വാഷിങ്ടണ്‍: ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരി എന്ന ബഹുമതി സ്വന്തമാക്കാനായി പൈലറ്റും സംരംഭകനുമായ ക്യാപ്റ്റന്‍ ഗോപീചന്ദ് തോട്ടകുര ഇന്ന് യാത്ര പുറപ്പെടും. ആമസോണ്‍ ഉടമ ജെഫ് ബെസോസിന്റെ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിനിന്റെ ന്യൂ ഷെപ്പേഡ്-25 (ചട25) ദൗത്യത്തിന്റെ ഭാഗമായാണ് ബഹിരാകാശത്തേക്കുള്ള യാത്ര.
30കാരനായ ഗോപീചന്ദിന് പുറമെ സുഹൃത്ത് 90-കാരനായ എഡ് ഡ്വിറ്റ് ഉള്‍പ്പെടെ അഞ്ചുപേര്‍ കൂടി ദൗത്യത്തിലുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 100 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ബഹിരാകാശ അതിര്‍ത്തി രേഖയായ കാര്‍മന്‍ ലൈനിലേക്കാണ് യാത്ര.
ഇന്ത്യന്‍ സമയം ഞായറാഴ്ച വൈകീട്ട് ഏഴിനാണ് വിക്ഷേപണം. അമേരിക്കയിലെ വെസ്റ്റ് ടെക്സാസിലുള്ള ബ്ലൂ ഒറിജിനിന്റെ ലോഞ്ച് സൈറ്റ് വണ്ണില്‍ (കോണ്‍ റാഞ്ച്) നിന്നാണ് എന്‍.എസ്-25 കുതിച്ചുയരുക. ഇതിന്റെ തത്സമയ സംപ്രേക്ഷണം ബ്ലൂ ഒറിജിനിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ ഉണ്ടാകും. മനുഷ്യരെയും വഹിച്ചുകൊണ്ടുള്ള ബ്ലൂ ഒറിജിനിന്റെ ഏഴാമത് ബഹിരാകാശ ദൗത്യമാണ് ഇത്.
ഏറ്റവും പ്രായം കൂടിയ യാത്രികനായാണ് കറുത്ത വര്‍ഗക്കാരനായ എഡ് ഡ്വിറ്റ് സംഘത്തില്‍ ഉള്‍പ്പെടുന്നത്. എഴുത്തുകാരനും ശില്‍പ്പിയും അമേരിക്കന്‍ വ്യോമസേനയിലെ മുന്‍ പൈലറ്റുമാണ് എഡ്. 90 വയസും എട്ട് മാസവും പത്ത് ദിവസവുമാണ് അദ്ദേഹത്തിന്റെ കൃത്യമായ പ്രായം. 1960-കളില്‍ വ്യോമസേനയില്‍ നിന്ന് ബഹിരാകാശയാത്രികരെ തിരഞ്ഞെടുത്ത നാസയുടെ പ്രക്രിയയില്‍ നിന്ന് എഡ് ഡ്വിറ്റിനെ ഒഴിവാക്കിയത് വിവാദമായിരുന്നു.
അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി വ്യോമസേനയുടെ പരിശീലന പരിപാടിയില്‍ പ്രവേശനം നേടുന്ന ആഫ്രിക്കന്‍-അമേരിക്കന്‍ കൂടിയാണ് അദ്ദേഹം.
ആന്ധ്ര പ്രദേശിലെ വിജയവാഡയിലാണ് ഗോപീചന്ദ് തോട്ടകുര ജനിച്ചത്. വളരെ ചെറുപ്പം തൊട്ടുതന്നെ ആകാശത്തോടും പറക്കലിനോടും അഭിനിവേശമുണ്ടായിരുന്നയാളാണ് ഗോപീചന്ദ്. ഡ്രൈവിങ് പഠിക്കുന്നതിന് മുമ്പ് തന്നെ വിമാനം പറത്താനാണ് ഗോപീചന്ദ് പഠിച്ചത്. വ്യോമയാന രംഗത്തോടുള്ള അഭിനിവേശം കൊണ്ടുതന്നെ എംബ്രി-റിഡില്‍ എയറോനോട്ടിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എയറോനോട്ടിക്കല്‍ സയന്‍സില്‍ ബിരുദവും അദ്ദേഹം നേടി.
ബുഷ് വിമാനങ്ങള്‍, എയറോബാറ്റിക് വിമാനങ്ങള്‍, സീ പ്ലേനുകള്‍, ഗ്ലൈഡറുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍ എന്നിവയെല്ലാം പറത്താന്‍ ഗോപിചന്ദ് വിദഗ്ദനാണ്. ഇപ്പോള്‍ അമേരിക്കയിലെ അറ്റ്‌ലാന്റ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് ഹാര്‍ട്ട്ഫീല്‍ഡ് ജാക്‌സണ്‍ പ്രിസര്‍വ് ലൈഫ് കോര്‍പ്പ് എന്ന സ്ഥാപനം നടത്തിവരികയാണ് ഈ യുവാവ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.