമായി അഭിനയ രംഗത്തെ സജീവസാന്നിധ്യമായിരുന്നു ബെര്‍ണാഡ് ഹില്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.