സ്വതന്ത്രര്‍ പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസിനൊപ്പം; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍

സ്വതന്ത്രര്‍ പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസിനൊപ്പം; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ബിജെപിക്ക് വന്‍ തിരിച്ചടി നല്‍കി ഹരിയാനയില്‍ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ സായബ് സിങ് സൈനി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു.

നിലോഖേരി എംഎല്‍എ ധര്‍മപാല്‍ ഗോന്ദര്‍, പുന്ദ്രിയില്‍ നിന്നുള്ള രണ്‍ധീര്‍ ഗോലന്‍, ദാദ്രി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സോംബീര്‍ സിംഗ് സാങ്വാന്‍ എന്നിവരാണ് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയെ പിന്തുണയ്ക്കുമെന്നും ഇവര്‍ പ്രഖ്യാപിച്ചു.

പ്രതിപക്ഷ നേതാവ് ഭൂപേന്ദ്ര സിങ് ഹൂഡ, കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉദയ് ഭാന്‍ എന്നിവര്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എംഎല്‍എമാര്‍ കോണ്‍ഗ്രസിന് പിന്തുണ അറിയിച്ചത്. കര്‍ഷക വിഷയം ഉള്‍പ്പെടെ പരിഗണിച്ചാണ് തങ്ങളുടെ തീരുമാനം എന്നാണ് എംഎല്‍എമാരുടെ പ്രതികരണം.

മൂന്ന് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ 90 അംഗ ഹരിയാന നിയമസഭയില്‍ എന്‍ഡിഎയുടെ അംഗ സംഖ്യ 43 ആയി ചുരുങ്ങി. സ്വതന്ത്ര എംഎല്‍എമാര്‍ ഉള്‍പ്പെടെ നിലവില്‍ പ്രതിപക്ഷത്ത് 46 അംഗങ്ങളുണ്ട്.

കഴിഞ്ഞ മാര്‍ച്ചിലാണ് സായബ് സിങ് സൈനി ഹരിയാന മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ഹരിയാനയില്‍ ജെജെപി (ജന്‍നായക് ജനത പാര്‍ട്ടി)-ബിജെപി സഖ്യം തകര്‍ന്നതിന് പിന്നാലെ മനോഹര്‍ ലാല്‍ ഖട്ടാര്‍ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചതോടെയാണ് സായബ് സിങ് സൈനി മുഖ്യമന്ത്രിയായത്.

എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കാനായില്ലെങ്കില്‍ സൈനി സര്‍ക്കാരിന് ഭരണത്തില്‍ തുടരാനാവില്ല. അതിനാല്‍ തന്നെ ഇനിയുള്ള ഓരോ നീക്കവും ബിജെപി സര്‍ക്കാരിന് നിര്‍ണായകമാണ്.

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മുന്‍പ് തന്നെ തരംഗം വ്യക്തമായെന്ന് കോണ്‍ഗ്രസ് എക്‌സില്‍ കുറിച്ചു. സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ ഭൂരിപക്ഷം നഷ്ടമായെന്നും ബിജെപി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.