കൊച്ചി: പെരിയാറില്‍ വന്‍തോതില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തില്‍ പ്രാഥമിക കണക്ക് പുറത്തുവിട്ട് ഫിഷറീസ് വകുപ്പ്. പെരിയാറില്‍ പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിന് താഴെയായി തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് വന്‍തോതില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത്. 150ലേറെ മത്സ്യക്കൂടുകള്‍ പൂര്‍ണമായി നശിച്ചതായി ഫിഷറീസ് വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദേശം നല്‍കിയിരുന്നു. കളക്ടര്‍ വിളിച്ച ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഇറിഗേഷന്‍, വ്യവസായ വകുപ്പ്, ആരോഗ്യ വകുപ്പ്, വാട്ടര്‍ അതോറിറ്റി, ഫിഷറീസ് വകുപ്പ് പ്രതിനിധികളെ ഉള്‍പ്പെടുത്തി അന്വേഷണക്കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സംയുക്ത അന്വേഷണം ഇന്ന് തുടങ്ങും. ഒരാഴ്ചക്കകം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ കെ. മീര ഇന്ന് എടയര്‍ വ്യവസായ മേഖലയിലെത്തും.
കോടികളുടെ നഷ്ടമാണ് മത്സ്യക്കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വരാപ്പുഴ, ചേരാനല്ലൂര്‍, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത്. കൊച്ചി കോര്‍പ്പറേഷന്‍ മേഖലയിലേയ്ക്കും പുഴവെള്ളം ഒഴുകിയതായി ഫിഷറീസ് വകുപ്പ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കരിമീന്‍, പൂളാന്‍, പള്ളത്തി, കാളാഞ്ചി അടക്കമുള്ള മത്സ്യങ്ങളാണ് വ്യാപകമായി ചത്തുപൊങ്ങിയത്. റെഗുലേറ്റര്‍ കം ബ്രിഡ്ജിന് താഴെ പെരിയാറിലെ വെള്ളത്തിന് നിറംമാറ്റം തുടങ്ങിയിരുന്നു.
പ്രദേശം വ്യവസായ മേഖലയായതിനാല്‍ പുഴയിലേക്ക് രാസമാലിന്യം ഒഴുക്കിയതിന്റെ ഫലമായാണോ മത്സ്യക്കുരുതി എന്നറിയാന്‍ സി.സി.ടി.വി ക്യാമറകള്‍ പരിശോധിക്കും. രാസമാലിന്യം കലര്‍ന്നിട്ടുണ്ടെങ്കില്‍ കുറ്റക്കാരായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എണ്‍വയണ്‍മെന്റല്‍ എന്‍ജിനിയറോട് കളക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
സംഭവ സ്ഥലത്ത് നിന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ശേഖരിച്ച മീനിന്റെയും ജലത്തിന്റെയും സാമ്പിള്‍ പരിശോധനയ്ക്കായി കുഫോസ് സെന്‍ട്രല്‍ ലാബിന് നല്‍കി. ഒരാഴ്ചക്കുള്ളില്‍ ഫലം ലഭിക്കും. അതേസമയം, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, പിസിബി) അനാസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഇന്ന് എലൂര്‍ പിസിബി ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തും.
പെരിയാറിലെ മത്സ്യക്കുരുതിയില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈബി ഈഡന്‍ എം.പി ആവശ്യപ്പെട്ടു. കമ്പനികളില്‍ നിന്ന് രാസമാലിന്യങ്ങള്‍ പുഴയിലേക്കൊഴുക്കിയെന്ന് സംശയമുണ്ട്. സി.എം.എഫ്.ആര്‍.ഐ പോലുള്ള വിദദ്ധ ഏജന്‍സികളുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണം. മത്സ്യ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും എം.പി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.