സിഡ്‌നി: 'അത്ഭുതപ്രവര്‍ത്തകനായ സന്യാസി' എന്ന് ലെബനീസ് ജനത വിശേഷിപ്പിക്കുന്ന വിശുദ്ധ ചാര്‍ബെലിന്റെ തിരുശേഷിപ്പിന് സിഡ്നിയില്‍ ഭക്തിനിര്‍ഭരമായ സ്വീകരണം. മഴയെ അവഗണിച്ച് ആയിരക്കണക്കിന് മാരോനൈറ്റ് കത്തോലിക്കരാണ് സിഡ്‌നിയിലെ പഞ്ച്ബൗളില്‍ തിരുശേഷിപ്പ് വണങ്ങാനായി കാത്തുനിന്നിരുന്നത്. 2,500 റോസാപ്പൂക്കള്‍ കൊണ്ട് അലങ്കരിച്ച സെന്റ് ചാര്‍ബെലിന്റെ ശരീരമടങ്ങിയ പേടകത്തിന്റെ പകര്‍പ്പ് പ്രാര്‍ത്ഥനയുടെ അകമ്പടിയോടെ എഴുപതോളം വിശ്വാസികള്‍ ചേര്‍ന്നാണ് വഹിച്ചുകൊണ്ട് വന്നത്.
സ്ഫടിക നിര്‍മിതമായ പേടകത്തില്‍ വിശുദ്ധ ചാര്‍ബെല്‍സിന്റെ അസ്ഥിയും പൗരോഹിത്യ വസ്ത്രം ധരിച്ച ശരീരത്തിന്റെ പകര്‍പ്പുമാണുണ്ടായിരുന്നത്. പഞ്ച്ബൗള്‍ റെയില്‍വേ സ്റ്റേഷനില്‍ തുടങ്ങി, സെന്റ് ചാര്‍ബെല്‍സ് ചര്‍ച്ചും മൊണാസ്റ്ററിയും സ്ഥിതി ചെയ്യുന്ന ഹൈക്ലെര്‍ അവന്യൂവില്‍ എത്തിച്ചേര്‍ന്ന തിരുശേഷിപ്പ് പ്രയാണത്തിന് പ്രായമായവരും കുട്ടികളും ചെറുപ്പക്കാരും അകമ്പടിയേകി. ബാന്‍ഡിന്റെ അകമ്പടിയോടെ സ്തുതിഗീതങ്ങള്‍ ആലപിച്ചും ജപമാല ചൊല്ലിയുമാണ് വിശ്വാസികള്‍ പേടകത്തെ പിന്തുടര്‍ന്നത്.
ഇടവകയുടെ 50-ാം ജൂബിലി വര്‍ഷവും വിശുദ്ധന്റെ ജന്മദിനവും സംയുക്തമായി ആഘോഷിക്കുന്ന സമയമാണിത്. പ്രത്യേകം തയാറാക്കിയ കല്ലറയില്‍ തിരുശേഷിപ്പടങ്ങിയ പേടകം സ്ഥാപിക്കും.
അറിയപ്പെടുന്ന ലെബനീസ് ക്രിസ്ത്യന്‍ സന്യാസിയാണ് വി. ചാര്‍ബെല്‍. വിശുദ്ധ ചാര്‍ബെലിന്റെ പേരിലുള്ള ലോകത്തിലെ രണ്ടാമത്തെ ആരാധനാലയമാണ് സിഡ്‌നിയിലേത്. വിശുദ്ധന്റെ ശരീരമടങ്ങിയ യഥാര്‍ത്ഥ പേടകത്തിന്റെ മാതൃകയില്‍ റോസ്‌വുഡ് തടി കൊണ്ടാണ് ഈ പേടകവും നിര്‍മിച്ചത്. തിരുശേഷിച്ച് സ്ഥാപിച്ചതോടെ ലോകമെമ്പാടുമുള്ള കത്തോലിക്കരുടെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമായി ഓസ്‌ട്രേലിയയിലെ ഈ ഇടവക മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഘോഷയാത്രയ്ക്ക് ശേഷം ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ഓഷ്യാനിയ എന്നിവിടങ്ങളിലെ മാരോനൈറ്റ് ബിഷപ്പ് അന്റോയിന്‍-ചാര്‍ബെല്‍ താരാബെ വിശുദ്ധ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കി.
'സെന്റ് ചാര്‍ബെല്‍ ഒരു പ്രത്യേക വിശ്വാസത്തിനു വേണ്ടിയുള്ള വിശുദ്ധനല്ല; മറിച്ച് എല്ലാ മനുഷ്യരാശിക്കുമുള്ള വിശ്വാസത്തിന്റെ വിളക്കാണ്. വിശുദ്ധന്റെ അത്ഭുത പ്രവൃത്തികള്‍ വിശ്വാസത്തിന്റെ ശക്തിയുടെയും നമ്മുടെ സ്രഷ്ടാവിന്റെ അതിരുകളില്ലാത്ത സ്നേഹത്തിന്റെയും തെളിവായി വര്‍ത്തിക്കുന്നു. - ബിഷപ്പ് താരാബെ പറഞ്ഞു.
വിശുദ്ധന്റെ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്നത് ലബനോനിലെ അന്നയെ എന്ന സ്ഥലത്തെ ദേവാലയത്തിലാണ്. ക്രിസ്ത്യാനികള്‍ക്കൊപ്പം മുസ്ലിം മത വിശ്വാസികള്‍ക്കും വേണ്ടി പ്രത്യേകം മദ്ധ്യസ്ഥത വഹിക്കുന്ന വിശുദ്ധനാണ് ചാര്‍ബെല്‍. ലബനീസുകാരനായ ഈ വിശുദ്ധന്‍ അറിയപ്പെടുന്നത് തന്നെ ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും ഒന്നിപ്പിക്കുന്ന വിശുദ്ധന്‍ എന്നാണ്. അദ്ദേഹത്തിന്റെ കല്ലറ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുന്ന ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ധാരാളം സൗഖ്യം ലഭിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26