മ്യാന്‍മറിലെ സൈനിക അട്ടിമറി: ഉപരോധ മുന്നറിയിപ്പുമായി അമേരിക്ക: അപലപിച്ച് യു.എന്നും ബ്രിട്ടണും

മ്യാന്‍മറിലെ സൈനിക അട്ടിമറി: ഉപരോധ മുന്നറിയിപ്പുമായി അമേരിക്ക: അപലപിച്ച് യു.എന്നും ബ്രിട്ടണും

വാഷിങ്ടണ്‍: മ്യാന്‍മറില്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ്സാന്‍ സൂചി, പ്രസിഡന്റ് വിന്‍ മിന്‍ട് അടക്കമുള്ള നേതാക്കളെ തടങ്കലിലാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സൈനിക നടപടിയ്‌ക്കെതിരെ അമേരിക്ക. സൈനിക അട്ടിമറിയില്‍നിന്ന് പിന്‍മാറിയില്ലെങ്കില്‍ മ്യാന്‍മറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.

സൈനിക നടപടിയെ ബ്രിട്ടണും ഐക്യരാഷ്ട്ര സഭയും അപലപിച്ചിട്ടുണ്ട്. മ്യാന്‍മര്‍ സൈന്യത്തിന് നേരേ ഭീഷണി മുഴക്കിയും ഓങ്സാന്‍ സൂചിക്കും രാജ്യത്തെ ജനതയ്ക്കും പിന്തുണ പ്രഖ്യാപിച്ചുമായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതികരണം. മ്യാന്‍മര്‍ സൈന്യത്തിന്റെ നടപടിക്കെതിരേ അന്താരാഷ്ട്രസമൂഹം ഒത്തൊരുമിച്ച് രംഗത്തുവരേണ്ടതാണെന്ന് ബൈഡന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

സൈന്യം പിടിച്ചെടുത്ത അധികാരം ഉടന്‍ ഉപേക്ഷിക്കണം. തടഞ്ഞുവച്ച പ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും മോചിപ്പിക്കണം. ഇന്റര്‍നെറ്റ്, റേഡിയോ അടക്കം ടെലി കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും നീക്കണം. സിവിലിയന്‍മാര്‍ക്കെതിരായ അതിക്രമങ്ങളില്‍നിന്ന് സൈന്യം വിട്ടുനില്‍ക്കണമെന്നും മ്യാന്‍മറിലെ സൈന്യത്തോട് ബൈഡന്‍ ആഹ്വാനം ചെയ്തു.

ഈ പ്രതിസന്ധിഘട്ടത്തില്‍ ബര്‍മയിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെ അമേരിക്ക പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. മ്യാന്‍മര്‍ ജനതയുടെ കൂടെയാണ് അമേരിക്ക. മ്യാന്‍മറില്‍ ജനാധിപത്യം പുനസ്ഥാപിക്കാന്‍ മറ്റു രാജ്യങ്ങള്‍ക്കൊപ്പം ശ്രമം നടത്തുമെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. അതേസമയം, സൈനിക നടപടിക്കെതിരേ പ്രതിഷേധിക്കണമെന്ന് സൂചി അണികളോട് ആവശ്യപ്പെട്ടു. സൂചിക്കൊപ്പം രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരും സൈന്യത്തിന്റെ തടവിലാണ്. ചില മന്ത്രിമാരെ കൂടി കസ്റ്റഡിയിലെടുക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നവംബര്‍ എട്ടിന് നടന്ന തിരഞ്ഞെടുപ്പില്‍ 83 ശതമാനം വോട്ട് നേടിയാണ് ഔങ് സാന്‍ സൂചിയുടെ പാര്‍ട്ടി നാഷനല്‍ ലീഗ് ഫോര്‍ ഡമോക്രസി (എന്‍എല്‍ഡി) അധികാരത്തിലെത്തുന്നത്. വെറും 33 സീറ്റ് മാത്രമുള്ള സൈന്യത്തിന്റെ പിന്തുണയുള്ള പ്രതിപക്ഷ പാര്‍ട്ടിയായ യുഎസ്ഡിപി ഈ വിജയം അംഗീകരിച്ചിരുന്നില്ല. 2011 ല്‍ സൈനിക ഭരണത്തില്‍നിന്ന് മോചിതമായ ശേഷം നടന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പായിരുന്നു ഇത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.