സ്വര്‍ഗപ്രാപ്തിക്കുള്ള ആഗ്രഹം നമ്മെ മറ്റുള്ളവരില്‍ നിന്ന് അകറ്റുകയല്ല, കൂടുതൽ സ്നേഹത്തോടെ അവരെ പറുദീസയിലേക്കുള്ള സഹയാത്രികരാക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ

സ്വര്‍ഗപ്രാപ്തിക്കുള്ള ആഗ്രഹം നമ്മെ മറ്റുള്ളവരില്‍ നിന്ന് അകറ്റുകയല്ല, കൂടുതൽ സ്നേഹത്തോടെ അവരെ പറുദീസയിലേക്കുള്ള സഹയാത്രികരാക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: പിതാവിന്റെ പക്കലേക്കുള്ള തന്റെ മടങ്ങിപ്പോക്കിലൂടെ യേശു നമുക്ക് സ്വര്‍ഗത്തിലേക്കുള്ള വഴി തുറന്നുതന്നുവെന്ന് ഫ്രാന്‍സിസ് പാപ്പ. ഇറ്റലിയിലും ലോകമെമ്പാടുമുള്ള മറ്റനേകം രാജ്യങ്ങളിലും സ്വര്‍ഗാരോഹണ തിരുനാള്‍ ആഘോഷിച്ച ഇന്നലെ ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ച് സുവിശേഷ വിചിന്തനങ്ങള്‍ നല്‍കുകയായിരുന്നു പാപ്പ.

യേശു സ്വര്‍ഗത്തിലേക്ക് ആരോഹണം ചെയ്തതും പിതാവിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായതും വിവരിക്കുന്ന മര്‍ക്കോസിന്റെ സുവിശേഷഭാഗത്തെ (മര്‍ക്കോസ് 16:19) ആധാരമാക്കിയാണ് പരിശുദ്ധ പിതാവ് സന്ദേശം നല്‍കിയത്.

പിതാവിലേക്കുള്ള യേശുവിന്റെ മടങ്ങിപ്പോക്ക് നമ്മില്‍ നിന്നുള്ള വേര്‍പാടായല്ല മറിച്ച്, നമ്മുടെ അന്തിമ ലക്ഷ്യത്തേക്കുറിച്ചുള്ള പ്രത്യാശയാല്‍ നമ്മെ നിറയ്ക്കുന്ന സംഭവമായാണ് കാണേണ്ടത് - മാര്‍പാപ്പ പറഞ്ഞു. യേശു സഭയാകുന്ന തന്റെ ശരീരത്തെയും താനായിരിക്കുന്ന ഇടത്തേക്ക് ഉയര്‍ത്തും എന്നുള്ളതാണ് ഈ പ്രത്യാശ. പര്‍വതത്തെ കീഴടക്കിയ ഒരു പര്‍വ്വതാരോഹകന്‍ തന്റെ കൂട്ടാളിയെയും അതിന്റെ നെറുകയിലേക്ക് വലിച്ചുകയറ്റുന്നതു പോലെയാണ് ഇത്.

യേശുവിന്റെ ആനന്ദത്തില്‍ പങ്കുചേരാന്‍

യേശുവിന്റെ അവയവങ്ങള്‍ എന്ന നിലയില്‍, ശിരസായ അവന്റെ ആനന്ദത്തില്‍ പങ്കാളികളാകാന്‍ നാമും അവനോടൊപ്പം ഉയര്‍ത്തപ്പെടും. അവന്റെ ചുവടുവയ്പ്പ് നമുക്കെല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്ന് നാം മനസിലാക്കണം. ആരും നഷ്ടപ്പെട്ടു പോവുകയോ പിന്തള്ളപ്പെടുകയോ ഇല്ല. കാരണം, നാമേവരും ഒരു ശരീരമാണ്.

പടിപടിയായി യേശു നമുക്ക് വഴി കാട്ടിത്തരുന്നു. ഇന്നത്തെ സുവിശേഷ ഭാഗം ഇതാണ് നമ്മോട് പറയുന്നത് - പാപ്പ വിശദീകരിച്ചു. നാം ഏറ്റെടുത്ത് നിറവേറ്റാന്‍ വേണ്ടി ദൈവം ഒരുക്കിയിരിക്കുന്ന സ്‌നേഹത്തിന്റെ പ്രവൃത്തികളാണ് ഓരോ പടികള്‍. ജീവന്‍ പ്രദാനം ചെയ്യുക, പ്രത്യാശ പകരുക, നികൃഷ്ടതയില്‍ നിന്നും ദ്രോഹം ചെയ്യുന്നതില്‍ നിന്നും അകന്നുനില്‍ക്കുക, തിന്മയോട് നന്മകൊണ്ട് പ്രതികരിക്കുക, കഷ്ടപ്പെടുന്നവരോട് അടുപ്പം കാണിക്കുക തുടങ്ങിയവയാണ് അവ.

യേശുവിന്റെ കാലടികള്‍ പിഞ്ചെല്ലുക

യേശുവിന്റെ മാതൃക എത്രയധികം അനുകരിക്കുന്നുവോ, അത്രയധികം അവന്റെ ആത്മാവിനാല്‍ നാം രൂപാന്തരം പ്രാപിക്കുന്നു. മലമുകളില്‍ എത്തുമ്പോള്‍ ചുറ്റുമുള്ള വായു കൂടുതല്‍ ലഘുവും ശുദ്ധവുമായി നമുക്ക് അനുഭവപ്പെടുന്നതുപോലെയാണിത് - പരിശുദ്ധ പിതാവ് പറഞ്ഞു.

'യേശുവിന്റെ കാലടികള്‍ ഞാന്‍ യഥാര്‍ത്ഥത്തില്‍ പിന്തുടരുന്നുണ്ടോ? ദൈവത്തിനു വേണ്ടിയുള്ള ദാഹം എന്റെ ഉള്ളില്‍ സജീവമാണോ അതോ, ധനം, വിജയം, സുഖഭോഗങ്ങള്‍ എന്നിവയില്‍ എന്റെ മനസ് ഉടക്കിക്കിടക്കുകയാണോ? സ്വര്‍ഗപ്രാപ്തിക്കു വേണ്ടിയുള്ള എന്റെ ആഗ്രഹം മറ്റുള്ളവരില്‍ നിന്ന് എന്നെ അകറ്റുകയാണോ ചെയ്യുന്നത് അതോ, സഹോദരങ്ങളെ കൂടുതല്‍ സ്‌നേഹിക്കാനും പറുദീസയിലേക്കുള്ള സഹയാത്രികരായി അവരെ കരുതാനും അത് എന്നെ പ്രേരിപ്പിക്കാറുണ്ടോ?' - ഓരോരുത്തരും ഈ ചോദ്യങ്ങള്‍ സ്വയം ചോദിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ അഭ്യര്‍ത്ഥിച്ചു.

സന്തോഷത്തോടും ഒത്തൊരുമയോടുംകൂടെ സ്വര്‍ഗീയ മഹത്വത്തിലേക്ക് നടന്നടുക്കാന്‍ പരിശുദ്ധ കന്യകാമറിയം നാമേവരെയും സഹായിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ പാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചു.

മാർപാപ്പയുടെ ഞായറാഴ്ച ദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.