പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം; രണ്ട് മരണം; നാല് പേരെ രക്ഷപ്പെടുത്തി

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം; രണ്ട് മരണം; നാല് പേരെ രക്ഷപ്പെടുത്തി

പൊന്നാനി: മലപ്പുറം പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് രണ്ടു പേർ മരിച്ചു. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം, ജീവനക്കാരനായ ഗഫൂർ എന്നിവരാണ് മരിച്ചത്. നാല് പേരെ രക്ഷപ്പെടുത്തി. കപ്പലിടിച്ചതിനെ തുടർന്ന് ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴുകയായിരുന്നു.

അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുള്ള ‘ഇസ്‌ലാഹി’ എന്ന ബോട്ടാണ് ഇന്ന് പുലർച്ചെ അപകടത്തിൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന ആറ് പേരിൽ നാല് പേരെ കപ്പൽ ജീവനക്കാർ രക്ഷപ്പെടുത്തി. രണ്ട് പേരെ കാണാതാവുകയായിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഇരുവരുടേയും മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇടക്കഴിയൂർ ഭാഗത്ത് നിന്നും പടിഞ്ഞാറ് കടലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

പൊന്നാനിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടമുണ്ടായത്. അപകടമുണ്ടാക്കുന്ന വിധം തീരത്തോടു ചേർന്നാണ് കപ്പൽ സഞ്ചരിച്ചിരുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കവരത്തിയിൽ നിന്ന് ബേപ്പൂരിലേക്ക് പോയ ചരക്ക് കപ്പലിടിച്ചാണ് അപകടമുണ്ടായത് എന്നാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.