അബുജ: നൈജീരിയയില്‍ കത്തോലിക്ക വൈദികരെ തട്ടിക്കൊണ്ട് പോകുന്നത് തുടര്‍ക്കഥ. മെയ് 15 ബുധനാഴ്ച ഒനിറ്റ്‌ഷ അതിരൂപതയിൽ നിന്നും ഫാ. ബേസിൽ ഗ്ബുസുവോയെയാണ് അവസനമായി തട്ടിക്കൊണ്ടു പോയത്. അഞ്ച് മാസത്തിനിടെ നൈജീരിയയിൽ നിന്നും തട്ടിക്കൊണ്ട് പോകുന്ന നാലാമത്തെ വൈദികനാണ് ഫാ.ബേസിൽ.
മെയ് 15 ന് രാവിലെ എട്ടുമണിയോടെ എകെ എൻക്‌പോർ - ഓബോസ് ബൈപാസിലൂടെ വാഹനമോടിക്കുമ്പോൾ ആയുധധാരികളായ ആളുകൾ ഫാ. ബേസിലിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തട്ടിക്കൊണ്ടുപോയവർ ഇതുവരെ ഒരു വെളിപ്പെടുത്തലും നടത്തിയിട്ടില്ലെന്ന് അതിരൂപതാ ചാൻസലർ ഫാ. പ്രുഡൻഷ്യസ് അരോഹ് വെളിപ്പെടുത്തി.
പ്രാദേശിക ആർച്ച് ബിഷപ്പ് വലേറിയൻ മഡുക ഒകെകെ, ഫാ. ബേസിലിന്റെ വേഗത്തിലുള്ള മോചനത്തിനായി എല്ലാവരും പ്രത്യേകം പ്രാർഥിക്കണമെന്ന് ആഹ്വാനം ചെയ്തു. മുൻ വർഷങ്ങളിൽ തട്ടിക്കൊണ്ടുപോയ മൂന്ന് വൈദികരെക്കുറിച്ച് ഇപ്പോഴും ഒരറിവുമില്ല. മോചനദ്രവ്യത്തിനായുള്ള തട്ടിക്കൊണ്ടുപോകൽ ഒരു വ്യവസായമായി മാറിയിരിക്കുന്ന നൈജീരിയയിൽ ഗുരുതരമായ സുരക്ഷാ അഭാവമാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ വർഷം നൈജീരിയയിൽ നിന്ന് 28 വൈദികരെ തട്ടിക്കൊണ്ടുപോയിരുന്നു.
നൈജീരിയയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2009 ൽ ബോക്കോ ഹറാം കലാപം ആരംഭിച്ചത് മുതൽ രാജ്യത്ത് അരക്ഷിതാവസ്ഥ അനുഭവിക്കുകയാണ്. ആഫ്രിക്കയിലെ ഏറ്റവും വലിയ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളിലൊന്നായ ഈ സംഘം രാഷ്ട്രീയ മതഭേദങ്ങളില്ലാതെ സാധാരണക്കാരെയുൾപ്പടെ എല്ലാവർക്കും നേരെ ആക്രമണങ്ങൾ നടത്തുന്നു. ഫുലാനി മിലിഷ്യ എന്ന് അറിയപ്പെടുന്ന മുസ്ലീം ഭൂരിപക്ഷമായ ഫുലാനി ഇടയന്മാരുടെ തീവ്രവാദ സംഘടനയുടെ ആക്രമണങ്ങൾ കൂടിയായപ്പോൾ രാജ്യത്തെ അരക്ഷിതാവസ്ഥ കൂടുതൽ സങ്കീർണ്ണമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.