• Mon Mar 31 2025

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ; കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ': വിവാദ പരാമര്‍ശവുമായി സാം പിത്രോദ

 'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ; കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ': വിവാദ പരാമര്‍ശവുമായി സാം പിത്രോദ

ന്യൂഡല്‍ഹി: ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെയാണെന്ന ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് തലവനായ സാം പിത്രോദയുടെ പരാമര്‍ശം വിവാദമായി. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പിത്രോദയുടെ വിവാദ പരാമര്‍ശം.

രാജ്യത്തിന്റെ കിഴക്കുള്ള ആളുകള്‍ ചൈനക്കാരെപ്പോലെയും പടിഞ്ഞാറുള്ളവര്‍ അറബികളെപ്പോലെയും വടക്കുള്ള ആളുകള്‍ വെളളക്കാരെപ്പോലെയും ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെയും കാണപ്പെടുന്നു. എന്നാല്‍ അതൊന്നും പ്രശ്നമല്ല. നമ്മളെല്ലാം സഹോദരീ സഹോദരന്മാരാണ് എന്നായിരുന്നു അഭിമുഖത്തില്‍ സാം പിത്രോദ പറഞ്ഞത്.

ഇന്ത്യയുടെ വൈവിധ്യത്തെയും ജനാധിപത്യത്തെയും കുറിച്ച് ഉദാഹരിക്കുമ്പോഴായിരുന്നു പിത്രോദയുടെ ഈ പരാമര്‍ശം. വളരെ സന്തോഷകരമായ അന്തരീക്ഷത്തിലാണ് രാജ്യത്തെ ജനങ്ങള്‍ 75 വര്‍ഷം അതിജീവിച്ചത്. അവിടെയും ഇവിടെയും കുറച്ച് വഴക്കുകള്‍ ഉണ്ടെങ്കിലും ആളുകള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ കഴിഞ്ഞു.

വ്യത്യസ്ത ഭാഷകളെയും വ്യത്യസ്ത മതങ്ങളെയും ആചാരങ്ങളെയും ഭക്ഷണത്തെയും ബഹുമാനിക്കുന്നു. അതാണ് ഇന്ത്യ. ഇവിടെ എല്ലാവര്‍ക്കും ഒരിടമുണ്ട്, എല്ലാവരും വിട്ടുവീഴ്ച ചെയ്യുന്നു. പിത്രോദ കൂട്ടിച്ചേര്‍ത്തു. അതേസമയം പിത്രോദയുടെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തെത്തി. പിത്രോദയുടെ പരാമര്‍ശം വംശീയ അധിക്ഷേപമാണെന്നായിരുന്നു ബിജെപി അഭിപ്രായപ്പെട്ടത്.

വടക്കുകിക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ ഇന്ത്യാക്കാരാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അഭിപ്രായപ്പെട്ടു. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങും സാം പിത്രോദയുടെ പരാമര്‍ശത്തെ അപലപിച്ചു. വിവാദ പ്രസ്താവനയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരോട് മാപ്പു പറയണമെന്ന് ബിരേന്‍ സിങ് ആവശ്യപ്പെട്ടു.

സമ്പത്തിന്റെ പുനര്‍ വിതരണവുമായി ബന്ധപ്പെട്ട് സാം പിത്രോദ മുന്‍പ് നടത്തിയ പരാമര്‍ശങ്ങള്‍ ബിജെപി പ്രചാരണായുധമാക്കിയിരുന്നു. ന്യൂസ് ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അമേരിക്കയിലെ ഇന്‍ഹെറിറ്റന്‍സ് ടാക്സിനേക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് വിവാദമായത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.