ആകാശച്ചുഴിയില്‍പ്പെട്ട് സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം: ഒരു മരണം; മുപ്പത്തിലധികം പേര്‍ക്ക് പരിക്ക്

 ആകാശച്ചുഴിയില്‍പ്പെട്ട് സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം: ഒരു മരണം; മുപ്പത്തിലധികം പേര്‍ക്ക് പരിക്ക്

ബാങ്കോക്ക്: ആകാശച്ചുഴിയില്‍ പെട്ട് സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മുപ്പത്തിലധികം പേര്‍ക്ക് പരിക്കേറ്റു.

211 യാത്രക്കാരും 18 ജീവനക്കാരുമായി ലണ്ടനില്‍ നിന്ന് സിങ്കപ്പൂരിലേക്ക് പോവുകയായിരുന്ന സിങ്കപ്പൂര്‍ എയര്‍ ലൈന്‍സിന്റെ ബോയിംഗ് 777-300 ഇ.ആര്‍ വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. തുടര്‍ന്ന് വിമാനം ബാങ്കോക്കില്‍ അടിയന്തര ലാന്‍ഡിങ് നടത്തി.

ലണ്ടനില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ഏകദേശം 11 മണിക്കൂറിന് ശേഷം ആന്‍ഡമാന്‍ കടലിലൂടെ സഞ്ചരിച്ച് തായ്ലന്‍ഡിനടുത്തെത്തിയപ്പോള്‍ വെറും അഞ്ച് മിനിറ്റിനുള്ളില്‍ വിമാനം ഏകദേശം 37,000 അടി ഉയരത്തില്‍ നിന്ന് 31,000 അടിയിലേക്ക് കുത്തനെ താഴ്ന്നു. വിമാനത്തില്‍ വലിയ കുലുക്കമുണ്ടായി.


സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നവര്‍ വിമാനത്തിലെ കുലുക്കത്തിന്റെ ആഘാതത്തില്‍ ഓവര്‍ ഹെഡ് ക്യാബിനുകളില്‍ ഇടിച്ചു. ഉടന്‍ ബാങ്കോക്കില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുകയായിരുന്നു. മുപ്പത്തിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രഥമിക വിവരമെങ്കിലും  എത്ര പേര്‍ക്ക് പരിക്കേറ്റെന്ന കാര്യത്തില്‍ ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചിട്ടില്ല.

അതേസമയം വിമാനത്തിലെ എല്ലാ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും സാധ്യമായ എല്ലാ സഹായവും നല്‍കുക എന്നതാണ് തങ്ങളുടെ മുന്‍ഗണനയെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കാന്‍ തായ്ലന്‍ഡിലെ പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.