പാർലമെന്റിന് മുന്നിൽ പ്രതിഷേധവും ധർണ്ണയും; വിവാദ ബില്ലിനെതിരെ പ്രതികരിക്കണമെന്ന് ബിഷപ്പ് മാർ ബോസ്കോ പുത്തൂർ

പാർലമെന്റിന് മുന്നിൽ പ്രതിഷേധവും ധർണ്ണയും; വിവാദ ബില്ലിനെതിരെ പ്രതികരിക്കണമെന്ന് ബിഷപ്പ് മാർ ബോസ്കോ പുത്തൂർ

മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ സംസ്ഥാന പാർലമെന്റിൽ ഈ ആഴ്ച അവതരിപ്പിക്കാനിരിക്കുന്ന വിവാദ ബില്ലിനെതിരെ പ്രതിഷേധം ശക്തിപ്പെടുന്നു. ദി ചേഞ്ച്‌ ആൻഡ്‌ സപ്രഷൻ കൺവെർഷൻ പ്രാക്ടീസസ് പ്രൊഹിബിഷൻ ബിൽ 2020 പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകളുടെ നേതൃത്വത്തിൽ മെൽബൺ പാർലമെന്റിലേക്ക് പ്രതിഷേധ റാലിയും ധർണയും സംഘടിപ്പിച്ചു. മലയാളികളടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു.


                                           

ഓസ്ട്രേലിയൻ ക്രിസ്ത്യൻ ലോബി (എ.സി.എൽ) യുടെ നേതൃത്വത്തിൽ പാർലമെന്റിലേക്ക് നടത്തിയ പ്രതിഷേധ റാലിക്കും ധർണ്ണക്കും എം പി മാരും എം എൽ എ മാരും ഉൾപ്പടെ നിരവധി പ്രമുഖർ നേതൃത്വം നൽകി. ബെർണീ ഫിൻ ( എം. എൽ.സി ലിബറൽ), വിക്കി ജാൻസൻ( ഫാമിലി അഡ്വക്കേറ്റ്), ഫാ. നിക്ക് പിയേഴ്സ്(കാത്തലിക് പ്രീസ്റ്റ്), ഷൈക്ക് മുഹമ്മദ് നവ സലീം(ബോർഡ് ഓഫ് ഇമാം), ബക്കർ ഹവാരി(മുസ്ലിം യൂത്ത്), റവ. ഡാനിയേൽ വോംഗ്(മെൽബൺ ചൈനീസ് ഇന്റർ ചർച്ച് കൺവെൻഷൻ), ജിജിമോൻ കുഴിവേലിൽ(ഓസ്ട്രേലിയൻ കാത്തലിക് കരിസ്മാറ്റിക് റിന്യൂവൽസ് &ഇന്ത്യൻ കത്തോലിക് കമ്യൂണിറ്റി), ഡോ. ചുക്സ് ഇഹീകോർ(ഫേം ഫൌണ്ടേഷൻ മിനിസ്ട്രീസ് ഗ്ലോബൽ), ഡേവിഡ് ലിംബറിക്(എം.എൽ സി ലിബറൽ ഡെമോക്രാറ്റിക്), ലീ ഗ്രേ, റവ. ഡോ. ഡയിൽ സ്റ്റീഫെൻസൻ(ക്രോസ്സ് വേ ബാപ്റ്റിസ്റ്റ്) എന്നിവർ ധർണയിൽ സംസാരിച്ചു.


"മാതാപിതാക്കളുടെ അവകാശങ്ങളിൽ കൈ കടത്തരുത്, പ്രാർത്ഥന കുറ്റകരമല്ല, ബില്ലിനെതിരെ വോട്ട് ചെയ്യുക, മതസ്വാതന്ത്ര്യം അംഗീകരിക്കുക" തുടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തി സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള വ്യക്തികൾ ധർണയിൽ പങ്കെടുത്തു. ബില്ല് പാർലമെന്റിൽ പരാജയപ്പെടാനും നേതാക്കൾ വിവേകത്തോടെ പ്രവർത്തിക്കാനുമായി സി സി ആർ പ്രാർത്ഥനായജ്ഞവും സംഘടിപ്പിക്കുന്നുണ്ടെന്ന് ജിജിമോൻ കുഴിവേലിൽ അറിയിച്ചു.

മാതാപിതാക്കളുടെ അവകാശങ്ങളും മത സ്വാതന്ത്ര്യവും ഞെരുക്കുന്ന ഈ ബില്ലിനെതിരെ എല്ലാ മലയാളികളും പ്രതികരിക്കണമെന്ന് മെൽബൺ സീറോമലബാർ ബിഷപ്പ് മാർ ബോസ്കോ പുത്തൂർ അഭ്യർഥിച്ചു. വിക്ടോറിയയിലെ കത്തോലിക്കാ മെത്രാൻമാരോടും മറ്റ് മത വിശ്വാസ നേതാക്കന്മാരോടുമൊപ്പം ഈ ബില്ലിനെതിരെ പാർലമെന്റിനെ സമീപിക്കുമെന്ന് ബിഷപ്പ് മാർ ബോസ്കോ പുത്തൂർ വ്യക്തമാക്കി.

വിക്ടോറിയയിലെ എല്ലാ മലയാളികളും ബില്ലിനെതിരെയുള്ള തങ്ങളുടെ വിയോജിപ്പ് പ്രാദേശിക പാർലമെന്റ് അംഗങ്ങളെ അറിയിക്കണമെന്നും ഇതുസംബന്ധിച്ച് നടത്തുന്ന ഒപ്പു ശേഖരണത്തിൽ എല്ലാവരും പങ്കുചേരണം എന്നും ബിഷപ്പ് വീഡിയോ സന്ദേശത്തിലൂടെ അഭ്യർത്ഥിച്ചു.

മാതാപിതാക്കളുടെ അവകാശങ്ങളിൻമേലും കുടുംബബന്ധങ്ങളിലും വലിയ തകർച്ചയ്ക്ക് കാരണമാകുന്ന വിവാദ ബില്ലിനെതിരെ ഓസ്ട്രേലിയൻ ക്രിസ്ത്യൻ ലോബി എന്ന സംഘടന വ്യാപകമായ പ്രതിഷേധവും പ്രചാരണവും ആണ് നയിക്കുന്നത്. പ്രാർത്ഥിക്കാനുള്ള വ്യക്തികളുടെ സ്വാതന്ത്ര്യത്തിനു മേൽ ഈ നിയമം കരിനിഴൽ പടർത്തുന്നുവെന്ന് എ സി എൽ കുറ്റപ്പെടുത്തുന്നു. മക്കളുടെ ലൈംഗിക വളർച്ചയുടെ കാലങ്ങളിൽ ലിംഗ വ്യക്തിത്വം സംബന്ധിച്ച് മാതാപിതാക്കൾ നൽകുന്ന ഏതൊരു ഉപദേശവും എന്തിനേറെ, പ്രാർത്ഥന പോലും"കുടുംബ അക്രമങ്ങളുടെ" പരിധിയിൽ വരും. സ്വവർഗാനുരാഗം ഉള്ള വ്യക്തികൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകാൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന ബില്ല് കുടുംബബന്ധങ്ങളിലും മാതാപിതാക്കളുടെ അവകാശങ്ങളിലും അതിശക്തമായ ഭീഷണിയാണ് വിതയ്ക്കുന്നത്. ലൈംഗിക വ്യക്തിത്വം, ലൈംഗിക ആഭിമുഖ്യം, എന്നീ കാര്യങ്ങളിലുള്ള ക്രിസ്ത്യൻ ധാരണകൾ പഠിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും അന്വേഷിക്കാനും ശിക്ഷിക്കാനും ഈ ബില്ലിൽ പ്രത്യേക വകുപ്പുകൾ ഉണ്ടെന്ന് എ സി എൽ കുറ്റപ്പെടുത്തുന്നു.

                                                  

മാതാപിതാക്കൾ, അധ്യാപകർ ആത്മീയ നേതാക്കൾ എന്നിവർക്കെതിരെ ആർക്കുവേണമെങ്കിലും പരാതികൾ നൽകാം എന്നതാണ് വിചിത്രമായ മറ്റൊരു വ്യവസ്ഥ. പേരോ വിലാസമോ നൽകാതെ പോലും പരാതികൾ ഉന്നയിക്കാം. ഒരു വ്യക്തിയുടെ ലൈംഗിക തെരഞ്ഞെടുപ്പിനെ ഏതെങ്കിലും വിധത്തിൽ സ്വാധീനിക്കുന്ന പ്രാർത്ഥനയോ കൗൺസിലിങ്ങോ ഉപദേശമോ എന്തും നിയമലംഘനമായി മാറും.

ദൈവ വിശ്വാസത്തിനും മതങ്ങൾക്കും എതിരെ പ്രവർത്തിക്കുന്ന വ്യക്തികളും സംഘടനകളും ഈ നിയമത്തിന്റെ ആനുകൂല്യത്തിൽ സഭയേയും സംഘടനകളെയും ഭീഷണിപ്പെടുത്തും എന്നും നിശബ്ദമാക്കുമെന്നും എ സി എൽ അതിരൂക്ഷമായി കുറ്റപ്പെടുത്തുന്നു. സ്വവർഗ്ഗാനുരാഗ വ്യക്തികളുടെ ആശയങ്ങളുമായി പൊരുത്തപ്പെടാത്ത ഏതൊരു വ്യക്തിയെയും ജയിലിലെത്തിക്കാവുന്ന ഒരു കിരാതനിയമമായി ഈ ബിൽ മാറുമെന്ന് എ സി എൽ ആശങ്കപ്പെടുന്നു. 

     

മാതാപിതാക്കളുടെ അവകാശങ്ങളിൻമേലുള്ള ശക്തമായ കടന്നുകയറ്റമായി ഈ ബില്ലിനെ മതവിശ്വാസികൾ അല്ലാത്തവർ പോലും കുറ്റപ്പെടുത്തുന്നുണ്ട്. നമ്മുടെ കുട്ടികൾ എല്ലാ നിമിഷവും പ്രൊ എൽജിബിടി ആശയങ്ങൾ കേൾക്കുകയോ പരിചയപ്പെടുകയോ ചെയ്യാൻ ഇടയാകുമെന്നതാണ് മറ്റൊരു ഭവിഷ്യത്ത്.

സ്വവർഗ്ഗാനുരാഗം, ലിംഗമാറ്റം, ലൈംഗിക ആഭിമുഖ്യം തുടങ്ങിയ കാര്യങ്ങളിൽ മാതാപിതാക്കളുടെ ഉപദേശമോ പ്രാർഥനയോ കുടുംബ അക്രമമായി കരുതും. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികൾക്ക് മാതാപിതാക്കൾക്കെതിരെ ഇന്റർ വെൻഷൻ ഓർഡർ നേടാനും ആകും.

                                                  

സിവിൽ റെസ്പോൺസ് കമ്മീഷന് മാതാപിതാക്കൾക്കെതിരെ അന്വേഷണം നടത്താനും വിചാരണക്കായി ശുപാർശ നൽകാനും സാധിക്കും. ഇത്തരം കുറ്റങ്ങളിൽ പത്തുവർഷം വരെ തടവോ 200000 ഓസ്ട്രേലിയൻ ഡോളർ വരെ പിഴയോ ചുമത്തപ്പെടാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.