പ്രകൃതി ദുരന്തവും ആഭ്യന്തര കലാപവും: 2023 ല്‍ ഇന്ത്യയില്‍ പലായനം ചെയ്തത് അഞ്ച് ലക്ഷം പേര്‍; കൂടുതലും മണിപ്പൂരില്‍ നിന്ന്

പ്രകൃതി ദുരന്തവും ആഭ്യന്തര കലാപവും: 2023 ല്‍ ഇന്ത്യയില്‍ പലായനം ചെയ്തത് അഞ്ച് ലക്ഷം പേര്‍; കൂടുതലും മണിപ്പൂരില്‍ നിന്ന്

റിപ്പോര്‍ട്ട് പുറത്തുവിട്ടത് ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റേണല്‍ ഡിസ്‌പ്ലേ്‌സ്മന്റ് മോണിറ്ററിങ് സെന്റര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രകൃതി ദുരന്തങ്ങളോ ആഭ്യന്തര കലാപങ്ങളോ മൂലം 2023 ല്‍ അഞ്ച് ലക്ഷത്തിലധികം ജനങ്ങള്‍ക്ക് പലായനം ചെയ്യേണ്ടി വന്നുവെന്ന് റിപ്പോര്‍ട്ട്. ഭൂമികുലുക്കം, വെള്ളപ്പൊക്കം, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ മൂലവും ആഭ്യന്തര കലാപങ്ങള്‍ മൂലവുമാണ് ഇത്രയധികം പേര്‍ക്ക് സ്വന്തം നാടും വീടും ഉപേക്ഷിക്കേണ്ടി വന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റേണല്‍ ഡിസ്‌പ്ലേ്‌സ്മന്റ് മോണിറ്ററിങ് സെന്റര്‍ (ഐ.ഡി.എം.സി) ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

അതേസമയം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആഭ്യന്തര പലായനത്തില്‍ കുറവ് വന്നതായും റിപ്പോര്‍ട്ട് പറയുന്നു. ആഗോള തലത്തില്‍ ആഭ്യന്തര പലായനം ഏറ്റവും വര്‍ധിച്ച ഇക്കാലയളവില്‍ ഇന്ത്യയില്‍ ഇതില്‍ കുറവ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ദക്ഷിണേഷ്യയില്‍ നടന്നിട്ടുള്ള പലായനത്തിന്റെ 97 ശതമാനവും മണിപ്പൂരില്‍ നിന്നാണെന്നും റിപ്പോട്ടില്‍ പറയുന്നു.

2023 ല്‍ 7.59 കോടി പേരാണ് ആഗോളതലത്തില്‍ ആഭ്യന്തര പലായനം ചെയ്തത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതില്‍ 6.83 കോടി പേര്‍ക്ക് നാട് ഉപേക്ഷിക്കേണ്ടി വന്നത് കലാപവും സംഘര്‍ഷ സാഹചര്യങ്ങളും മൂലമാണ്. കലാപവും സംഘര്‍ഷവും കാരണം ആഭ്യന്തര പലായനത്തിന്റെ 44 ശതമാനവും നടന്നിട്ടുള്ളത് പാലസ്തീന്‍ ഉള്‍പ്പടെയുള്ള അഞ്ച് രാജ്യങ്ങളില്‍ നിന്നാണ്. പ്രകൃതി ദുരന്തങ്ങളാല്‍ മാറി താമസിക്കേണ്ടി വന്നത് 2.64 കോടി പേര്‍ക്കാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

2018 മുതലുള്ള ആഭ്യന്തര പലായനങ്ങളില്‍ കലാപം മൂലമാണ് ഏറ്റവും അധികം ആളുകള്‍ നാടു വിട്ട് പോയത്. കലാപങ്ങള്‍ കാരണം നാടു വിട്ട് പോയവരില്‍ ആരും തന്നെ സ്വന്തം നാട്ടില്‍ തിരിച്ചെത്തിയിട്ടില്ല. ഇന്ത്യയില്‍ മണിപ്പുരിലാണ് കലാപസാഹചര്യങ്ങള്‍ മൂലമുള്ള പലായനം ഏറിയത്. പ്രകൃതി ദുരന്തങ്ങള്‍ക്ക് പ്രധാന കാരണം എല്‍ നിനോ പ്രതിഭാസമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

2023 ഓടെ കുത്തനെ ഉയര്‍ന്ന എല്‍ നിനോ പ്രതിഭാസം ഇന്ത്യയില്‍ പ്രകൃതി ദുരന്തങ്ങളാലുള്ള ആഭ്യന്തര പലായനങ്ങള്‍ കുറയ്ക്കുന്നതിന് കാരണമായി. ഇത് വരണ്ട കാലവസ്ഥയിലേക്ക് നയിക്കുകയും താരതമ്യേനെ കുറവ് മഴ ലഭിക്കാന്‍ കാരണമാവുകയും വെള്ളപ്പൊക്കം മൂലമുള്ള ദുരിതങ്ങള്‍ കുറയുകയും ചെയ്തതാണ് ഇതിന് കാരണം.

ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലുണ്ടായ വെള്ളപ്പൊക്കം വലിയ നാശനഷ്ടമുണ്ടാക്കി. 2023 ഒക്ടോബറില്‍ സിക്കിമിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ ചുങ്താങ് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ അണക്കെട്ട് തകര്‍ന്നതില്‍ നൂറോളം പേര്‍ക്ക് ജീവഹാനിയുണ്ടാകുകയും 88,000 പേരെ ദുരന്തം ബാധിക്കുകയും ചെയ്തു.

2023 ജൂലൈയില്‍ ഡല്‍ഹിയില്‍ ഉണ്ടായ കനത്ത മഴയില്‍ യമുനാ നദി കവിഞ്ഞൊഴുകിയതോടെ നിരവധി പേരെയാണ് വീടുകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചത്. 1982 മുതല്‍ ലഭിച്ചതില്‍വച്ച് ഏറ്റവും ഉയര്‍ന്ന മഴയാണ് ഒറ്റ ദിവസം കൊണ്ട് ഉണ്ടായത്. 27,000 പേര്‍ ഡല്‍ഹിയില്‍ ആഭ്യന്തര പലായനം നടത്തിയതായി റിപ്പോട്ടില്‍ പറയുന്നു. ബിപ്പര്‍ജോയ് ചുഴലിക്കാറ്റ് രാജസ്ഥാന്‍, ഗുജറാത്ത് എന്നിവടങ്ങളില്‍ നിന്നായി 1,05,000 പേരുടെ പലായനത്തിന് ഇടയാക്കി.

കലാപം മൂലമുണ്ടാകുന്ന പലായനങ്ങള്‍ സുഡാന്‍, പലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വലിയ തോതില്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആഗോള തലത്തില്‍ ആഭ്യന്തര പലായനം നടത്തേണ്ടി വന്നവരുടെ എണ്ണം 2023 അവസാനത്തോടെ 7.59 കോടി ആയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.