നിരോധിച്ച നാസി മുദ്രാവാക്യം ഉപയോഗിച്ചു; ജര്‍മനിയിലെ തീവ്ര വലതുപക്ഷ നേതാവ് ബിയോണ്‍ ഹോക്കിന് പിഴ ചുമത്തി കോടതി

നിരോധിച്ച നാസി മുദ്രാവാക്യം ഉപയോഗിച്ചു; ജര്‍മനിയിലെ തീവ്ര വലതുപക്ഷ നേതാവ് ബിയോണ്‍ ഹോക്കിന് പിഴ ചുമത്തി കോടതി

ബെര്‍ലിന്‍: നിരോധിച്ച നാസി മുദ്രാവാക്യം ഉപയോഗിച്ചതിന് ജര്‍മനിയിലെ വലതുപക്ഷ നേതാവ് ബിയോണ്‍ ഹോക്കിന് ജര്‍മന്‍ കോടതി പിഴ ചുമത്തി. ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി എന്ന തീവ്ര വലതുപക്ഷ (എ.ഫ് .ഡി) പാര്‍ട്ടിയിലെ പ്രമുഖ നേതാവാണ് ജോര്‍ണ്‍ ഹോക്ക്.

2021 മെയിലെ പാര്‍ലമെന്റ് റാലിക്കിടെയാണ് അദ്ദേഹം എല്ലാം 'ജര്‍മനിക്ക് വേണ്ടി' എന്നര്‍ത്ഥം വരുന്ന Alles fur Deutschland എന്ന നിരോധിച്ച നാസി മുദ്രാവാക്യം ഉപയോഗിച്ച് പ്രസംഗം നടത്തിയത്.

കിഴക്കന്‍ ജര്‍മന്‍ നഗരമായ ഹാലെയിലെ സ്റ്റേറ്റ് കോടതിയാണ് ചൊവ്വാഴ്ച ബിയോണ്‍ ഹോക്ക് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 13000 യൂറോ (14000 ഡോളര്‍) പിഴ അടയ്ക്കാന്‍ ഉത്തരവിടുകയും ചെയ്തത്. ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ജര്‍മനിയിലെ തുരിംഗിയ സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കാനിരിക്കുകയാണ് അദ്ദേഹം. എന്നാല്‍ കോടതി വിധി മത്സരിക്കുന്നതിന് തടസമാകില്ല. ജയില്‍ ശിക്ഷയില്‍ നിന്ന് അദ്ദേഹത്തെ കോടതി ഒഴിവാക്കിയിട്ടുണ്ട്. മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.

അഡോള്‍ഫ് ഹിറ്റ്‌ലറിന്റ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച അര്‍ദ്ധ സൈനിക വിഭാഗമായ നാസി സ്യുട്ടിന്റെ മുദ്രാവാക്യങ്ങളെല്ലാം ജര്‍മനിയില്‍ നിരോധിച്ചതാണ്. എന്നാല്‍ തന്റെ ഭാഗത്തു തെറ്റില്ലെന്ന വാദവുമായാണ് മുന്‍ ചരിത്രാധ്യാപകനായ ബിയോണ്‍ ഹോക്ക് രംഗത്തു വന്നത്.

ഈ വാക്കുകള്‍ നിരോധിക്കപ്പെട്ടതായി അറിയില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകരും കോടതിയില്‍ വാദിച്ചു. മുദ്രാവാക്യം നിരോധിക്കപ്പെട്ടതാണെന്ന് ഹോക്കിന് അറിയാമായിരുന്നുവെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ജഡ്ജി വ്യക്തമാക്കി.

'ഈ വിധി നിലനില്‍ക്കുകയാണെങ്കില്‍, ജര്‍മ്മനിയില്‍ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാകും' - തന്റെ എക്സില്‍ പോസ്റ്റില്‍ ഹോക്ക് പറഞ്ഞു. തങ്ങളുടെ വിയോജിപ്പ് പുറത്തു പറയാന്‍ കഴിയാത്ത അവസ്ഥയാണിവിടെ. രാഷ്ട്രീയ എതിരാളികളെ പീഡിപ്പിക്കുന്നതിലും അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതിലും ജര്‍മ്മനി മുന്‍പന്തിയിലാണെന്നും ഹോക്ക് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.