എല്ലാവര്‍ക്കും സൗജന്യ വൈദ്യുതി; കാര്‍ഷിക വിളകള്‍ക്ക് സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദേശിച്ച എം.എസ്.പി: 10 ഉറപ്പുകളുമായി കെജരിവാള്‍

എല്ലാവര്‍ക്കും സൗജന്യ വൈദ്യുതി; കാര്‍ഷിക വിളകള്‍ക്ക് സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദേശിച്ച എം.എസ്.പി: 10 ഉറപ്പുകളുമായി കെജരിവാള്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എഎപി ഉള്‍പ്പെടുന്ന ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ നടപ്പാക്കാന്‍ പോകുന്ന 10 പദ്ധതികള്‍ പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍.

പത്ത് ഉറപ്പുകള്‍ പ്രഖ്യാപിക്കാന്‍ വൈകിയത് ഡല്‍ഹി മുഖ്യമന്ത്രി ജയിലായത് കൊണ്ടാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദേഹം പറഞ്ഞു. അതേസമയം തന്റെ ഉറപ്പുകള്‍ ഇന്ത്യ സഖ്യ നേതാക്കളുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും എന്നാല്‍ അവര്‍ക്ക് ഇത് സംബന്ധിച്ച് എതിര്‍പ്പുകള്‍ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും കെജരിവാള്‍ വ്യക്തമാക്കി.

എഎപിയുടെ ആദ്യ ഗ്യാരണ്ടി എല്ലാവര്‍ക്കും സൗജന്യ വൈദ്യുതിയെന്നതാണ്. മൂന്ന് ലക്ഷം മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ശേഷി രാജ്യത്തിനുണ്ട്. പക്ഷെ രണ്ട് ലക്ഷം മാത്രമാണ് രാജ്യത്തിന് ആവശ്യം. ആവശ്യത്തില്‍ അധികം വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ശേഷി രാജ്യത്തിനുണ്ട്.

പഞ്ചാബിലും ഡല്‍ഹിയിലും ഇത് പരീക്ഷിച്ചതാണ്. രാജ്യത്താകമാനം അങ്ങനെ ചെയ്യാനാവുമെന്ന് ഉറപ്പുണ്ട്. 200 യൂണിറ്റ് വൈദ്യുതിയാണ് പാവപ്പെട്ടവര്‍ക്ക് ഇപ്പോള്‍ സൗജന്യമായി നല്‍കുന്നത്. ഇതിന് 1.25 ലക്ഷം കോടിയാണ് ചിലവ് വരുന്നതെന്നും കെജരിവാള്‍ പറഞ്ഞു.

രണ്ടാമത്തെ ഗ്യാരണ്ടി സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുകയെന്നതാണ്. സര്‍ക്കാര്‍ സ്‌കൂളുകളുടെ അവസ്ഥ ഇന്ന് പരിതാപകരമാണ്. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് സ്വകാര്യ സ്‌കൂളുകളേക്കാള്‍ മികച്ച വിദ്യാഭ്യാസം നല്‍കാനാവും.

ഡല്‍ഹിയും പഞ്ചാബിലും ഇത് നടപ്പിലാക്കിയതാണ്. രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളേയും ഇങ്ങനെ മികച്ച നിലവാരത്തിലാക്കുകയെന്നതും പ്രധാന ഉറപ്പുകളിലൊന്നാണെന്നും കെജരിവാള്‍ പറഞ്ഞു.

ചൈനീസ് നിയന്ത്രണത്തില്‍ നിന്നും രാജ്യത്തിന്റെ ഭൂമി തിരിച്ചു പിടിക്കുകയും അഗ്‌നീവീര്‍ പദ്ധതി നിര്‍ത്തലാക്കുകയും ചെയ്യും. കര്‍ഷകരുടെ വിളകള്‍ക്ക് സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദേശിച്ച എം.എസ്.പി നടപ്പിലാക്കുമെന്നും കെജരിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.