പെര്‍ത്ത്: ഓസ്ട്രേലിയയിലെ ആദിമനിവാസികളായ അബോര്‍ജിനല്‍ വിഭാഗം ഉപയോഗിച്ചുപോരുന്ന ആരാധനാക്രമത്തിന് ഔദ്യോഗിക അംഗീകാരം നല്‍കി കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ്. വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ വിദൂര മേഖലയായ ബ്രൂം രൂപതയില്‍ 50 വര്‍ഷത്തിലേറെയായി ഉപയോഗിക്കുന്ന ആരാധനക്രമത്തിനാണ് ഓസ്‌ട്രേലിയന്‍ മെത്രാന്മാരുടെ അംഗീകാരം ലഭിച്ചത്. ആദിവാസി ഭാഷയുടെയും സംസ്‌കാരത്തിന്റെയും ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആരാധനക്രമത്തിന് ഇനി വത്തിക്കാന്റെ അംഗീകാരം കൂടി ലഭിക്കാനുള്ള കാത്തിരിപ്പിലാണ് മേഖലയിലെ തദ്ദേശീയ ജനത.
രൂപതയുടെ കീഴിലുള്ള ഒമ്പത് ഇടവകകളിലായി ഏകദേശം 13,000 കത്തോലിക്കരാണ് ബ്രൂമില്‍ താമസിക്കുന്നത്.
ആരാധനാക്രമത്തിന് അംഗീകാരം നല്‍കുന്നതുമായ ബന്ധപ്പെട്ട പ്രമേയം ഓസ്ട്രേലിയന്‍ കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് പ്ലീനറി സമ്മേളനം പാസാക്കിയരുന്നു. ഇനി വത്തിക്കാന്റെ ഔദ്യോഗിക അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.
ബ്രൂമിലെ ലാ ഗ്രാഞ്ച് ഇടവകയില്‍ നിന്നുള്ള രണ്ട് മൂപ്പന്മാര്‍ ആരാധനാക്രമത്തിന്റെ അച്ചടിച്ച കോപ്പി ഓസ്‌ട്രേലിയന്‍ ബിഷപ്പുമാര്‍ക്ക് സമര്‍പ്പിക്കാനും അവരുടെ അനുഭവം പങ്കിടാനും സിഡ്നിയിലേക്കു പോയിരുന്നു. ബിഷപ്പുമാര്‍ക്ക് സമര്‍പ്പിച്ച കത്തില്‍, കത്തോലിക്ക പാരമ്പര്യത്തെ ആദിവാസി സംസ്‌കാരവുമായി മനോഹരമായി സമന്വയിപ്പിക്കുന്ന കുര്‍ബാന എന്നാണ് നാഷണല്‍ അബോര്‍ജിനല്‍ ആന്‍ഡ് ടോറസ് സ്ട്രെയിറ്റ് ഐലന്‍ഡര്‍ കാത്തലിക് കൗണ്‍സില്‍ ആരാധനാ ക്രമത്തെ വിശേഷിപ്പിച്ചത്. 'ഇത് കേവലം ഒരു ആരാധനാക്രമമല്ല, മറിച്ച് നമ്മുടെ വിശ്വാസത്തെ ഭൂമിയുടെ യഥാര്‍ത്ഥ സംരക്ഷകരുടെ പൂര്‍വ്വിക ജ്ഞാനവുമായി ബന്ധിപ്പിക്കുന്ന ഒരു പാലമാണെന്നും കൗണ്‍സില്‍ പറയുന്നു.
ഒന്നിലധികം അബോര്‍ജിനല്‍ ഭാഷകളിലാണ് ഈ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നത്.
അംഗീകാരം അബോര്‍ജിനല്‍ വിഭാഗത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് ബ്രൂമിലെ ബിഷപ്പ് അഡ്മിനിസ്‌ട്രേറ്റര്‍ മൈക്കല്‍ മോറിസി പറഞ്ഞു. ദീര്‍ഘകാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഓസ്ട്രേലിയന്‍ ബിഷപ്പുമാരുടെ അംഗീകാരം ലഭിക്കുന്നത്. ആരാധനാക്രമം ഇനി വത്തിക്കാനിലെ ദിവ്യാരാധനയ്ക്കായുള്ള ഡിക്കാസ്റ്ററിയില്‍ സമര്‍പ്പിക്കും. തുടര്‍ന്ന് അന്തിമ തീരുമാനമുണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.