"നിർമ്മിത നിയമങ്ങളും മാനവീക മൂല്യങ്ങളും"


പണ്ടു വായിച്ചറിഞ്ഞ ഒരു സംഭവത്തിൽ നിന്നും നമുക്കു തുടങ്ങാം. അമേരിക്കയിൽ നടന്ന ഒരു സംഭവമാണിത്. ഹെലീന ഒരു സൂപ്പർ മാർക്കറ്റിൽ മോഷണം നടത്തി എന്ന കുറ്റത്തിനു പിടിക്കപ്പെടുകയും തുടർന്നു അവരെ അറസ്റ്റു ചെയ്യാൻ സൂപ്പർ മാർക്കറ്റ് അധികൃതർ പോലീസിനെ വിളിക്കുകയും ചെയ്തു. വില്യം സ്റ്റസി എന്ന പോലീസുകാരനാണു അവരെ അറസ്റ്റു ചെയ്യാനായെത്തിയത്. അദ്ദേഹം അവരോടായി ചോദിച്ചു, നിങ്ങൾ എന്താണു മോഷ്ടിച്ചത്. 'വിശന്നു കരയുന്ന എൻ്റെ മക്കൾക്കു കഴിക്കുവാനായി 5 കോഴിമുട്ടകളാണു ഞാൻ മോഷ്ടിച്ചത് എന്നു ഹെലീന കണ്ണീരോടെ മറുപടി പറഞ്ഞു. ആ പോലീസോഫീസർ സൂപ്പർ മാർക്കറ്റിലെ ഫുഡ് സോണിലേക്കു ആ സ്ത്രീയുമായി പോവുകയും അവർക്കും അവരുടെ കുട്ടികൾക്കും കഴിക്കാനാവശ്യമായ ഭക്ഷണ സാമഗ്രികൾ രണ്ടു വണ്ടികളിൽ വീട്ടിലെത്തിക്കാനുള്ള ഏർപ്പാടു ചെയ്യുകയും ചെയ്തു. ഹെലീന പൊട്ടിക്കരയാൻ തുടങ്ങി. കരച്ചിലിനിടയിൽ സാർ, ആവശ്യത്തിൽ കൂടുതൽ താങ്കൾ എനിക്കും കുട്ടികൾക്കും വേണ്ടി ചെയ്തിരിക്കുന്നു എന്നു വിതുമ്പുകയും ചെയ്തു. ആ പോലീസുദ്യോഗസ്ഥൻ പുഞ്ചിരിച്ചു കൊണ്ടു മറുപടി പറഞ്ഞു. 'ചില സന്ദർഭങ്ങളിൽ നമുക്കു നിയമം നടപ്പിലാക്കാൻ കഴിയില്ല. മനുഷ്യത്വം മാത്രമേ നടപ്പാക്കാൻ സാധിക്കൂ.

"മനുഷ്യൻ നിർമ്മിച്ചെടുത്ത നിയമങ്ങളിലെ ശരികളെ, ചില സന്ദർഭങ്ങളിൽ ഈശ്വരൻ ഇറങ്ങിവന്നു മാനവീകതയുടെ മന്ത്രങ്ങൾക്കൊണ്ടു മാറ്റിയെഴുതും". എൻ്റേയും നിങ്ങളുടേയും നമ്മുടെ സമൂഹത്തിൻ്റേയും ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും നിയമപാലകരുടേയുമൊക്കെ കണ്ണു തുറപ്പിക്കേണ്ട അനുഭവമാണിത്. ചിലപ്പോഴൊക്കെ നിയമങ്ങൾ മാനുഷീകതക്കും മാനവീയ മൂല്യങ്ങൾക്കും അധീതമല്ല എന്നു കാട്ടിത്തരുന്ന മനോഹര നിമിഷം.

ചില തെറ്റുകൾ നടക്കുമ്പോൾ, ആ തെറ്റുകളിലെ ശരിയുടെ ആഴം ഗ്രഹിക്കാനുള്ള ബോധവും അകക്കണ്ണും നമുക്കു നഷ്ടമാവുന്നു. ഇതുപോലുള്ള പല സംഭവങ്ങളും നമ്മുടെ സമൂഹത്തിൽ അരങ്ങേറുന്നുമുണ്ട്. അവിടെയൊക്കെ കണ്ണുംപൂട്ടി നാം തന്നെ നിയമം കയ്യിലെടുത്തു നടപ്പാക്കിയിട്ടുമുണ്ട്. നമ്മുടെ നെഞ്ചിലേക്കു ചൂഴ്ന്നിറങ്ങേണ്ട ചോദ്യമാണിത്. അശരണനും നിരാലംബനും നിയമത്തേക്കാൾ മാനുഷികതയാണു ശരിയായി വരുന്നതെങ്കിൽ അതു ചിന്തിച്ചു നടപ്പാക്കാനുള്ള ഹൃദയവിശാലതയും ബോധ്യവും ഞാനും നിങ്ങളുമൊക്കെ നേടേണ്ടിയിരിക്കുന്നു. നിയമത്തിൻ്റെ നേരു നടപ്പാക്കാൻ നാം വെമ്പൽ കൊള്ളുമ്പോൾ ചിലപ്പോഴൊക്കെ മനുഷ്യത്വത്തിൻ്റെ തനിമക്കാണു തൂക്കമേറെയെന്ന പ്രാപഞ്ചിക വീക്ഷണം നമ്മെ തിരുത്തണം.

വിശപ്പിൻ്റെ വിലയായി തൻ്റെ ജീവൻ ഹോമിക്കേണ്ടി വന്ന മധു എന്ന കാടിൻ്റെ പുത്രൻ്റെ ചിത്രം ഇന്നും നമ്മുടെ നയനങ്ങൾ നനക്കുന്ന ഇരുണ്ട നിറമായവശേഷിക്കുന്നു. വിശപ്പ് ഒരു കുറ്റമാണോ?? വിശക്കുന്നവനു ആഹാരം നിഷേധിക്കുന്നതു ന്യായമാണോ?? വിശപ്പിൻ്റെ വില അറിഞ്ഞവനേ, നിയമത്തിൻ്റെ ശരിക്കാണോ അതോ മാനുഷീകതയുടെ മൂല്യങ്ങൾക്കാണോ മതിപ്പുള്ളതെന്നു മനസ്സിലാക്കാൻ സാധിക്കൂ. ലോകത്തിലെ ഏറ്റവും വലിയ വികാരം പ്രണയമൊന്നുമല്ല കേട്ടോ, അതു വിശപ്പിൻ്റെ വികാരമാണ്. വയറ്റിൽ വിശപ്പിൻ്റെ കനലു കത്തുന്നവനു മുന്നിൽ വേദത്തിനു വിലയുണ്ടോ?? നിയമത്തിനു ന്യായമുണ്ടോ?? വിശപ്പിൻ്റെ വിളികളേക്കാൾ വലുതല്ലല്ലോ ഒരു ജയ്‌വിളികളും. ചിലപ്പോഴൊക്കെ തെറ്റും ശരിയാവും, ശരി തെറ്റും. അതുൾക്കൊള്ളാൻ ഉൾക്കണ്ണു തുറന്നു നാം നോക്കണം. സർപ്പത്തേപ്പോലെ വിവേകമുള്ളവരായി നാം മാറണം.

"തട്ടിയെടുക്കാതെ വിട്ടുകൊടുക്കുന്നതാണു വിശാലത"

"പലപ്പോഴും മനുഷ്യത്വത്തിൻ്റേയും മാനവീകതയുടേയും തെറ്റുകൾക്കാണു നിർമ്മിത നിയമത്തിൻ്റെ നേരിനേക്കാൾ കനം കൂടുതലെന്ന വകതിരിവു വഴികാട്ടണം" മാനുഷ്യർ ഉലകിൽ വരച്ചിട്ട നിയമത്തിൻ ചിത്രങ്ങൾ, മാറ്റുന്നു ഉടയോൻ തൻ ചെയ്തികളാം വരകളാൽ.

✍️
റ്റോജോമോൻ ജോസഫ്
മരിയാപുരം



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.