സിഡ്‌നിയില്‍ സ്വവര്‍ഗ രക്ഷകര്‍തൃത്വത്തിന് സഹായകമാകുന്ന പുസ്തകങ്ങള്‍ ലൈബ്രറികളില്‍നിന്നു പിന്‍വലിച്ച സിറ്റി കൗണ്‍സിലിന്റെ തീരുമാനം റദ്ദാക്കി

സിഡ്‌നിയില്‍ സ്വവര്‍ഗ രക്ഷകര്‍തൃത്വത്തിന് സഹായകമാകുന്ന പുസ്തകങ്ങള്‍ ലൈബ്രറികളില്‍നിന്നു പിന്‍വലിച്ച സിറ്റി കൗണ്‍സിലിന്റെ തീരുമാനം റദ്ദാക്കി

സിഡ്‌നി: സ്വവര്‍ഗ രക്ഷകര്‍തൃത്വത്തിന് സഹായകമാകുന്ന പുസ്തകങ്ങള്‍ (same-sex parenting) ഓസ്ട്രലിയന്‍ ലൈബ്രറികളില്‍ സുലഭമായി ലഭിക്കുന്നതിനെതിരേ ചര്‍ച്ചകള്‍ സജീവമാണ്. ഇതുമായി ബന്ധപ്പെട്ട് മതവിശ്വാസികളായ മാതാപിതാക്കള്‍ ഉന്നയിക്കുന്ന ആശങ്കകള്‍ അവഗണിക്കപ്പെടുന്നതും സമീപകാല കാഴ്ച്ചയാണ്. സിഡ്‌നിയിലെ പ്രാദേശിക സിറ്റി കൗണ്‍സിലില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്.

സിഡ്‌നിയിലെ കംബര്‍ലാന്‍ഡ് സിറ്റി കൗണ്‍സിലിന്റെ കീഴിലുള്ള ലൈബ്രറികളില്‍ സ്വവര്‍ഗ രക്ഷകര്‍തൃത്വത്തിന് സഹായകമാകുന്ന പുസ്തകങ്ങള്‍ നിരോധിച്ചത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ലൈബ്രറിയിലെ കുട്ടികളുടെ വിഭാഗത്തില്‍ ലഭ്യമാക്കിയിരുന്ന ഇത്തരം പുസ്തകങ്ങള്‍ മാതാപിതാക്കളുടെ പ്രതിഷേധത്തെതുടര്‍ന്നാണ് പിന്‍വലിച്ചത്. എന്നാല്‍ സ്വവര്‍ഗാനുരാഗ ആശയങ്ങളെ പിന്തുണയ്ക്കുന്ന കൗണ്‍സില്‍ അംഗങ്ങളുടെ പിന്തുണയോടെ ഈ നിരോധനം അസാധുവാക്കിയതായി ഓസ്‌ട്രേലിയന്‍ മാധ്യമമായ എ.ബി.സി. റിപ്പോര്‍ട്ട് ചെയ്യുന്നു.

നാലുമണിക്കൂറിലേറെ നീണ്ട രൂക്ഷമായ വാദപ്രതിവാദത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം കംബര്‍ലാന്‍ഡ് സിറ്റി കൗണ്‍സിലിലെ 12 അംഗങ്ങളുടെ പിന്തുണയോടെ നിരോധനം അസാധുവാക്കുന്ന പ്രമേയം പാസാക്കിയത്. ലൈബ്രറികളിലെ കുട്ടികളുടെ വിഭാഗത്തില്‍ സ്വവര്‍ഗ രക്ഷകര്‍തൃത്വം സംബന്ധിച്ച പുസ്തകങ്ങള്‍ വീണ്ടും ലഭ്യമാക്കാനാണു തീരുമാനം.

വാദപ്രതിവാദം നടക്കുന്ന സമയത്ത് കൗണ്‍സില്‍ ചേംബറിന് പുറത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഇടതു ചിന്താഗതിയുള്ള പ്രൈഡ് ഇന്‍ പ്രൊട്ടസ്റ്റ് ഗ്രൂപ്പിലെ അംഗങ്ങളും പ്രദേശത്തെ മുതിര്‍ന്ന അംഗങ്ങളും തമ്മിലാണ് ഈ വിഷയത്തില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് ആറ് പോലീസ് ഉദ്യോഗസ്ഥരും രണ്ട് കൗണ്‍സില്‍ സുരക്ഷാ ഗാര്‍ഡുകളും ചേംബറിനുള്ളില്‍ നിലയുറപ്പിച്ചിരുന്നു. കെട്ടിടത്തിനു പുറത്തും കനത്ത പോലീസ് കാവലുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് 200ലധികം സ്വവര്‍ഗാനുകൂലികള്‍ സംഘര്‍ഷത്തിനു ശ്രമിച്ചത്.

സ്വവര്‍ഗ രക്ഷകര്‍തൃത്വം സംബന്ധിച്ച പുസ്തകങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ടെന്ന് അറിയിച്ച കൗണ്‍സിലര്‍ സ്റ്റീവ് ക്രിസ്റ്റൂവാണ് ചര്‍ച്ചയ്ക്ക് ആദ്യം തുടക്കമിട്ടത്. ഇത്തരം പുസ്തകങ്ങള്‍ കുട്ടികളുടെ വിഭാഗത്തില്‍ ലഭ്യമാക്കുന്നതിനെതിരേ കടുത്ത വിയോജിപ്പാണ് മാതാപിതാക്കള്‍ക്കുള്ളത്. പരമ്പരാഗത കുടുംബ മൂല്യങ്ങള്‍ക്ക് വിരുദ്ധമായിട്ടുള്ള ആശയങ്ങളെ പിന്തുണയ്ക്കുന്ന പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് നിയന്ത്രണങ്ങളില്ലാതെ ലഭിക്കുന്നത് അവരുടെ സ്വഭാവരൂപീകരണത്തെ ബാധിക്കും. സ്വവര്‍ഗാനുരാഗം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്ക് ലഭിക്കുന്ന അമിത പ്രചാരണങ്ങള്‍ കുട്ടികളെ ഈ പുസ്തകങ്ങളിലേക്ക് ആകര്‍ഷിക്കുമെന്നും മാതാപിതാക്കള്‍ പറയുന്നു.

ലിംഗമാറ്റ ശസ്ത്രക്രിയകള്‍ ആവശ്യപ്പെടുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്ന ഒരു സാമൂഹിക പശ്ചാത്തലത്തില്‍ കൗണ്‍സിലിന്റെ നീക്കത്തെ ആശങ്കയോടെയാണ് മാതാപിതാക്കള്‍ കാണുന്നത്. കുട്ടികളെ ലക്ഷ്യമിട്ടുള്ള ഇത്തരം ആസൂത്രിത നീക്കങ്ങളിലൂടെ അവര്‍ ആശയക്കുഴപ്പത്തിലാകുകയും അവരിലേക്ക് സ്വവര്‍ഗാനുരാഗ ആശയങ്ങള്‍ കുത്തിനിറയ്ക്കാനുള്ള സാധ്യതകള്‍ എളുപ്പമാകുകയും ചെയ്യുമെന്ന്, പരമ്പരാഗത കുടുംബ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന മാതാപിതാക്കള്‍ കരുതുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26